Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തിന്റെ മുഖവുമായി ക്വിഡ്

Renault Kwid

ഇന്ത്യൻ വാഹന വിപണിലെ മാറുന്ന മുഖമാണ് ക്വിഡ്. കുറച്ചുകാലം മുമ്പുവരെ ഹാച്ച് ബാക്കുകളും സെഡാനുകളുമെല്ലാമായിരുന്നു നമ്മുടെ മനസിലെ ഇഷ്ടവാഹനങ്ങളെങ്കിൽ ഇപ്പോള്‍ എസ് യു വികളുടെ മുഖമുള്ള വാഹനങ്ങളിലേയ്ക്ക് പ്രീയം മാറിക്കൊണ്ടിരിക്കുന്നു. മിനി എസ് യു വികളും ക്രോസ്ഹാച്ചുകളുമെല്ലാം വിപണിയിൽ മുന്നേറുമ്പോൾ എസ് യു വിയുടെ രൂപഗുണമുള്ള വാഹനം പുറത്തിറക്കി എൻ‌ട്രി ഹാച്ച്ബാക്ക് സെഗ്മെന്റിലേയ്ക്ക് ചേക്കേറാനൊരുങ്ങുകയാണ് റെനോ. ക്വിഡ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കാർ രൂപം കൊണ്ട് ചെറിയൊരു എസ് യു വിയും വിലകൊ‌‌ണ്ട് ചെറു ഹാച്ചുമാ‌ണ്.

Renault Kwid

ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിൽപ്പനയുള്ള സെഗ്മെന്റാണ് എൻട്രിലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റ്. മാരുതിയും ഹ്യുണ്ടായ് യുമെല്ലാം നിറഞ്ഞാടുന്ന സെഗ്മെന്റിലേയ്ക്കൊരു കാറിനെ പുറത്തിറക്കുമ്പോൾ വെറുതെ ഇറക്കിയിട്ട് കാര്യമില്ലെന്ന് റെനോയ്ക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ മെയ് യിൽ ചെന്നൈയിൽ വെച്ചാണ് ക്രോസ് ഓവറിന്റെ ലുക്കുള്ള ചെറുഹാച്ചിനെ റെനോ പുറത്തിറക്കിയത്. ഇന്ത്യയിലും ഇന്തോനേഷ്യയിലും ബ്രസീലിലുമടക്കം നിരവധി രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന വാഹനത്തിന് എസ് യു വിയുടെ രൂപം നല്‍കിയത് ഇന്ത്യൻ ഉപഭോക്താക്കളെ മുന്നിൽ കണ്ടുതന്നെയാണ്. ‌‌ കുറഞ്ഞ വിലയും മികച്ച മൈലേജും ഭേദപ്പെട്ട രൂപവുമായിരുന്നു എൻട്രിലെവൽ സെഗ്മെന്റിലെ വാഹനങ്ങളുടെ വിജയ മന്ത്രം. എന്നാൽ റ‌െനോ ഇതിന്റെ കൂടെ സ്പോർട്ടിയറായ രൂപവും എന്നുകൂടി എഴുതിച്ചേർത്തിരിക്കുകയാണ്. സ്റ്റൈലിന്റേയും ഭംഗിയുടേയും കാര്യത്തിൽ സെഗ്മെന്റിലെ വാഹനങ്ങളെ നിഷ്പ്രഭരാക്കിയിരിക്കുന്നു ക്വി‍‍ഡ്. സ്പോർട്ടിയറായ മുൻഭാഗവും മസ്കുലറായ വശങ്ങളും പിൻഭാഗവുമെല്ലാം ചേരുമ്പോള്‍ മികച്ച രൂപമാണ് ക്വിഡിന് കൈവന്നിരിക്കുന്നത്.

തദ്ദേശീയമായി സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണ് റെനോ ‘ക്വിഡിനെ നിർമ്മിച്ചിരിക്കുന്നത്. കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണെന്നും കമ്പനി പറയുന്നു. റെനോയും നിസ്സാനും ചേർന്ന് 2013 ൽ വികസിപ്പിച്ച പുതിയ ‘സി എം എഫ് പ്ലാറ്റ്ഫോമിലാണ് ക്വിഡ് നിർമ്മിച്ചിരിക്കുന്നത്.

Renault Kwid

പരുക്കന്‍ രൂപഭാവമുള്ള ഫ്രണ്ട് ബമ്പറും ഉയര്‍ന്ന ബോണറ്റും ക്രീസ് ലൈനും ക്വിഡ്ഡിന് ബേബി ഡസ്റ്റര്‍ രൂപഭംഗി നല്‍കുന്നു. ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പിന്റെ രൂപകല്‍പ്പനയും മുന്നിലെ എയര്‍ഡാമും ഹാച്ച്ബാക്ക് കാറിനെക്കാള്‍ എസ് യു വിയുടേതിന് സമാനമാണ്. പിന്നിലെ വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങുകള്‍ എന്നിവയും വാഹനത്തിന് നല്‍കുന്നത് സ്‌പോര്‍ട്ടി രൂപഭംഗിയാണ്.

ഉള്ളിലെ നിലവാരത്തിന്റെ കാര്യത്തിലും ക്വിഡ് ഒരുപടി മുന്നിലാണ്.‌ സെഗ്മെന്റിലെ ആദ്യ ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ ക്വിഡിലാണ്. അതുപോലെ തന്നെ മികച്ച നിലവാരമുള്ള ഇന്‍റീരിയർ ഘടകങ്ങളും വാഹനത്തിന്റെ പ്രത്യേകതയാണ്. ഏഴ് ഇഞ്ച് ടച് സ്ക്രീൻ ഡിസ്പ്ലേ സഹിതമുള്ള നാവിഗേഷൻ സംവിധാനവും എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിലെ പുതുമയാണ്.

300 ലിറ്റർ എന്ന വലിയ ബൂട്ട് സ്പെയ്സാണ് വാഹനത്തിന്. ഓള്‍ട്ടോയും ഇയോണും 145/80 ആർ 12 ഇഞ്ച് വീലുകളുള്ളപ്പോൾ ക്വിഡിന്റേത് 155/80 ആർ 13 വീലുകളാണ്. ഓള്‍ട്ടോ 800നെക്കാളും ഇയോണിനെക്കാളും വലിപ്പം കൂടിയ വാഹനം ക്വിഡ് തന്നെയാണ്. ഓൾട്ടോ 800നെക്കാൾ 60 എംഎമ്മും ഇയോണിനെക്കാൾ 40 ‌എംഎമ്മും വീൽബെയ്സും ക്വി‍ഡിന് കൂടുതലുണ്ട്. 180 എം എമ്മാണ് ഗ്രൗണ്ട് ക്രിയറൻസ്.

Renault Kwid

റെനോ — നിസ്സാൻ സഖ്യം വികസിപ്പിച്ച പുതിയ 793 സി സി, മൂന്നു സിലിണ്ടർ എൻജിനാണു‘ക്വിഡി’നു കരുത്തേകുന്നത്. 5678 ആർപിഎമ്മിൽ 54 ബി എച്ച് പി കരുത്തും 4386 ആർപിഎമ്മിൽ 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ട്രാൻസ്മിഷൻ. 660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്, അതായത് രാജ്യത്തെ ‌ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള പെട്രോൾ കാറും ക്വിഡ് തന്നെയാണെന്നർഥം.

അടിസ്ഥാന മോഡലിനു പുറമെ ‘ആർ എക്സ് ഇ’, ‘ആർ എക്സ് എൽ’, ‘ആർ എക്സ് ടി’ വകഭേദങ്ങളിലും ‘ക്വിഡ്’ വിൽപ്പനയ്ക്കുണ്ടാവും. കാഴ്ചപ്പകിട്ടിൽ ‘ക്വിഡ്’ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവുമായി വിപണിയിലെത്തുന്ന കാറിന് മാരുതിയുടേയും ഹ്യുണ്ടായ് യുടേയും വിശ്വാസ്യതയെ മറിക‌ടന്ന് മുന്നേറാനാവുമോയെന്ന് കണ്ടറിയാം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 3-4 ലക്ഷത്തിനിടയിലായിരിക്കും വില എന്നാണ് അറിയുന്നത്.