Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി ‘ക്വിഡ്’; ബുക്കിങ് 25,000 പിന്നിട്ടു

KWID

ഇന്ത്യൻ കാർ വിപണിയിൽ വില തന്നെയാണു താരമെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണു ഫ്രഞ്ച് നിർമാതാക്കളായ റെനോയിൽ നിന്നുള്ള പുതുമുഖമായ ‘ക്വിഡ്’. ഔദ്യോഗികമായി വിൽപ്പനയ്ക്കെത്തുംമുമ്പു തന്നെ കാൽലക്ഷത്തോളം ഇന്ത്യക്കാർ ‘ക്വിഡ്’ തേടിയെത്തിയത് കാറിന്റെ ആകർഷക വിലയിൽ മയങ്ങിയാണെന്നു വ്യക്തം. കഴിഞ്ഞ 24ന് അനാവരണം ചെയ്ത കാറിനുള്ള ബുക്കിങ്ങുകൾ സെപ്റ്റംബർ 14 മുതൽ(ചില സ്ഥലങ്ങളിൽ ഓഗസ്റ്റ് അവസാനവാരം മുതലും) തന്നെ റെനോ ഇന്ത്യ സ്വീകരിച്ചു തുടങ്ങിയിരുന്നു; മാസമൊന്നു പൂർത്തിയാവുംമുമ്പേ 25,000 ബുക്കിങ്ങുകളാണു ‘ക്വിഡ്’ സ്വന്തമാക്കിയതെന്നാണു കമ്പനിയുടെ കണക്ക്.

എൻട്രി ലവൽ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന മാരുതി സുസുക്കി ‘ഓൾട്ടോ’യെയും ഹ്യുണ്ടായ് ‘ഇയോണി’നെയുമൊക്കെയാണു ‘ക്വിഡി’ലൂടെ റെനോ വെല്ലുവിളിക്കുന്നത്. പേശീബലമുള്ള എസ് യു വികളെ അനുസ്മരിപ്പിക്കുന്ന രൂപകൽപ്പനയ്ക്കപ്പുറം ‘ക്വിഡി’ന്റെ വില നിർണയത്തിലെ മികവിലൂടെയാണ് റെനോ ഈ വിഭാഗത്തിൽ തരംഗം തീർക്കുന്നത്. അടിസ്ഥാന വകഭേദത്തിന് 2.56 ലക്ഷം രൂപയും മുന്തിയ മോഡലിന് 3.53 ലക്ഷം രൂപയും ഷോറൂം വില നിശ്ചയിച്ചാണു റെനോ ‘ക്വിഡി’നെ പടയ്ക്കിറക്കിയത്.

അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്ന് ‘ക്വിഡി’ന് ആവശ്യക്കാരെ കണ്ടെത്താനും കമ്പനിക്കായി. ഇതുവരെ ലഭിച്ച 25,000 ബുക്കിങ്ങിലും 35 ശതമാനമെങ്കിലും രാജ്കോട്ട്, നാഗ്പൂർ, നാസിക്, ജലന്ധർ, ലുധിയാന തുടങ്ങിയ രണ്ടാംനിര, മൂന്നാം നിര പട്ടണങ്ങളിൽ നിന്നാണത്രെ. പോരെങ്കിൽ കാർ തേടിയെത്തിയവരിൽ 40 ശതമാനത്തോളം 28 വയസിൽ താഴെയുള്ളവരാണ്. ബുക്കിങ് നടത്തിയവരിൽ വനിതകളുടെ വിഹിതമാവട്ടെ 15 ശതമാനത്തോളവും. പ്രായഭേദദവും ദേശഭേദവുമില്ലാതെ വിപണിയിൽ ആവേശം സൃഷ്ടിക്കാൻ ‘ക്വിഡി’നു സാധിച്ചെന്നാണു റെനോ ഇന്ത്യ മാനേജിങ് ഡയറക്ടർ സുമിത് സാഹ്നിയുടെ അവകാശവാദം. റെനോ ബ്രാൻഡിനു ലഭിച്ച അംഗീകാരത്തിനു തെളിവാണ് പരിമിതദിനങ്ങൾക്കുള്ളിൽ ‘ക്വിഡ്’ നേടിയ ബുക്കിങ്ങെന്നും അദ്ദേഹം കരുതുന്നു. ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലന ചെലവുമാണു ‘ക്വിഡി’നു സ്വീകാര്യത നേടിക്കൊടുത്ത പ്രധാന ഘടകങ്ങളെന്നും സാഹ്നി വിലയിരുത്തുന്നു.

നിലവിൽ രാജ്യത്ത് 175 ഡീലർഷിപ്പുകളുള്ളത് വർഷാവസാനത്തോടെ 210 ആയി ഉയരുമെന്നാണു റെനോയുടെ വാഗ്ദാനം. കൂടുതൽ സ്ഥലങ്ങളിലേക്കു സാന്നിധ്യം വ്യാപിപ്പിക്കുംവരെ ‘ക്വിഡി’നായി വികസിപ്പിച്ച സവിശേഷ മൊബൈൽ ആപ്ലിക്കേഷനും വെർച്വൽ ഷോറൂമുമൊക്കെയായി കൂടുതൽ ഇടപാടുകാരിൽ എത്താനാണു റെനോയുടെ ശ്രമം. ഇതുവരെ 2.30 ലക്ഷത്തോളം പേർ ‘ക്വിഡ് ആപ്’ ഡൗൺലോഡ് ചെയ്തെന്നാണു കമ്പനിയുടെ കണക്ക്; കാറിനെക്കുറിച്ചു കൂടുതൽ അറിയാൻ മാത്രമല്ല ബുക്കിങ് നടത്താനും ഈ ആപ് സഹായിക്കും.

ഇന്ത്യൻ കാർ വിപണിയിൽ 25 ശതമാനത്തോളമാണ് നാലു ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന എൻട്രി ലവൽ വിഭാഗത്തിന്റെ വിഹിതം. വിവിധ കാരണങ്ങളാൽ കാര്യമായ ഉണർവ് രേഖപ്പെടുത്താതെ തുടർന്ന വിഭാഗത്തിൽ ‘ക്വിഡി’ന്റെ വരവ് കാര്യമായ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ‘ഓൾട്ടോ’യുമായി മാരുതി സുസുക്കി പ്രതിമാസം 20,000 — 30,000 യൂണിറ്റ് വിൽപ്പന നേടുന്ന വിഭാഗത്തിൽ ഹ്യുണ്ടായ് ‘ഇയോണി’ന്റെ ശരാശരി വിൽപ്പന 4,000 — 6,000 യൂണിറ്റാണ്. അടിസ്ഥാന മോഡലിന് 2.89 ലക്ഷം രൂപ വിലയുള്ള ‘ഓൾട്ടോ’യെ അപേക്ഷിച്ച് 30,000 രൂപ കുറവുള്ള ‘ക്വിഡി’ന്റെ വരവോടെ ഈ വിഭാഗത്തിലെ വിൽപ്പനയിൽ കാര്യമായ പുരോഗതി രേഖപ്പെടുത്തുമെന്നാണു പ്രതീക്ഷ; ‘ഇയോണി’നെ അപേക്ഷിച്ച് 54,000 രൂപ വിലക്കുറവുണ്ട് ‘ക്വിഡി’ന്. പോരെങ്കിൽ ഈ വിഭാഗത്തിൽ ഇതാദ്യമായി ഏഴ് ഇഞ്ച് ടച് സ്ക്രീൻ, മീഡിയ — നാവിഗേഷൻ സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വൺ ടച് ലൈൻ ചേഞ്ച് ഇൻഡിക്കേറ്റർ തുടങ്ങിയവയൊക്കെ ലഭ്യമാക്കിയ റെനോ, ‘ക്വിഡി’ന്റെ മുന്തിയ വകഭേദം 3.53 ലക്ഷം രൂപയ്ക്കാണു വിൽപ്പനയ്ക്കെത്തിക്കുന്നത്.