Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലക്ഷം പിന്നിട്ട് റെനോ ‘ക്വിഡ്’

KWID

ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ ജാതകം തിരുത്തിയ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. നിരത്തിലെത്തി ഒരു വർഷം പിന്നിടുന്ന വേളയിലാണു ‘ക്വിഡ്’ ഈ തകർപ്പൻ നേട്ടം സ്വന്തമാക്കുന്നത്. നിലവിൽ റെനോ ഇന്ത്യയുടെ വിൽപ്പനയിൽ സിംഹഭാഗവും സംഭാവന ചെയ്യുന്നതും ‘ക്വിഡ്’ തന്നെ. കഴിഞ്ഞ ജനുവരി — സെപ്റ്റംബർ കാലത്തിനിടെ റെനോ ഇന്ത്യ കൈവരിച്ച 87,000 യൂണിറ്റ് വിൽപ്പനയിൽ 65,000 എണ്ണവും ‘ക്വിഡ്’ ആയിരുന്നെന്നു കമ്പനി കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വെളിപ്പെടുത്തുന്നു. മികച്ച വിജയം വരിച്ചു മുന്നേറുന്ന ‘ക്വിഡി’ന്റെ രണ്ടു പുതു വകഭേദങ്ങളും റെനോ ഇന്ത്യ ഇതിനിടെ പുറത്തിറക്കി: കരുത്തേറിയ ഒരു ലീറ്റർ എൻജിനുള്ള മോഡലും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) സഹിതമുള്ള ‘ക്വിഡ് ഈസി — ആറും’. ഈ പുതുമോഡലുകൾ കൂടിയെത്തിയതോടെ ‘ക്വിഡി’ന്റെ ജനപ്രീതി വീണ്ടും ഉയർന്നെന്നാണു റെനോയുടെ അവകാശവാദം.

ആഭ്യന്തര വിപണിയിലെ മികവ് ‘ക്വിഡ്’ വിദേശ രാജ്യങ്ങളിലും ആവർത്തിക്കുന്നതും റെനോയ്ക്കു നേട്ടമായിട്ടുണ്ട്. ബ്രസീലിലും ‘ക്വിഡ്’ നിർമിക്കുന്നുണ്ടെങ്കിലും ഇന്ത്യയാവും ഈ കാറിന്റെ കയറ്റുമതി ഹബ്വെന്നു റെനോ നിസ്സാൻ സഖ്യത്തിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കാർലോസ് ഘോസ്ൻ വ്യക്തമാക്കിയിട്ടുണ്ട്. തുടക്കത്തിൽ സാർക് മേഖലയിലെ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലേക്കാണു ‘ക്വിഡ്’ കയറ്റുമതി ചെയ്യുന്നത്.

കാറിന്റെ അടിസ്ഥാന മോഡലിനു കരുത്തേകുന്നത് മികവു തെളിയിച്ച 796 സി സി, മൂന്നു സിലണ്ടർ പെട്രോൾ എൻജിനാണ്; 53 ബി എച്ച് പി വരെ കരുത്തും 72 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷഅടിക്കുക. കരുത്തേറിയ ‘ക്വിഡി’ലുള്ളത് 999 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണ്. ഈ എൻജിന് 67 ബി എച്ച് പി വരെ കരുത്തും 91 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോസ്കിനു പുറമെ എ എം ടി സഹിതവും ഒരു ലീറ്റർ ‘ക്വിഡ്’ വിൽപ്പനയ്ക്കുണ്ട്. ഇന്ത്യയിൽ മാരുതി സുസുക്കി ‘ഓൾട്ടോ കെ 10’, ‘സെലേറിയൊ’ , ഹ്യുണ്ടേയ് ‘ഐ 10’, ടാറ്റ ‘ടിയാഗൊ’ തുടങ്ങിയവയാണു ‘ക്വിഡി’ന്റെ എതിരാളികൾ; 2.64 ലക്ഷം മുതൽ 3.95 ലക്ഷം രൂപ വരെയാണു ‘ക്വിഡി’നു ഡൽഹിയിലെ ഷോറൂം വില.