Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ ‘ക്വിഡി’നു കരുത്തേകാൻ 1000 സി സി എൻജിനും

Renault Kwid Renault Kwid

വർഷാവസാനത്തിനു മുമ്പ് വിപണിയിലെത്തുമെന്നു കരുതുന്ന ചെറുകാറായ ‘ക്വിഡി’നു കരുത്തേറിയ 1,000 സി സി പെട്രോൾ എൻജിനും പരിഗണനയിൽ. നേരത്തെ ‘ക്വിഡി’നു കരുത്തേകാൻ 800 സി സി പെട്രോൾ എൻജിൻ മാത്രമാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ തിരഞ്ഞെടുത്തിരുന്നത്.

ദീപാവലി ഉത്സവക്കാലത്തു വിൽപ്പനയ്ക്കെത്തുമെന്നു കരുതുന്ന ‘ക്വിഡി’നു തുടക്കത്തിൽ 800 സി സി എൻജൻ മാത്രമാണുണ്ടാവുക. അതേസമയം അരങ്ങേറ്റം കഴിഞ്ഞുള്ള മാസങ്ങളിലും പുതിയ പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചു കാറിലുള്ള താൽപര്യം നിലനിർത്താനാണു റെനോയുടെ തീരുമാനം. അതുകൊണ്ടുതന്നെ കാർ വിപണിയിലെത്തി ആറേഴു മാസത്തിനുള്ളിൽ കരുത്തേറിയ ഒരു ലീറ്റർ എൻജിൻ സഹിതവും ‘ക്വിഡ്’ ലഭ്യമായി തുടങ്ങുമെന്നാണു സൂചന.

ശേഷി കുറഞ്ഞ എൻജിനെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ വകഭേദത്തിനൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) ഘടിപ്പിക്കാനും റെനോ ആലോചിക്കുന്നുണ്ട്. വില നിയന്ത്രിക്കാനായി എ എം ടി ഗീയർബോക്സ് സ്വന്തം നിലയ്ക്കു വികസിപ്പിക്കാനാണു റെനോയുടെ പദ്ധതി. ഇതോടെ എ എം ടി സഹിതം വിൽപ്പനയ്ക്കെത്തുന്ന മാരുതി സുസുക്കി ‘ഓൾട്ടോ കെ 10’ മോഡലിനോടാവും ‘ക്വിഡി’ന്റെ പ്രധാന മത്സരമെന്നും ഉറപ്പായി.

വിപുല സാധ്യതകളുള്ള ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം ആധാരമാക്കിയാണു റെനോ ‘ക്വിഡ്’ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റെനോയ്ക്കു പുറമെ പങ്കാളികളായ നിസ്സാന്റെയും ബജറ്റ് ബ്രാൻഡായ ഡാറ്റ്സനുമെല്ലാം ഈ പ്ലാറ്റ്ഫോം അടിത്തറയാക്കി പുതിയ കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. പോരെങ്കിൽ ‘ക്വിഡും’ അതിന് അടിത്തറയായ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോമും യാഥാർഥ്യമാക്കിയതിന്റെ പെരുമയും ചെന്നൈയിലെ റെനോ — നിസ്സാൻ ശാലയ്ക്ക് അവകാശപ്പെട്ടതാണ്.

ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിർമിച്ചതെന്ന പെരുമയോടെയാവും ‘ക്വിഡി’ന്റെ വരവ്; കാറിന്റെ 97 ശതമാനത്തോളം ഘടകങ്ങളും റെനോ പ്രാദേശികമായി സമാഹരിച്ചവയാണ്. മാരുതി സുസുക്കിയൊഴികെ ഇന്ത്യയിൽ കാർ നിർമിക്കുന്ന വിദേശ വാഹന നിർമാതാക്കൾക്കൊന്നും അവകാശപ്പെടാനാവാത്ത നേട്ടമാണ് ഇതോടെ റെനോയ്ക്കു സ്വന്തമാവുന്നത്. കാറിന്റെ വില നാലു ലക്ഷം രൂപയിൽ താഴെയാവണമെന്ന നിർബന്ധ ബുദ്ധി മൂലമാണു റെനോ പ്രാദേശിക നിർമിത ഘടകങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം നൽകിയത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.