Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്വിഡ്’ പ്ലാറ്റ്ഫോമിൽ കൂടുതൽ മോഡലുകൾക്കു റെനോ

KWID

തകർപ്പൻ വിജയം നേടി മുന്നേറുന്ന ‘ക്വിഡി’ന് അടിത്തറയാവുന്ന കോമൺ മൊഡ്യൂൾ ഫാമിലി ആർക്കിടെക്ചർ(സി എം എഫ് — എ) പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി കൂടുതൽ മോഡലുകൾ പുറത്തിറക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയ്ക്കു പദ്ധതി. റെനോയുടെ പങ്കാളിയും ജാപ്പനീസ് നിർമാതാക്കളുമായ നിസ്സാനും ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം അടിത്തറയാക്കി വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്. ‘സി എം എഫ് — എ’ പ്ലാറ്റ്ഫോമിൽ റെനോ പുറത്തിറക്കിയ ആദ്യ മോഡലായിരുന്നു ‘ക്വിഡ്’; ഈ എൻട്രി ലവൽ ഹാച്ച്ബാക്കിന് ഉജ്വല വരവേൽപ്പാണ് ഇന്ത്യൻ വിപണിയിൽ ലഭിച്ചത്. തുടർന്ന് ഇതേ പ്ലാറ്റ്ഫോമിൽ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ സാക്ഷാത്കരിച്ച ‘ടോൾ ബോയ്’ ഹാച്ച്ബാക്കായ ‘റെഡി ഗോ’യും ഈയിടെ അരങ്ങേറ്റം കുറിച്ചു.

നാലു മീറ്റർ വരെ നീളമുള്ള കാറുകൾ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോമിൽ നിർമിക്കാനാവുമെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വെളിപ്പെടുത്തി. ഈ സാധ്യത പ്രയോജനപ്പെടുത്തി വിവിധ വിഭാഗങ്ങളിൽ പുതുമയാർന്ന മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു. സമീപ ഭാവിയിൽ ഓരോ വർഷവും ഓരോ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണു റെനോയുടെ തീരുമാനം. ഇതിൽ പലതും ആഗോള വിപണി ലക്ഷ്യമിട്ട് ഇന്ത്യയിൽ നിർമിക്കുന്ന മോഡലുകളാവുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ വിൽപ്പനയിൽ 70 ശതമാനത്തോളം നാലു മീറ്ററിൽ താഴെ നീളമുള്ള കാറുകളാണ്; അതിനാൽ ഈ വിഭാഗത്തിലേക്ക് ‘സി എം എഫ് — എ’ പ്ലാറ്റ്ഫോമാകും കമ്പനി പ്രയോജനപ്പെടുത്തുക. അവശേഷിക്കുന്ന വിഭാഗങ്ങളിൽ ആഗോള ശ്രേണിയിൽ നിന്നുള്ള മോഡലുകളാവും റെനോ അവതരിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

ഭാവി ഉൽപന്നങ്ങളെപ്പറ്റി സാഹ്നി സൂചന നൽകിയില്ലെങ്കിലും ‘സി എം എഫ് — എ’ പ്ലാറ്റ്ഫോമിൽ റെനോ പുതിയ ക്രോസോവറും കോംപാക്ട് സെഡാനും കോംപാക്ട് എസ് യു വിയുമൊക്കെ പുറത്തിറക്കാനാണു സാധ്യത. വേറിട്ട വ്യക്തിത്വത്തിനായി മോഡലുകളുടെ രൂപകൽപ്പനയിലും സംവിധാനങ്ങളിലുമൊക്കെയാവും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. എൻട്രി ലവൽ വിഭാഗത്തിലെ ഏറ്റവും വലിയ കാർ എന്ന പെരുമയോടെ എത്തിയ ‘ക്വിഡി’ന് ബൾജിങ് ആർച്ചും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും 300 ലീറ്റർ ബൂട്ട്സ്പേസുമൊക്കെയാണു റെനോ നൽകിയത്; ഒപ്പം ടച് സ്ക്രീൻ നാവിഗേഷൻ സിസ്റ്റം പോലുള്ള അധിക സൗകര്യവുമൊരുക്കി. ഇതൊക്കെ കടമെടുത്തതാവട്ടെ റെനോ ശ്രേണിയിൽ ഏറ്റവും വിജയം കൊയ്ത എസ് യു വിയായ ‘ഡസ്റ്ററി’ൽ നിന്നാണെന്നതും ശ്രദ്ധേയമാണ്. ‘ക്വിഡി’ന്റെ സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ കാറിന്റെ പുതു വകഭേദങ്ങൾ പുറത്തിറക്കുമെന്നും സാഹ്നി വ്യക്തമാക്കി. ശേഷിയേറിയ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’നു പുറമെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഉള്ള മോഡലും വൈകാതെ വിൽപ്പനയ്ക്കെത്തും. കൂടാതെ കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘ക്വിഡ് റേസർ’, ‘ക്വിഡ് ക്ലൈംബർ’ മോഡലുകൾ റെനോ പുറത്തിക്കുന്നുണ്ട്.
 

Your Rating: