Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാക്സി വിഭാഗത്തിൽ വിറ്റു ‘ലോഡ്ജി’യെ കരകയറ്റാൻ റെനോ

renault-lodgy Renault Logdy

സ്ഥാപനങ്ങൾക്കുള്ള മൊത്ത വിൽപ്പന പ്രോത്സാഹിപ്പിച്ചു വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോഡ്ജി’യൂടെ ജാതകം തിരുത്താൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ. സർക്കാർ വകുപ്പുകൾക്ക് ‘ലോഡ്ജി’ വിൽക്കാൻ അനുമതി ലഭിച്ചെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വെളിടുത്തി. ഇതോടൊപ്പം ടാക്സി മേഖലയിലെ ഫ്ളീറ്റ് ഓണർമാർക്കും ‘ലോഡ്ജി’ ലഭ്യമാക്കി വാഹന വിൽപ്പന മെച്ചപ്പെടുത്താനാണു റെനോ ലക്ഷ്യമിടുന്നത്. മാരുതി സുസുക്കി ‘ഡിസയർ ടൂർ’ പോലെ ഫ്ളീറ്റ് വിഭാഗത്തിനായി ‘ലോഡ്ജി’യുടെ പ്രത്യേക പതിപ്പും റെനോ പുറത്തിറക്കിക്കഴിഞ്ഞു. വൈകാതെ ‘ലോഡ്ജി’ വിൽപ്പനയുടെ പകുതിയും ഈ മേഖലയിൽ നിന്നാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. നിലവിൽ നാനൂറോളം ‘ലോഡ്ജി’യാണു കമ്പനി നേടുന്ന പ്രതിമാസ വിൽപ്പന.

renault-lodgy-1 Renault Lodgy

ടാക്സി വിഭാഗത്തിനുള്ള വിൽപ്പനയുടെ നേട്ടം ഈ മാസത്തെ കണക്കുകളിൽ തന്നെ പ്രതിഫലിക്കുമെന്നാണു സാഹ്നിയുടെ പ്രതീക്ഷ. തുടക്കത്തിൽ തന്നെ ‘ലോഡ്ജി’യുടെ പ്രതിമാസ വിൽപ്പന 1,000 യൂണിറ്റ് പിന്നിടുമെന്നും അദ്ദേഹം കരുതുന്നു. 1,500 — 2,000 യൂണിറ്റ് നിലവാരത്തിൽ ‘ലോഡ്ജി’യുടെ പ്രതിമാസ വിൽപ്പന സ്ഥിരത കൈവരിക്കുമെന്നാണു സാഹ്നിയുടെ കണക്കുകൂട്ടൽ. ‘ലോഡ്ജി’യുടെ അവതരണത്തിനു മുമ്പ് ഇന്ത്യയിലെ എം പി വി വിൽപ്പന 10 ശതമാനത്തിലേറെ വളർച്ച കൈവരിച്ചാണു മുന്നേറിയിരുന്നത്. എന്നാൽ റെനോ രംഗത്തെത്തിയ പിന്നാലെ ഈ മേഖലയിലെ വിൽപ്പന വളർച്ച ഇടിഞ്ഞു. ഇക്കൊല്ലത്തെ വിൽപ്പനയിലാവട്ടെ 20% വരെ കുറവുണ്ടെന്നു സാഹ്നി വിശദീകരിക്കുന്നു. അതേസമയം ഫ്ളീറ്റ് മേഖലയിലേക്കുള്ള രംഗപ്രവേശം ‘ലോഡ്ജി’യുടെ നില ഭദ്രമാക്കുമെന്ന് സാഹ്നി കരുതുന്നു. ഇന്ത്യയിലെ എം പി വി വിൽപ്പനയിൽ 60 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ് എന്ന കണക്കുകളാവണം സാഹ്നിക്കു പ്രതീക്ഷ പകരുന്നത്.

renault-lodgy-2 Renault Lodgy

വ്യക്തിഗത വിഭാഗത്തെ ലക്ഷ്യമിട്ട് അടുത്ത വർഷത്തോടെ ‘ലോഡ്ജി’യുടെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദവും പുറത്തെത്തുമെന്നാണു സൂചന. എ എം ടി വകഭേദങ്ങൾക്ക് ഇന്ത്യയിൽ മികച്ച സ്വീകാര്യതയുണ്ടെന്ന വസ്തുതയാണ് റെനോയെ ഈ പരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. ടാക്സി മേഖലയിൽ നിന്നു പോലും ഈ മോഡലിന് ആവശ്യക്കാരുണ്ടാവുമെന്നു സാഹ്നി പ്രതീക്ഷിക്കുന്നു. ധകാ കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററി’ന്റെ എ എം ടി വകഭേദം അടുത്തയിടെ റെനോ അവതരിപ്പിച്ചിരുന്നു; നിലവിൽ ‘ഡസ്റ്റർ’ വിൽപ്പനയിൽ 15 ശതമാനത്തോളം ഈ മോഡലിന്റെ സംഭാവനയാണ്. കൂടാതെ ജനപ്രിയ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ എ എം ടി പതിപ്പും ദീപാവലി ഉത്സവകാലത്തോടെ പുറത്തിറക്കാൻ റെനോ തയാറെടുക്കുന്നുണ്ട്. ജനപ്രീതിയാർജിച്ചു മുന്നേറുന്ന ‘ക്വിഡി’ന്റെ പിൻബലത്തിൽ 12,000 യൂണിറ്റോളമാണു റെനോ ഇപ്പോൾ കൈവരിക്കുന്ന പ്രതിമാസ വിൽപ്പന. ഇന്ത്യയിലെ വാർഷിക വിൽപ്പന ലക്ഷം യൂണിറ്റ് കടത്താൻ ഈ പ്രകടനം പര്യാപ്തമാണെന്ന വിശ്വാസത്തിലാണു കമ്പനി.
 

Your Rating: