Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിലേക്കു വില കുറഞ്ഞ വൈദ്യുത കാറുമായി റെനോ നിസ്സാൻ

nissan-leaf Nissan Leaf

ചൈനീസ് വിപണി ലക്ഷ്യമിട്ടു വില കുറഞ്ഞ വൈദ്യുത കാർ വികസിപ്പിക്കാൻ ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാണ സഖ്യമായ റെനോ നിസ്സാൻ ഒരുങ്ങുന്നു. രണ്ടു വർഷത്തിനകം 8,000 ഡോളർ (ഏകദേശം 5,31,500 രൂപ) വിലയുള്ള വൈദ്യുത കാർ വിൽപ്പനയ്ക്കെത്തിക്കാനാണു ശ്രമമെന്നു റെനോ നിസ്സാൻ ചീഫ് എക്സിക്യൂട്ടീവ് കാർലോസ് ഘോസ്ൻ വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ശ്രമങ്ങൾ മലിനീകരണ വിമുക്ത വാഹനങ്ങൾക്കുള്ള ആവശ്യം കുത്തനെ ഉയർത്തുമെന്നും അദ്ദേഹം വിലയിരുത്തി. ബാറ്ററി വില കുറഞ്ഞതിനൊപ്പം ഈ മേഖലയിൽ സർക്കാരുകൾ നൽകുന്ന ആനുകൂല്യം വർധിച്ചതും വാഹന ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം വികസിച്ചതുമൊക്കെ വൈദ്യുത വാഹന വാഹന വിപണിക്ക് ഉണർവേകിയിട്ടുണ്ടെന്നും ലിസ്ബനിൽ നടന്ന വെബ് ഉച്ചകോടിയിൽ ഘോസ്ൻ അഭിപ്രായപ്പെട്ടു. സമീപ ഭാവിയിൽ വൈദ്യുത കാറുകൾക്കു വാഹന വ്യവസായത്തിൽ വലിയ പങ്കു സ്വന്തമാവുമെന്നും അദ്ദേഹം വിലയിരുത്തി.

വ്യാപക വിൽപ്പന ലക്ഷ്യമിട്ട് 2008 മുതൽ തന്നെ നിസ്സാൻ വൈദ്യുത വാഹനങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഏറെ ജനപ്രീതി നേടിയ ‘ലീഫി’ന്റെ സാന്നിധ്യവും ഈ രംഗത്തു നിസ്സാന് മുൻകൈ നൽകുന്നുണ്ട്. എന്നാൽ ചൈനീസ് വിപണിയിൽ എതിരാളികളായ ബി വൈ ഡി, ഷിഡു, എസ് എ ഐ സി തുടങ്ങിയ കമ്പനികൾ അവതരിപ്പിക്കുന്ന വില കുറഞ്ഞ മോഡലുകളോട് മത്സരിക്കാൻ ‘ലീഫി’നു കഴിയുന്നില്ലെന്നതാണു യാഥാർഥ്യം. അതേസമയം, ചൈനയിൽ പരിസ്ഥിതി മലിനീകരണം അപകടകരമായ തലത്തിലേക്ക് ഉയരുന്നത് വൈദ്യുത വാഹനങ്ങൾക്കു മികച്ച സാധ്യത സൃഷ്ടിക്കുന്നുണ്ടെന്നു ഘോസ്ൻ കരുതുന്നു. ചൈനീസ് വിപണിയിൽവില കുറഞ്ഞ, ചെറിയ വൈദ്യുത കാറുകൾക്കുള്ള ആവശ്യം കുതിച്ചുയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. വൈദ്യുത കാർ മേഖലയിലെ മേധാവിത്തം മുതലെടുത്ത് ചൈനയിലെ ഈ സാധ്യത പ്രയോജനപ്പെടുത്താനാണു കമ്പനി ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

വൈദ്യുത വാഹനങ്ങൾക്കു മികച്ച പിന്തുണയാണു ചൈനയിൽ ലഭിക്കുന്നത്. 2016ൽ ആഗോളതലത്തിൽ പുറത്തിറങ്ങിയ വൈദ്യുത കാറുകളിൽ മൂന്നിലൊന്നും വിറ്റതു ചൈനയിലാണെന്നും ഘോസ്ൻ ഓർമിപ്പിച്ചു. അതേസമയം റെനോ നിസ്സാൻ സഖ്യത്തിൽ നിന്നു പ്രതീക്ഷിക്കുന്ന പുതിയ മോഡലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഘോസ്ൻ വെളിപ്പെടുത്തിയില്ല. ചൈനയിൽ പ്രാദേശിക പങ്കാളിയായ ഡോങ്ഫെങ്ങുമായി സഹകരിച്ചാണു റെനോ നിസ്സാന്റെ പ്രവർത്തനം. സർക്കാരിൽ നിന്നുള്ള ആനുകൂല്യം കൂടാതെ 8,000 ഡോളറിനു വൈദ്യുത കാർ വിൽക്കുകയാണു സഖ്യത്തിന്റെ ലക്ഷ്യമെന്ന് ഘോസ്ൻ വ്യക്തമാക്കി. ചൈനീസ് നിർമിത യന്ത്രഘടകങ്ങളുടെ ഗണ്യമായ സാന്നിധ്യവും കാറിലുണ്ടാവും. രണ്ടു വർഷത്തിനുള്ളിൽ ഈ കാർ വിൽപ്പനയ്ക്കെത്തിക്കാനാണു പദ്ധതിയെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: