Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റകുറ്റപ്പണി: റെനോ നിസ്സാൻ ശാല 29 വരെ പൂട്ടി

renault-nissan

വാർഷിക അറ്റകുറ്റപ്പണിക്കായി ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ കാർ നിർമാണശാല ഒരാഴ്ച അടച്ചിടാൻ ഫ്രഞ്ച് — ജാപ്പനീസ് സഖ്യമായ റെനോ നിസ്സാൻ തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച അറ്റകുറ്റപ്പണികൾ തീർക്കാൻ 22 മുതൽ 29 വരെയാണ് ശാല അടച്ചിടുകയെന്നു റെനോ നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ അറിയിച്ചു. വർഷത്തിൽ രണ്ടു തവണയാണു ശാല അടച്ചുള്ള അറ്റകുറ്റപ്പണികൾ റെനോ നിസ്സാൻ നടത്താറുള്ളത്; മേയിലും ഡിസംബറിലുമാണ് ഈ പരിപാലന പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

‘ക്വിഡ്’ പോലുള്ള മോഡലുകൾക്കുള്ള ആവശ്യം കുത്തനെ ഉയർന്നതു പരിഗണിച്ച് ഒരഗടത്തെ ശാലയിൽ അടുത്തയിടെ മൂന്നാം ഷിഫ്റ്റിലും ഉൽപ്പാദനം ആരംഭിച്ചിരുന്നു. മാത്രമല്ല, ഈ വർഷം തുടക്കത്തിൽ ശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം 10 ലക്ഷം യൂണിറ്റിലെത്തുകയും ചെയ്തു. ചെന്നൈ നഗരത്തിൽ നിന്ന് 55 കിലോമീറ്ററകലെയാണു റെനോ നിസ്സാൻ ശാല സ്ഥിതി ചെയ്യുന്നത്. പ്രതിവർഷം 4.80 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയ്ക്കായി റെനോയും നിസ്സാനും ചേർന്ന് 4,500 കോടിയോളം രൂപയാണ് ഇതുവരെ നിക്ഷേപിച്ചത്. ‘ക്വിഡി’നു പുറമെ എസ് യു വിയായ ‘ഡസ്റ്റർ’, എം പി വിയായ ‘ലോജി’ തുടങ്ങിയവയാണ് റെനോ ഈ ശാലയിൽ നിർമിക്കുന്നത്; നിസ്സാനാവട്ടെ ഹാച്ച്ബാക്കായ ‘മൈക്ര’, ഇടത്തരം സെഡാനായ ‘സണ്ണി’ തുടങ്ങിയവയാണ് ഒരഗടത്തു നിർമിക്കുന്നത്.