Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്വിഡ്’ ബ്രസീലിലേക്കും; ഉൽപ്പാദനം വർധിപ്പിക്കുമെന്നു റെനോ

Renault Kwid Renault Kwid

ബ്രസീലിലേക്കു കാർ കയറ്റുമതി ആരംഭിക്കുന്നതിനു മുന്നോടിയായി എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ ഉൽപ്പാദനം വർധിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കു പദ്ധതി. ആഭ്യന്തര വിപണിയുടെ ആവശ്യവും കയറ്റുമതിയും പരിഗണിച്ച് ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള ശാലയിൽ നിന്നുള്ള പ്രതിമാസ ഉൽപ്പാദനം മാർച്ച് മുതൽ 10,000 യൂണിറ്റിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. റെനോ ഇന്ത്യയിൽ നിർമിച്ചു കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ കാറാണു ‘ക്വിഡ്’; നിലവിൽ ‘ഡസ്റ്റർ’ മാത്രമാണു കമ്പനി ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്നത്. വിപണിയിലെത്തിയതു മുതൽ ഉജ്വല വരവേൽപ്പാണു‘ക്വിഡ്’ നേടിയത്; നാലു മാസത്തിനിടെ ഒരു ലക്ഷത്തിലേറെ ബുക്കിങ്ങുകൾ സ്വന്തമാക്കിയാണു കാർ ജൈത്രയാത്ര നടത്തിയത്. ഇതോടെ 2017 അവസാനം ഇന്ത്യൻ വിപണിയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാൻ മോഹിച്ചിരുന്ന റെനോയ്ക്ക് ഇപ്പോൾ തന്നെ 4.5% വിഹിതവും കൈവന്നു.

Renault Kwid Renault Kwid

ആഭ്യന്തര വിപണിയിലെ വിജയത്തിന്റെ പകിട്ടോടെയാണ് അടുത്ത മാസം ബ്രസീലിലേക്കുള്ള ‘ക്വിഡ്’ കയറ്റുമതി തുടങ്ങുന്നതെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. സെമി നോക്ക്ഡ് ഡൗൺ(എസ് കെ ഡി) കിറ്റ് വ്യവസ്ഥയിലാവും ‘ക്വിഡ്’ ബ്രസീലിലെത്തുക. ചെറിയ തോതിലെങ്കിലും നിലവിൽ കോംപാക്ട് എസ് യു വിയായ ‘ഡസ്റ്ററും’ ഇന്ത്യയിൽ നിന്നു ബ്രസീലിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. ‘ക്വിഡി’ന്റെ കാര്യത്തിലും കയറ്റുമതി ചെയ്യുന്ന കാറുകളുടെ എണ്ണം വെളിപ്പെടുത്താൻ സാഹ്നി വിസമ്മതിച്ചു.

Renault Kwid Renault Kwid

ആഭ്യന്തര വിപണിയിലെ ആവശ്യം നിറവേറ്റാനാണ് ‘ക്വിഡ്’ ഉൽപ്പാദനം വർധിപ്പിക്കുന്നതെന്നു സാഹ്നി വിശദീകരിച്ചു. ‘ക്വിഡി’ന്റെ പ്രതിമാസ ഉൽപ്പാദനം 6,000 യൂണിറ്റായിരുന്നത് 8,000 ആയും മാർച്ചോടെ 10,000 ആയും വർധിപ്പിക്കാനാണു റെനോയുടെ ശ്രമം. നിലവിൽ അഞ്ചും ആറും മാസം കാത്തിരുന്നാണു പലരും പുത്തൻ ‘ക്വിഡ്’ സ്വന്തമാക്കുന്നത്. ഉൽപ്പാദനം ഉയരുന്നതോടെ കാറിനുള്ള കാത്തിരിപ്പ് മൂന്നു മാസമായി കുറയ്ക്കാനാവുമെന്നും അദ്ദേഹം കരുതുന്നു.

Renault Kwid Renault Kwid

‘ക്വിഡ്’ സമ്മാനിച്ച തകർപ്പൻ വിജയം പിൻബലമാക്കി ഇന്ത്യൻ വിപണിയിൽ അഞ്ചു ശതമാനം വിഹിതം ഇക്കൊല്ലം തന്നെ സ്വന്തമാക്കാനാവുമെന്നും സാഹ്നി കണക്കുകൂട്ടുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ 3.8% വിഹിതമുണ്ടായിരുന്നതാണു ഡിസംബറിൽ 4.5% ആയി ഉയർന്നത്. ഇതിൽ ‘ഡസ്റ്ററി’നൊപ്പം ‘ക്വിഡും’ മികച്ച സംഭാവന നൽകിയെന്നു സാഹ്നി വിലയിരുത്തുന്നു. ഇക്കൊല്ലത്തെ വാഹന വിൽപ്പന ഒരു ലക്ഷം യൂണിറ്റിനു മുകളിലത്തിക്കാനാവുമെന്നും റെനോ സ്വപ്നം കാണുന്നുണ്ട്. 2015 ജനുവരി — ഡിസംബർ കാലത്തെ വിൽപ്പന 54,000 കാറുകളായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.