Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ എൻജിന്റെ ഭാവി ആശങ്കാജനകമെന്നു റെനോ

renault-kaptur

യൂറോപ്യൻ വിപണികളിലെങ്കിലും ഡീസൽ എൻജിനുകളുടെ കാലം കഴിയുകയാണെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഉൾപ്പെട്ട ‘പുകമറ’ വിവാദത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ വിപണികൾ നിശ്ചയിച്ച കർശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനുള്ള അധിക ചെലവിനെക്കുറിച്ചു കമ്പനി നടത്തിയ പഠനമാണ് ഈ സൂചന നൽകുന്നത്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ നിരോധിത സോഫ്റ്റ്വെയർ ഘടിപ്പിച്ചാണു ഫോക്സ്വാഗൻ പുലിവാലു പിടിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണു കമ്പനി ഡീസൽ എൻജിനുകളിൽ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ‘ഡീസൽഗേറ്റ്’ വിവാദം ആഗോളതലത്തിൽ ചർച്ചയായതോടെയാണ് വരുംവർഷങ്ങളിലെ വിപണന തന്ത്രങ്ങൾ പൊളിച്ചെഴുതാൻ റെനോയെ പോലെ യൂറോപ്പിലെ പ്രധാന വാഹന നിർമാതാക്കൾ നടപടി തുടങ്ങിയത്.

റെനോയും ഫ്രാൻസിൽ നിന്നു തന്നെയുള്ള പ്രധാന എതിരാളികളായ പ്യുഷൊയും ഡീസൽ സാങ്കേതികവിദ്യയിൽ വൻ നിക്ഷേപം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, ‘ഡീസൽഗേറ്റി’ന്റെ പശ്ചാത്തലത്തിലും ഡീസൽ എൻജിനുകളുടെ ഭാവി ശോഭനമാണെന്ന നിലപാടാണു കമ്പനികൾ തുടക്കത്തിൽ സ്വീകരിച്ചത്.എന്നാൽ ഡീസൽ മേഖലയിലെ നിക്ഷേപ സാധ്യത മങ്ങുകയാണെന്നു കഴിഞ്ഞ ജൂലൈയിൽ തന്നെ റെനോ ചീഫ് കോംപെറ്റിറ്റീവ്നെസ് ഓഫിസർ തിയറി ബൊളോർ അംഗീകരിച്ചു. ഡീസൽ സാങ്കേതികവിദ്യ ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിക്കുമോ എന്ന സംശയം പോലും അദ്ദേഹം ഉന്നയിച്ചെന്നാണു സൂചന. കൈവരിക്കാൻ ബുദ്ധിമുട്ടുള്ള നിലവാരവും കർശന പരിശോധനകളും സാങ്കേതികവിദ്യയ്ക്കുള്ള ചെലവ് കുത്തനെ ഉയർത്തും. ഇതോടെ ഡീസലിനു പുറത്തേക്കുള്ള വഴി തെളിയുമെന്നാണു ബൊളോറിന്റെ വിലയിരുത്തൽ. അതേസമയം ഈ വിഷയത്തിൽ റെനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗ്യാസൊലിനെ അപേക്ഷിച്ചു വിലയേറിയതെങ്കിലും കൂടുതൽ കാര്യക്ഷമതയുള്ള ഡീസൽ എൻജിനുകൾ ‘ട്വിംഗൊ’ പോലെ ‘എ’ വിഭാഗത്തിലെ ചെറുകാറുകളിൽ നിന്ന് റെനോ ഒഴിവാക്കിക്കഴിഞ്ഞു. ഇന്ധനവിലയിലെ ലാഭം എൻജിനുകളുടെ വിലയെ അപേക്ഷിച്ചു കുറവാണെന്ന തിരിച്ചറിവാണു ‘ഡീസൽഗേറ്റി’നു മുമ്പേ ഈ നിലപാട് സ്വീകരിക്കാൻ റെനോയെ നിർബന്ധിതരാക്കിയത്. നാലു വർഷത്തിനകം 2020ൽ മലിനീകരണ നിയന്ത്രണത്തിൽ യൂറോ ആറ് നിലവാരം നടപ്പാവുന്നതോടെ ‘ബി’ വിഭാഗം കാറുകളിൽ നിന്നു കൂടി ഡീസൽ അരങ്ങൊഴിയുമെന്നു റെനോ പ്രവചിക്കുന്നു. ഇതോടെ സബ് കോംപാക്ടായ ‘ക്ലിയൊ’യിൽ നിന്നു മാത്രമല്ല, ‘സി’ വിഭാഗത്തിലെ ‘മെഗെയ്ൻ’ ഹാച്ച്ബാക്കിൽ നിന്നുമൊക്കെ ഡീസൽ എൻജിൻ പടിയിറങ്ങും. 

Your Rating: