Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെനോ ക്വിഡിന് വേണ്ടിയുള്ള കാത്തിരിപ്പ് കുറയും

KWID Renault Kwid

എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’നു ലഭിച്ച ഉജ്വല സ്വീകരണത്തെ തുടർന്നു ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള റെനോ — നിസ്സാൻ നിർമാണശാലയിൽ മൂന്നാമത്തെ ഷിഫ്റ്റിൽ ഉൽപ്പാദനം തുടങ്ങി. റെനോയിൽ നിന്നുള്ള ചെറുകാറായ ‘ക്വിഡ്’ ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പിന് വിരാമമിടാനാണു ഫ്രഞ്ച് നിർമാതാക്കൾ ഏപ്രിൽ ഒന്നു മുതൽ ഒരഗടം ശാലയിൽ മൂന്നാം ഷിഫ്റ്റിനു തുടക്കമിടുന്നത്. ഒരഗടം ശാലയിൽ നിന്നുള്ള ഉൽപ്പാദനം വർധിപ്പിക്കുന്ന കാര്യം റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാർച്ച് അവസാനത്തോടെ ‘ക്വിഡി’ന്റെ പ്രതിമാസ ഉൽപ്പാദനം 10,000 യൂണിറ്റിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതുവഴി പുതിയ ‘ക്വിഡ്’ ലഭിക്കാനുള്ള കാത്തിരിപ്പ് മൂന്നു മാസമായി കുറയ്ക്കാനാവുമെന്നാണു റെനോയുടെ പ്രതീക്ഷ; നിലവിൽ ആറും ഏഴും മാസം കാത്തിരുന്നാണു പലരും പുതിയ ‘ക്വിഡ്’ സ്വന്തമാക്കുന്നത്.

Renault Kwid Renault Kwid

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെയും പങ്കാളിയായ റെനോയുടെയും കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുമെല്ലാം ഒരഗടം ശാലയിലാണു പിറവിയെടുക്കുന്നത്. 2010 മാർച്ചിൽ പ്രവർത്തനം തുടങ്ങിയ ശാലയെ ആശ്രയിച്ചാണ് ഇരുപങ്കാളികളും ആഭ്യന്തര വിൽപ്പനയ്ക്കൊപ്പം കയറ്റുമതി വിപണികളുടെ ആവശ്യവും നിറവേറ്റുന്നത്. ഇതുവരെ രണ്ടു ഷിഫ്റ്റിൽ പ്രവർത്തിച്ചിരുന്ന ശാലയിൽ നിന്നു ദിവസവും ആയിരത്തോളം കാറുകളാണു പുറത്തിറങ്ങിയിരുന്നത്. മൂന്നാം ഷിഫ്റ്റ് കൂടി തുടങ്ങുന്നതോടെ ഉൽപ്പാദനം 1,600 യൂണിറ്റോളമായിട്ടാണ് ഉയരുക. ഒരഗടത്തെ മൊത്തം കാർ ഉൽപ്പാദനത്തിൽ 80 ശതമാനത്തോളമാണു റെനോയുടെ വിഹിതം; അവശേഷിക്കുന്നതാണു നിസ്സാന്റെ സംഭാവന. പുതിയ ഷിഫ്റ്റ് ആരംഭിക്കാനായി രണ്ടായിരത്തോളം ജീവനക്കാരെ കൂടി പുതുതായി നിയമിക്കാനും റെനോ — നിസ്സാൻ സഖ്യം നടപടി തുടങ്ങി. മൂന്നാം ഷിഫ്റ്റ് വരുന്നതോടെ പരോക്ഷമായി 2,500 പേർക്കു കൂടി ജോലി ലഭിക്കുമെന്നാണു പ്രതീക്ഷ. ശാലയിലേക്കും യന്ത്രഘടക നിർമാണ യൂണിറ്റുകളിലേക്കും സപ്ലയർമാർക്കുമൊക്കെയുള്ള നിയമന നടപടികളും പുരോഗമിക്കുന്നുണ്ട്.

Renault Kwid Renault Kwid

സെഡാനായ ‘സണ്ണി’, കോംപാക്ട് കാറായ ‘മൈക്ര’, എസ് യു വിയായ ‘ടെറാനൊ’ തുടങ്ങിയവയും ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ മോഡലുകളുമാണ് നിസ്സാൻ ഒരഗടത്ത് ഉൽപ്പാദിപ്പിക്കുന്നത്. മിനി കാറായ ‘ക്വിഡ്’, ചെറുകാറായ ‘പൾസ്’, എസ് യു വിയായ ‘ഡസ്റ്റർ’, സെഡാനായ ‘സ്കാല’, വിവിധോദ്ദേശ്യ വാഹനമായ ‘ലോജി’ തുടങ്ങിയവയാണു റെനോ ചെന്നൈയിൽ നിർമിക്കുന്ന മോഡലുകൾ. ഇതിൽ ‘പൾസ്’ നിസ്സാൻ ‘മൈക്ര’യുടെയും ‘സ്കാല’ നിസ്സാൻ ‘സണ്ണി’യുടെയും ബാഡ്ജ് എൻജിനീയറിങ് വകഭേദങ്ങളാണ്. നിസ്സാൻ ശ്രേണിയിൽ ‘ടെറാനൊ’ റെനോയുടെ ‘ഡസ്റ്ററി’ന്റെ ബാഡ്ജ് എൻജിനീയറിങ് രൂപാന്തരമാണ്. അതിനിടെ ഡാറ്റ്സന്റെ ചെറുകാറായ ‘റെഡി ഗോ’യുടെ പരീക്ഷണ ഉൽപ്പാദനവും ഒരഗടം ശാലയിൽ ആരംഭിച്ചിട്ടുണ്ട്. ‘ക്വിഡി’ന്റെ അടിത്തറയായ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണു ഡാറ്റ്സൻ ഈ പുതിയ കാർ വികസിപ്പിച്ചിരിക്കുന്നത്.

Your Rating: