Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലം: റെനോയും ടാറ്റയും പ്രത്യേക ക്യാംപ് തുറക്കുന്നു

new-duster

വാഹന ഉടമകൾക്കായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ മഴക്കാലം പ്രമാണിച്ചു പ്രത്യേക സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നു. വിശദ പരിശോധനയിലൂടെ മഴക്കാലത്തും കാറുകളുടെ മികച്ച പ്രകടനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ ‘മൺസൂൺ ക്യാംപ്’ വെള്ളിയാഴ്ച മുതൽ 21 വരെയാണു നടക്കുക. ക്യാംപിലെത്തുന്ന വാഹന ഉടമകൾക്ക് ആകർഷക ഇളവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ‘ക്വിഡി’ന്റെ എ സി ഫിൽറ്റർ വിലയിൽ 50 ശതമാനവും വൈപ്പർ ബ്ലേഡിനും ബ്രേക്ക് ഘടകങ്ങൾക്കും 20 ശതമാനവും വിലക്കിഴിവ് അനുവദിക്കും. മൂല്യവർധിത സേവന നിരക്കിൽ 15% ആണ് ഇളവ്. കൂടാതെ അക്സസറി വിലയിലും ലേബർ ചാർജിലുമൊക്കെ ഇളവ് ലഭ്യമാണ്. റോഡ് സൈഡ് അസിസ്റ്റൻസും എക്സ്റ്റൻഡഡ് വാറന്റിയും ചേരുന്ന ‘റെനോ സെക്വർ’ നിരക്കിൽ 10% ഇളവാണ് അനുവദിക്കുക.

‘ക്വിഡ്’ പോലുള്ള പുതുമോഡലുകളുടെ അവതരണവും വിപണന ശൃംഖല വിപുലീകരണവുമൊക്കെ ചേർന്ന് ഇന്ത്യയിൽ കമ്പനിയുടെ വളർച്ച അടുത്ത ഘട്ടത്തിലെത്തിച്ചിട്ടുണ്ടെന്നാണു റെനോ ഇന്ത്യയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കമ്പനി ഉൽപന്നങ്ങളും സേവനങ്ങളും ഉപയോക്താക്കളുടെ തൊട്ടടുത്ത് എത്തിക്കാനാണു പുതിയ ശ്രമം. നിലവിൽ ഇന്ത്യയിൽ 210 വിൽപ്പന പോയിന്റുകളുള്ളത് വർഷാവസാനത്തോടെ 270 ആക്കുമെന്നും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്.

tiago-tata

മഴക്കാലം പ്രമാണിച്ചു ടാറ്റ മോട്ടോഴ്സ് സംഘിപ്പിക്കുന്ന സൗജന്യ വാഹന പരിശോധനാ ക്യാംപിനും വെള്ളിയാഴ്ച തുടക്കമാവും. 21 വരെ തുടരുന്ന ക്യാംപിൽ യാത്രാവാഹനങ്ങളും യൂട്ടിലിറ്റി വാഹനങ്ങളുമാണു കമ്പനി പരിശോധിക്കുക; രാജ്യത്തെ 285 നഗരങ്ങളിലെ 533 വർക്ക്ഷോപ്പുകളും ക്യാംപിൽ പങ്കെടുക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. മഴക്കാല ക്യാംപുകളിൽ വാഹനം സൗജന്യമായി പരിശോധിക്കുന്നതിനു പുറമെ യഥാർഥ സ്പെയർ പാർട്സ് വിലയിലും ലേബർ ചാർജിലും 20% ഇളവും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിവിധ അനുബന്ധ ഘടക നിർമാതാക്കളുടെ സഹകരണത്തോടെ അക്സസറി, ലൂബ്രിക്കന്റ് വിലയിലും മൂല്യ വർധിത സേവനങ്ങളിലും 10% കിഴിവും ക്യാംപിൽ ലഭ്യമാണ്. ഇവയ്ക്കു പുറമെ ടയറിനും ബാറ്ററിക്കും ആനുകൂല്യങ്ങൾ നിലവിലുണ്ട്. മഴക്കാലത്തു സുരക്ഷിത യാത്രയ്ക്കുള്ള മാർഗനിർദേശങ്ങളും ക്യാംപിൽ നൽകും.

സൗജന്യ ടോപ് വാഷ്, 40 പോയിന്റുള്ള സമഗ്ര വാഹന പരിശോധന, പഴയ ബാറ്ററി നൽകി പുതിയതു വാങ്ങുന്നവർക്ക് 1,000 രൂപ വരെ ഇളവ്, റോഡ് സൈഡ് അസിസ്റ്റൻസ് പോളിസിക്കു പ്രത്യേക ആനുകൂല്യം തുടങ്ങിയവയാണു ക്യാംപിലെ മറ്റു വാഗ്ദാനങ്ങൾ. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ക്യാംപിൽ പങ്കെടുപ്പിക്കുന്ന ഉപയോക്താക്കൾക്ക് അടുത്ത സർവീസ് വേളയിൽ ഇളവുകൾ പ്രതീക്ഷിക്കാം. തിരഞ്ഞെടുത്ത വർക്ഷോപ്പുകളിൽ പുതുതലമുറ മോഡലുകളായ ‘ടിയാഗൊ’, ‘സെസ്റ്റ്’, ‘ബോൾട്ട്’ എന്നിവയുടെ ടെസ്റ്റ് ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്. പഴയതു മാറ്റി പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ഉടനടി വായ്പ സൗകര്യം, പലിശ ഇളവ് തുടങ്ങിയവും ലഭ്യമാക്കിയിട്ടുണ്ടെന്നു ടാറ്റ മോട്ടോഴ്സ് അറിയിച്ചു.  

Your Rating: