Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാകിസ്ഥാനിൽ കാർ നിർമാണശാല സ്ഥാപിക്കാൻ റെനോ

renault-lodgy

പാകിസ്ഥാൻ കാർ വിപണിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ രാജ്യത്തു പുതിയ നിർമാണശാല സ്ഥാപിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഒരുങ്ങുന്നു. 2018നകം റെനോയുടെ കാർ നിർമാണശാല പ്രവർത്തനക്ഷമമാവുമെന്നു പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. പാകിസ്ഥാനിൽ ബ്രാൻഡ് വികസിപ്പിക്കാനായി നിർമാണശാലയടക്കമുള്ള മാർഗങ്ങൾ പരിഗണിക്കുന്നുണ്ടെന്നു റെനോയും ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കാലങ്ങളായി ജാപ്പനീസ് നിർമാതാക്കൾക്കാണു പാക് കാർ വിപണിയിൽ ആധിപത്യം. വാഹന വിപണിയിലെ ഈ മേധാവിത്തം മുതലെടുത്ത് സുസുക്കിയും ടൊയോട്ടയും ഹോണ്ടയുമൊക്കെ ഗൂഢാലോചന നടത്തി ഗുണനിലവാരം കുറഞ്ഞ മോഡലുകൾ പാക്കിസ്ഥാനിൽ ഉയർന്ന വിലയ്ക്കു വിൽക്കുന്നെന്ന ആക്ഷേപവും ശക്തമാണ്. ഈ സാഹചര്യത്തിലാണു വിദേശ വാഹന നിർമാതാക്കളെ ആകർഷിക്കാൻ പാക് സർക്കാർ നടപടികൾ ആരംഭിച്ചത്.

ഫ്രാൻസിൽ നിന്നുള്ള റെനോ പാകിസ്ഥാനിൽ നിക്ഷേപത്തിനു സന്നദ്ധത പ്രകടിപ്പിച്ചതായി രാജ്യത്തെ നിക്ഷേപ ബോർഡാണു വെളിപ്പെടുത്തിയത്. 2018നുള്ളിൽ കമ്പനി ആഭ്യന്തര ഉൽപ്പാദനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.റെനോയ്ക്കു പുറമെ ഫോക്സ്വാഗൻ, പ്യുഷൊ, ഫിയറ്റ്, നിസ്സാൻ തുടങ്ങിയ നിർമാതാക്കളുമായും ബോർഡ് ചർച്ചകൾ നടത്തിയിരുന്നെന്നു ചെയർമാൻ മിഫ്താ ഇസ്മായിൽ അറിയിച്ചു. സെപ്റ്റംബറിൽ പാക് ധനമന്ത്രി ഇഷാക് ദർ നടത്തിയ ഫ്രഞ്ച് സന്ദർശനത്തിനിടെയാണു റെനോ പാകിസ്ഥാനിൽ കാർ നിർമാണശാല സ്ഥാപിക്കുന്നതു സംബന്ധിച്ച് അന്തിമധാരണയായത്. പാകിസ്ഥാനിൽ ബ്രാൻഡ് വികസിപ്പിക്കാൻ ഗാന്ധാര, അൽ ഫുട്ടെയ്മ് ഗ്രൂപ്പുകളുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നു ഗ്രൂപ് റെനോ വെളിപ്പെടുത്തി. കറാച്ചിക്കടുത്ത് ഗാന്ധാര സൈറ്റിൽ പുതിയ നിർമാണശാല സ്ഥാപിക്കാനുള്ള സാധ്യതയും പരിഗണനയിലാണ്.

പുതിയ കാറുകൾക്കുള്ള വർധിച്ച ആവശ്യം മുൻനിർത്തി വിദേശ നിർമാതാക്കളെ പാകിസ്ഥാനിലേക്ക് ആകർഷിക്കാൻ 2013ൽ അധികാരമേറ്റതു മുതൽ പ്രധാനമന്ത്രി നവാസ് ഷെറീഫ് ശ്രമിക്കുന്നുണ്ട്. ഉൽപ്പാദനത്തിലെയും ലഭ്യതയിലെയും പരിമിതികൾ മൂലം പുതിയ കാർ ലഭിക്കാൻ പാകിസ്ഥാനിൽ നാലു മാസത്തോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു പുതിയ കാർ നിർമാണ ശാല സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ സൗജന്യമായി ഇറക്കുമതി ചെയ്യാൻ കഴിഞ്ഞ മാർച്ചിൽ സർക്കാർ അനുമതി നൽകിയത്.  

Your Rating: