Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെപ്സോൾ ലൂബ്രിക്കന്റുകൾ ഇന്ത്യയിലും

repsol

സ്പാനിഷ് ഓയിൽ കമ്പനിയായ റെപ്സോളിന്റെ ലൂബ്രിക്കന്റുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. ഗൾഫ് പെട്രോകെം ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ജി പി പെട്രോളിയംസാണു റെപ്സോളിനെ ഇന്ത്യയിലെത്തിച്ചത്. റെപ്സോൾ ശ്രേണിയിലെ ലൂബ്രിക്കന്റുകൾ ഇന്ത്യയിൽ നിർമിക്കാനും വിപണനം ചെയ്യാനുമുള്ള കരാർ കഴിഞ്ഞ വർഷമാണു ജി പി പെട്രോളിയംസും സ്പാനിഷ് കമ്പനിയുമായി ഒപ്പിട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയിൽ ഈ വിഭാഗത്തിനുള്ള ലൂബ്രിക്കന്റുകളിലാവും റെപ്സോൾ തുടക്കത്തിൽ ശ്രദ്ധിക്കുക. വരും വർഷങ്ങളിൽ കാറുകൾക്കും ഹെവി ഡ്യൂട്ടി വിഭാഗത്തിനുമുള്ള ലൂബ്രിക്കന്റുകളിലേക്കു കൂടി റെപ്സോൾ പ്രവർത്തനം വ്യാപിപ്പിക്കും. കടുത്ത മത്സരം നിലനിൽക്കുമ്പോഴും ഇന്ത്യൻ ലൂബ്രിക്കന്റ് വിപണി മികച്ച വളർച്ചാ സാധ്യതയാണു സമ്മാനിക്കുന്നതെന്നു ഗൾഫ് പെട്രോളിയം ഗ്രൂപ് മാനേജിങ് ഡയറക്ടർ സുധീർ ഗോയൽ അഭിപ്രായപ്പെട്ടു.

ഗുണനിലവാരത്തിന്റെ കാര്യത്തിൽ ബദ്ധശ്രദ്ധരായതിനാൽ ഇന്ത്യൻ ഉപയോക്താക്കൾ രാജ്യാന്തര തലത്തിൽ പേരും പെരുമയുമുള്ള റെപ്സോൾ ശ്രേണിയോട് ആഭിമുഖ്യം കാട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയിൽ റെപ്സോളിനായി പ്രത്യേക ടീമും വിപണന ശൃംഖലയും ആവിഷ്കരിക്കുമെന്നും ഗോയൽ വ്യക്തമാക്കി. ഇന്ത്യൻ ലൂബ്രിക്കന്റ് വിപണിയിൽ സജീവ സാന്നിധ്യമുള്ള ജി പി പെട്രോളിയംസ് ലിമിറ്റഡുമായുള്ള സഹകരണം കമ്പനിക്കു തുടക്കത്തിൽ നേട്ടമാകുമെന്നു റെപ്സോളിന്റെ ഇന്റർനാഷനൽ മാനേജർ ലൂബ്രിക്കന്റ്സ് — യൂറോപ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് ആൻഡ് ഏഷ്യ പസഫിക് കാർലോസ് പാസ്ക്വൽ അഭിപ്രായപ്പെട്ടു. മോട്ടോ ജി പിയിൽ മത്സരിക്കുന്ന ഹോണ്ട ടീമുമായുള്ള പങ്കാളിത്തം റെപ്സോളിന്റെ ഗവേഷണ, വികസന വിഭാഗത്തിനു മുതൽകൂട്ടാകുന്നുണ്ടെന്നാണു വിലയിരുത്തൽ. വിവിധ രാജ്യങ്ങളിൽ പ്രീമിയം, ടോപ് എൻഡ് ശ്രേണികളിൽ മികച്ച സാന്നിധ്യമുള്ള റെപ്സോളിന് ഇന്ത്യൻ ഇരുചക്രവാഹന വിപണിയിലും ഈ മികവ് ആവർത്തിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.

Your Rating: