Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമയും

nissan-global-ambassador-1 Rohit Sharma

ജപ്പാൻകാർക്കു ക്രിക്കറ്റ് കളിക്കാൻ അറിയാത്തതൊന്നും ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാനും ക്രിക്കറ്റുമായുള്ള ബന്ധത്തെ ബാധിച്ചിട്ടില്ല. 2023 വരെയുള്ള എട്ടു വർഷക്കാലത്ത് ആഗോളതലത്തിൽ അരങ്ങേറുന്ന പ്രധാന ടൂർണമെന്റുകളുടെയെല്ലാം സ്പോൺസർഷിപ് അവകാശമാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ(ഐ സി സി) നിന്നു നിസ്സാൻ നേരത്തെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ അടക്കമുള്ള മുൻനിര കളിക്കാരെ ബ്രാൻഡ് അംബാസഡർമാരായി നിയോഗിക്കാനും കമ്പനി തീരുമാനമെടുത്തു. ഐ സി സിയുമായുള്ള സഹകരണത്തിന്റെ ഭാഗമായി ശർമയ്ക്കു പുറമെ വെസ്റ്റ് ഇന്ത്യൻ ഓൾ റൗണ്ടർ ആൻഡ്രെ റസൽ, ന്യൂസീലൻഡിന്റെ വനിതാ ടീം ക്യാപ്റ്റൻ സൂസി ബേറ്റ്സ് എന്നിവരെയും നിസ്സാൻ ബ്രാൻഡ് അംബാസഡർമാരായി നിയോഗിച്ചിട്ടുണ്ട്.

nissan-global-ambassador Rohit Sharma and New Zealand Women's Team Captain Suzie Bates

ദക്ഷിണാഫ്രിക്കൻ പേസ് ബോളർമാരായ ഡെയ്ൽ സ്റ്റെയ്നിനെയും കഗിസൊ റബാന്ദയെയും നേരത്തെ തന്നെ നിസ്സാൻ ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുത്തതാണ്; പക്ഷേ ഇവരുടെ പ്രവർത്തനങ്ങൾ ദക്ഷിണാഫ്രിക്കയിൽ മാത്രമാണെന്ന വ്യത്യാസമുണ്ട്. ക്രിക്കറ്റിലെ ഈ പ്രഗത്ഭരെ കമ്പനി അംബാഡർമാരുടെ ടീമിൽ ഉൾപ്പെടുത്തുന്നതിൽ ഏറെ ആഹ്ലാദമുണ്ടെന്നു നിസ്സാൻ കോർപറേറ്റ് വൈസ് പ്രസിഡന്റ് റോൾ ഡെ വ്രീസ് അഭിപ്രായപ്പെട്ടു. കളിയുടെ ‘കുട്ടി പതിപ്പു’കളിൽ തുടർച്ചയായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് ഇവരുടെ മികവ്. ലോക ട്വന്റി 20 ചാംപ്യൻഷിപ് മുതൽ പുതിയ അംബാസഡർമാർ നിസ്സാനു വേണ്ടി രംഗത്തുണ്ടാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കമ്പനിയുടെ പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു പുറമെ ട്വന്റി 20 ലോക ചാംപ്യൻഷിപ് വേളയിൽ സാമൂഹിക മാധ്യമങ്ങളിലും ഈ മൂവർ സംഘം നിസ്സാനു വേണ്ടി സജീവ സാന്നിധ്യമാവും.

ഐ സി സി — നിസ്സാൻ സഖ്യത്തിനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്ന് ഇന്ത്യൻ ട്വന്റി 20 ടീമിന്റെ ഓപ്പണറായ രോഹിത് ശർമ അറിയിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ലോക ട്വന്റി 20 ചാംപ്യൻഷിപ് ഏറെ പ്രധാനമാണെന്നും ഇതിൽ വിജയിക്കാൻ കഠിനാധ്വാനവും പുത്തൻ ശൈലിയും ആവശ്യമാണെന്നും ശർമ വ്യക്തമാക്കി. ക്രിക്കറ്റിൽ നവാഗതരെങ്കിലും കായിക രംഗത്തു നിസ്സാൻ മുമ്പേ സജീവ സാന്നിധ്യമാണ്. യുവേഫ ചാംപ്യൻസ് ലീഗ്, 2016 റയോ ഒളിംപിക്സ് ആൻഡ് പാരാലിംപിക് ഗെയിംസ് എന്നിവയുടെ പ്രായോജകരായ നിസ്സാൻ യു കെ, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ ഒളിംപിക് ടീമുകളെയും സ്പോൺസർ ചെയ്യുന്നുണ്ട്. നാഷനൽ കൊളീജിയറ്റ് അത്ലറ്റിക്സ് അസോസിയേഷൻ, ഹെയ്സ്മാൻ ട്രോഫി, സിറ്റി ഫുട്ബോൾ ഗ്രൂപ് എന്നിവയ്ക്കു പുറമെ വേഗരാജാവായ ഉസെയ്ൻ ബോൾട്ടുമായും കമ്പനിക്കു പരസ്യ കരാറുണ്ട്.

Your Rating: