Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ റോൾസ് റോയ്സിനു പേര് ‘ഡോൺ’

Rolls Royce

അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ് പുതിയ മോഡലിന്റെ പേര് പ്രഖ്യാപിച്ചു; അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ വിൽപ്പനയ്ക്കെത്തുന്ന ഡ്രോപ്ഹെഡ് കൂപ്പെയെ റോൾസ് റോയ്സ് ‘ഡോൺ’ എന്നാവും വിളിക്കുക.

പുതിയ കാറിന്റെ അനൗപചാരിക അവതരണവും റോൾസ് റോയ്സ് നിർവഹിച്ചു. ലോകമെങ്ങുമുള്ള 130 ഡീലർമാരെ പങ്കെടുപ്പിച്ചു ലൊസാഞ്ചലസിൽ നടത്തിയ 2015 റോൾസ് റോയ്സ് വേൾഡ് ഡീലർ സമ്മേളനത്തിലാണ് കമ്പനി ‘ഡോണി’നെ അനാവരണം ചെയ്തത്. മുൻ മോഡലുകളിൽ നിന്നു വ്യത്യസ്തമായ വശീകരിക്കുന്ന സൗന്ദര്യമാവും പുതിയ ‘ഡോണി’ന്റെ ആകർഷണമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടോഴ്സ്റ്റൻ മ്യുള്ളർ ഒട്വോസ് അഭിപ്രായപ്പെട്ടു. പേരു പോലെ ഓരോ ഉദയവും വാഗ്ദാനം ചെയ്യുന്ന പുത്തൻ അവസരങ്ങളാവും ഈ പുതിയ ഓപ്പൺ ടോപ് കാറിന്റെയും കരുത്ത്. സൂപ്പർ ലക്ഷ്വറി വിഭാഗം കാറുകളിൽ ഏറ്റവും ജനപ്രിയ മോഡലായി ‘ഡോൺ’ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പുതിയ കാറിനു പേരിടുമ്പോൾ പാരമ്പര്യത്തിന്റെ പകിട്ടിനെയാണു റോൾസ് റോയ്സ് ആശ്രയിക്കുന്നത്. 1949ൽ പുറത്തിറങ്ങിയ കാറിന്റെ പേരാണു പുതിയ മോഡലിലൂടെ തിരിച്ചെത്തുന്നത്. 1950 — 1954 കാലഘട്ടത്തിൽ വെറും 28 ഡ്രോപ്ഹെഡ് കൂപ്പെകളാണ് ‘ഡോൺ’ എന്ന പേരിൽ റോൾസ് റോയ്സ് വിറ്റത്. ഫാക്ടറി നിർമിത ബോഡിയോടെ വിൽപ്പനയ്ക്കെത്തിയ ആദ്യ റോൾസ് റോയ്സ് എന്ന പെരുമയും ഈ പരമ്പരയിൽപെട്ട സിൽവർ ‘ഡോണി’ന് അവകാശപ്പെട്ടതാണ്.

റോൾസ് റോയ്സ് മോട്ടോർ കാഴ്സിൽ നടപ്പാവുന്ന നവോത്ഥാനത്തിന്റെ അടുത്ത ഘട്ടമാണ് ‘ഡോൺ’ എന്നാണു കമ്പനിയുടെ അവകാശവാദം. 2003ൽ ‘ഫാന്റ’ത്തിന്റെ അവതരണത്തോടെ ആരംഭിച്ച പുനഃരുദ്ധാനത്തിന്റെ അടുത്ത ഘട്ടങ്ങൾ ‘ഗോസ്റ്റി’ന്റെയും ‘റെയ്ത്തി’ന്റെയും അരങ്ങേറ്റമായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.