Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറുപട്ടണങ്ങളിൽ അവസരം തേടി റോയൽ എൻഫീൽഡ്

Royal Enfield

നൂറ്റാണ്ടിലേറെ നീണ്ട പ്രവർത്തനപാരമ്പര്യമുള്ള റോയൽ എൻഫീൽഡ് പുത്തൻ അവസരങ്ങൾ തേടി രാജ്യത്തെ ചെറുകിട പട്ടണങ്ങളിലേക്ക്. ഇക്കൊല്ലത്തെ വിൽപ്പനയിൽ 2014നെ അപേക്ഷിച്ച് 50% വളർച്ച ആഗ്രഹിക്കുന്ന ‘ബുള്ളറ്റ്’ നിർമാതാക്കൾ, ചെറുകിട — ഇടത്തരം പട്ടണങ്ങളിലേക്കു വിപണന ശൃംഖല വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യയ്ക്കു പേരുകേട്ട യവത്മാൽ പോലുള്ള ചെറു പട്ടണങ്ങളിലും അവസരങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവിലാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ്.

ഇക്കൊല്ലം അവസാനിക്കുംമുമ്പ് ഡീലർഷിപ്പുകളുടെ എണ്ണം 500ലെത്തിക്കാനാണു റോയൽ എൻഫീൽഡ് ലക്ഷ്യമിടുന്നത്. നിലവിലുള്ള 450 വിൽപ്പന കേന്ദ്രങ്ങളിലൂടെ മെട്രോ നഗരങ്ങളിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയെന്നു കമ്പനി കരുതുന്നു. ഇനി രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലാണു റോയൽ എൻഫീൽഡിന്റെ കണ്ണ്.

നാഗ്പൂരിൽ മൂന്നാം ഡീലർഷിപ് തുറക്കുന്നതിനൊപ്പം ജമ്മു കശ്മീരിലെ ലേയിൽ പൂർണതോതിലുള്ള സർവീസ് സെന്ററും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ബൈക്കിൽ ദീർഘദൂര യാത്ര നടത്തുന്നവരുടെ ഇഷ്ട കേന്ദ്രമാണു ലഡാക്ക് മേഖല; ‘ബുള്ളറ്റാ’വട്ടെ ഇത്തരക്കാരുടെ പ്രിയ വാഹനവും. ഇതെല്ലാം പരിഗണിച്ചാണു ഖർദുംഗ്ല പാസ് പോലുള്ള ദുർഘട മാർങ്ങളുടെ പ്രവേശന കവാടമായ ലേയിൽ റോയൽ എൻഫീൽഡ് സുസജ്ജമായ സർവീസ് സെന്റർ തുറക്കുന്നത്.

വിദർഭ മേഖലയിൽ എല്ലാ ജില്ലയിലും പുതിയ ഡീലർഷിപ്പുകൾ തുറക്കാനാണ് എൻഫീൽഡ് ലക്ഷ്യമിടുന്നത്; ഭണ്ഡാരയിലും വാഷിമിലുമൊക്കെ ‘ബുള്ളറ്റ്’ ഷോറൂം പ്രതീക്ഷിക്കാം. വിദർഭ മേഖലയിൽ പ്രതിമാസം 600 ‘ബുള്ളറ്റ്’ വിൽക്കുന്നുണ്ടെന്നാണ കമ്പനിയുടെ കണക്ക്; ഇതിൽ പകുതിയും നഗര മേഖലയിലാണ്. ചെറുകിട പട്ടണങ്ങളിൽ വ്യാപാരികളെയും കർഷകർ ഒഴികെയുള്ള ധനികരെയുമൊക്കെയാണു കമ്പനി നോട്ടമിടുന്നത്.

ദശാബ്ദത്തിലേറെ മുമ്പ് 2004ൽ സിദ്ധാർഥ് ലാൽ ഐഷർ മോട്ടോഴ്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ചുമതലയേറ്റതോടൊണു ‘ബുള്ളറ്റി’ന്റെ സമയം തെളിഞ്ഞത്. പഴഞ്ചൻ കാസ്റ്റ് അയൺ എൻജിനുകൾ ഒഴിവാക്കി ബൈക്ക് പൂർണമായും പൊളിച്ചു പണിതതോടെ യുവതലമുറയ്ക്കും ‘ബുള്ളറ്റ്’ സ്വീകാര്യമായി. പരമ്പരാഗത രീതിയിലുള്ള പരസ്യങ്ങളോടും ലാൽ വിട ചൊല്ലി; പകരം കമ്പനിയുടെ ഡീലർമാരും സംഘടിപ്പിക്കുന്ന ദീർഘ ദൂര ഡ്രൈവുകളാണു ‘ബുള്ളറ്റി’ന്റെ പരസ്യതന്ത്രം. ഇതോടെ ‘ബുള്ളറ്റ്’ ഉടമയുടെ ശരാശരി പ്രായം 25 ആയി കുറയ്ക്കാനും കമ്പനിക്കു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.