Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡ് ‘ഇലക്ട്ര’ വിടവാങ്ങുന്നു

electra

റോയൽ എൻഫീൽഡിന്റെ മോഡൽ ശ്രേണിയിൽ നിന്ന് ‘ബുള്ളറ്റ് ഇലക്ട്ര’ വിട പറയുന്നു. ബൈക്ക് വിപണിയിൽ നിന്നു പിൻവലിക്കുന്നതിന്റെ ഭാഗമായിട്ടാവണം കമ്പനി വെബ്സൈറ്റിൽ നിലവിൽ ‘ബുള്ളറ്റ് ഇലക്ട്ര’ ഇടംപിടിക്കുന്നില്ല. ‘ബുള്ളറ്റ് 500’, ‘ബുള്ളറ്റ് 350’ എന്നീ മോഡലുകൾ മാത്രമാണു ‘ബുള്ളറ്റ്’ ശ്രേണിയിൽ ഇപ്പോൾ വെബ്സൈറ്റിലുള്ളത്. അതേസമയം ‘ബുള്ളറ്റ് ഇലക്ട്ര’ വിപണിയിൽ തുടരുമോ ഇല്ലയോ എന്നതു സംബന്ധിച്ച് റോയൽ എൻഫീൽഡ് ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. എന്നാൽ നിലവിൽ സ്റ്റോക്കുള്ള ‘ബുള്ളറ്റ് ഇലക്ട്ര’ വിറ്റഴിക്കുന്ന തിരക്കിലാണ് റോയൽ എൻഫീൽഡ് ഡീലർമാർ.

ലാഭക്ഷമത പരിഗണിച്ചാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് ‘ബുള്ളറ്റ് ഇലക്ട്ര’യോടു വിട പറയുന്നതെന്നാണു സൂചന. റോയൽ എൻഫീൽഡ് ശ്രേണിയിൽ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന മോഡലായിരുന്നു ‘ഇലക്ട്ര’. ഐഷർ മോട്ടോഴ്സ് ഏറ്റെടുത്ത ശേഷം ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ റോയൽ എൻഫീൽഡിനെ സഹായിച്ച മോഡലുമായിരുന്നു ‘ഇലക്ട്ര’. എന്നിട്ടും പിന്നീട് നിരത്തിലെത്തിയ പുത്തൻ മോഡലുകൾക്ക് ആവശ്യമേറിയതോടെ ലാഭസാധ്യത കുറഞ്ഞ ‘ഇലക്ട്ര’യെ കൈവിടാൻ കമ്പനി തീരുമാനിക്കുകയായിരുന്നത്രെ. ഇന്ത്യയിൽ മാത്രം ലഭ്യമായിരുന്ന ‘ഇലക്ട്ര’യ്ക്ക് കരുത്തേകിയിരുന്നത് 346 സി സി എൻജിനാണ്; അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. കഴിഞ്ഞ ദശാബ്ദം വരെ ഇലക്ട്രിക് സ്റ്റാർട്ടും ടി സി ഐ ഇഗ്നീഷനുമായാണ് ‘ഇലക്ട്ര’ ലഭ്യമായിരുന്നത്. എന്നാൽ 2010 മുതൽ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിനോടെ ‘ഇലക്ട്ര’ വിൽപ്പനയ്ക്കെത്തിത്തുടങ്ങി.

അതിനിടെ 500 സി സി എൻജിനുള്ള ‘ഇലക്ട്ര’ അവതരിപ്പിക്കാൻ റോയൽ എൻഫീൽഡ് തയാറെടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു. 5,100 ആർ പി എമ്മിൽ 26.1 ബി എച്ച് പി വരെ കരുത്തും 3,800 ആർ പി എമ്മിൽ 40.8 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 499 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിൻ സഹിതം ‘ഇലക്ട്ര’ അവതരിപ്പിക്കാനായിരുന്നു കമ്പനിയുടെ ആലോചന. എന്നാൽ 350 സി സി ‘ഇലക്ട്ര’ തന്നെ പിൻവലിക്കാൻ റോയൽ എൻഫീൽഡ് ഒരുങ്ങുന്ന സാഹചര്യത്തിൽ ‘ഇലക്ട്ര 500’ യാഥാർഥ്യമാവാനുള്ള സാധ്യതയും അടയുകയാണ്.