Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബുള്ളറ്റ്’ വിൽപ്പന ഇന്തൊനീഷ്യയിലേക്കും

Royal Enfield

റോയൽ എൻഫീൽഡിന്റെ ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകൾ ഇന്തൊനീഷ്യയിൽ വിൽപ്പനയ്ക്കെത്തുന്നു. ഈ 30 വരെ തുടരുന്ന ഗൈകിൻഡൊ ഇന്തൊനീഷ്യ ഇന്റർനാഷനൽ ഓട്ടോ ഷോ(ജി ഐ ഐ എ എസ്)യിലാണ് ഐഷർ ഗ്രൂപ്പിൽപെട്ട റോയൽ എൻഫീൽഡ്, ചൈനയ്ക്കും ഇന്ത്യയ്ക്കും പിന്നിലായി ലോകത്തെ തന്നെ മൂന്നാമത്തെ ഇരുചക്രവാഹന വിപണിയായ ഇന്തൊനീഷ്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. 250 — 750 സി സി എൻജിനുള്ള മോട്ടോർ സൈക്കിളുകൾ ഇടംപിടിക്കുന്ന ഇടത്തരം വിഭാഗത്തിൽ ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്നു റോയൽ എൻഫീൽഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.

‘ബുള്ളറ്റ് 500’, ‘ക്ലാസിക് 500’, ‘ക്ലാസിക് ക്രോം’, ‘കോണ്ടിനെന്റർ ജി ടി’ എന്നിവയാണു റോയൽ എൻഫീൽഡ് ജി ഐ ഐ എ എസിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ സുരക്ഷയ്ക്കുള്ള റൈഡിങ് ഗീയറുകളും അടുത്തയിടെ കമ്പനി പുറത്തിറക്കിയ ഡെസ്പാച് റൈഡർ വസ്ത്രങ്ങളും അക്സസറികളും സ്റ്റാളിലുണ്ട്. രാജ്യതലസ്ഥാനമായ ജക്കാർത്തയിൽ ആദ്യ ഡീലർഷിപ് തുറന്നാവും റോയൽ എൻഫീൽഡ് ഇന്തൊനീഷ്യയിൽ ‘ബുള്ളറ്റ്’ വിൽപ്പന ആരംഭിക്കുക. ജക്കാർത്തയിലെ പി ടി ഡിസ്ട്രിബ്യൂട്ടർ മോട്ടോർ ഇന്തൊനീഷ്യയാണു കമ്പനിയുടെ പ്രാദേശിക പങ്കാളി.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇടത്തരം വിഭാഗത്തിൽ 50 ശതമാനത്തിലേറെ വിൽപ്പന വളർച്ച നേടിയാണു കമ്പനി മുന്നേറുന്നതെന്നു റോയൽ എൻഫീൽഡ് രാജ്യാന്തര ബിസിനസ് മേധാവി അരുൺ ഗോപാൽ അറിയിച്ചു. ഭാവിയിൽ ഇന്ത്യയ്ക്കു പുറമെ ലാറ്റിൻ അമേരിക്കൻ, ദക്ഷിണ പൂർവ ഏഷ്യൻ മേഖലകളിലാവും ഇത്തരം ബൈക്കുകൾക്കു വിപണന സാധ്യതയേറെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം വിൽപ്പന ആരംഭിച്ച കൊളംബിയയിൽ ‘ബുള്ളറ്റ്’ ബൈക്കുകൾ മികച്ച സ്വീകാര്യത കൈവരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.

കമ്യൂട്ടർ വിഭാഗത്തിൽ ധാരാളം ഉപയോക്താക്കളുള്ളതിനാലും ഇവരിൽ പലരും അടുത്തതലത്തിലേക്ക് മുന്നേറാൻ സന്നദ്ധരായതിനാലും റോയൽ എൻഫീൽഡിനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന വിപണിയാണ് ഇന്തൊനീഷ്യ. ജക്കാർത്തയിൽ നിന്നുള്ള പ്രതികരണം വിലയിരുത്തി രാജ്യത്തു പ്രവർത്തനം വ്യാപിപ്പിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും ഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷം ലോകവ്യാപകമായി മൂന്നു ലക്ഷത്തോളം ബൈക്കുകളാണു റോയൽ എൻഫീൽഡ് വിറ്റത്. ഇക്കൊല്ലം ഡിസംബറിനുള്ളിൽ നാലര ലക്ഷം ബൈക്കുകൾ വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.