Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡ് 600 കോടി രൂപയുടെ വികസനത്തിന്

Royal Enfield

ഐഷർ ഗ്രൂപ്പിൽപെട്ട ഇരുചക്രവാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് ഈ സാമ്പത്തിക വർഷം നടപ്പാക്കുക 600 കോടി രൂപയുടെ വികസന പദ്ധതികൾ. പുതിയ മോഡലുകളുടെ വികസനം, രണ്ടു പുതിയ ഗവേഷണ, വികസന കേന്ദ്രങ്ങൾ സ്ഥാപിക്കൽ, ഇന്ത്യയിലും യു കെയിലും മോട്ടോർ സൈക്കിൾ ഉൽപ്പാദനശേഷി വർധിപ്പിക്കൽ എന്നിവയിലാണു കമ്പനി മൂലധന നിക്ഷേപം നടത്തുക.

യു കെയിലെ ലീസസ്റ്റർഷെറിനൊപ്പം ചെന്നൈയിലും പുതിയ ഗവേഷണ, വികസന കേന്ദ്രം സ്ഥാപിക്കുമെന്ന് ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ അറിയിച്ചു. ഉൽപ്പാദനശേഷി ഉയർത്തുന്നതിനൊപ്പം ആഗോളതലത്തിൽ വിപണന സൗകര്യം മെച്ചപ്പെടുത്താനും റോയൽ എൻഫീൽഡ് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. യു കെയിലെ സാങ്കേതിക കേന്ദ്രം 2016 —17ന്റെ ഉത്തരാർധത്തിലും ചെന്നൈയിലേത് അടുത്ത സാമ്പത്തിക വർഷവും പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. 2016 — 17ൽ മൊത്തം 6.75 ലക്ഷം യൂണിറ്റിന്റെ ഉൽപ്പാദനമാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാഹന വിൽപ്പനയിൽ സ്ഥിരതയുള്ള വളർച്ചയാണു റോയൽ എൻഫീൽഡ് കൈവരിക്കുന്നതെന്നു ലാൽ വ്യക്തമാക്കി. ഇടത്തരം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാവാൻ കമ്പനിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണു കഴിഞ്ഞ ജനുവരി — മാർച്ച് ത്രൈമാസത്തിൽ റോയൽ എൻഫീൽഡ് കാഴ്ചവച്ചത്. ചെന്നൈ ആസ്ഥാനമായ കമ്പനി 1,48,185 യൂണിറ്റാണു വിറ്റത്; 2015ന്റെ ആദ്യ മൂന്നു മാസത്തിനിടെ വിറ്റ 92,845 യൂണിറ്റിനെ അപേക്ഷിച്ച് 60 ശതമാനത്തോളം അധികമാണിത്.

ഇതോടൊപ്പം പുതിയ മോട്ടോർ സൈക്കിളായ ‘ഹിമാലയൻ’ അവതരിപ്പിച്ചതും റോയൽ എൻഫീൽഡിന്റെ തിളക്കമാർന്ന നേട്ടമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 145 പുതിയ ഡീലർഷിപ് തുറന്നതോടെ വിപണന കേന്ദ്രങ്ങളുടെ എണ്ണം 500 പിന്നിട്ടു.  

Your Rating: