Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

26 മിനിറ്റിൽ 200 ബൈക്ക് വിറ്റ് ‘ബുള്ളറ്റ്’

Royal Enfield Royal Enfield Classic 500

പരിമിതകാല പതിപ്പെന്ന നിലയിൽ പുറത്തിറക്കുന്ന 200 ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകൾ ഓൺ ലൈൻ ബുക്കിങ് വഴി വെറും 26 മിനിറ്റിൽ വിറ്റഴിഞ്ഞെന്ന് റോയൽ എൻഫീൽഡ്. ലോക മഹായുദ്ധകാലത്ത് ആശയവിനിയമത്തിൽ നിർണായക പങ്ക് വഹിച്ച ഡസ്പാച്ച് റൈഡർമാരിൽ നിന്നു പ്രചോദിതമായാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് പുതിയ പരിമിതകാല പതിപ്പ് അവതരിപ്പിച്ചത്. ഓൺലൈൻ വഴി മാത്രമാവും ഈ ബൈക്കുകളുടെ വിൽപ്പനയെന്നും മേയിൽ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു.

‘ക്ലാസിക് 500’ അടിസ്ഥാനമാക്കിയുള്ള പരിമിതകാല പതിപ്പിൽപെട്ട ബൈക്കുകൾ മൊത്തം 600 എണ്ണം മാത്രമാണു വിൽപ്പനയ്ക്കെത്തുകയെന്നു റോയൽ എൻഫീൽഡ് പ്രഖ്യാപിച്ചിരുന്നു. 2.16 ലക്ഷം രൂപയാണു ബൈക്കിനു ഡൽഹി നിരത്തിലെ വില.

ലോകമഹായുദ്ധ വേളകളിൽ സൈനിക ആസ്ഥാനത്തു നിന്നുള്ള തന്ത്രപ്രധാന സന്ദേശങ്ങൾ യുദ്ധഭൂമിയിലെത്തിച്ചിരുന്നതിൽ നിർമാണയക കണ്ണികളായി പ്രവർത്തിച്ച ഡസ്പാച്ച് റൈഡർമാർ ഉപയോഗിച്ചിരുന്ന ബൈക്കുകളിൽ നിന്നാണു റോയൽ എൻഫീൽഡ് പുതിയ ശ്രേണിക്കുള്ള പ്രചോദനം കണ്ടെത്തിയത്. മൂന്നു നിറങ്ങളിലാണു പരിമിതകാല പതിപ്പ് വിൽപ്പനയ്ക്കെത്തുക; ഓരോ നിറത്തിലും 200 ബൈക്ക് വീതം. ഇതിൽ ഡെസേർട്ട് സ്റ്റോം ഡസ്പാച്ച്, സ്ക്വാഡ്രൺ ബ്ലൂ ഡസ്പാച്ച് നിറങ്ങൾ ഇന്ത്യയിലും ബാറ്റിൽ ഗ്രീൻ ഡസ്പാച്ച് എന്ന മൂന്നാം നിറം വിദേശ വിപണികളിലുമാണു ലഭ്യമാവുക. നിലവിൽ സൈന്യം ഉപയോഗിക്കുന്ന ‘ബുള്ളറ്റു’കളുടെ നിറത്തോടുള്ള സാമ്യം പരിഗണിച്ചാണത്രെ ബാറ്റിൽ ഗ്രീൻ ഡസ്പാച് നിറത്തിലുള്ള ബൈക്കുകൾ ഇന്ത്യയിൽ വിൽക്കാത്തത്.

ഓൺലൈൻ ബുക്കിങ് സ്റ്റോറിൽ വിൽപ്പനയ്ക്കുണ്ടായിരുന്ന 200 പരിമിതകാല പതിപ്പുകളും വെറും 26 മിനിറ്റിനകം ആരാധകർ സ്വന്തമാക്കിയെന്നു റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് അറിയിച്ചു. വിപുലമായ വിപണന തന്ത്രങ്ങളും പരസ്യ കോലാഹലങ്ങളുമൊക്കെയായി വാഹനങ്ങൾ വിൽക്കുന്ന വേളയിൽ കൈവരിച്ച ഈ നേട്ടം ‘ബുള്ളറ്റി’ന്റെ സമയാതീത രൂപകൽപ്പനയുടെ ആഘോഷമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബൈക്കുകളുടെ പരിമിതകാല പതിപ്പിനൊപ്പം റൈഡിങ് ഗീയർ, അക്സസറികൾ എന്നിവയുടെ പുത്തൻ ശേഖരം ആഭ്യന്തര, വിദേശ വിപണികളിൽ അവതരിപ്പിക്കാനും റോയൽ എൻഫീൽഡ് തയാറെടുക്കുന്നുണ്ട്.

ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന ലതർ ജാക്കറ്റുകളും ആങ്കിൾ ഗാർഡുള്ള ഷൂസുമൊക്കെ കമ്പനി വിൽപ്പനയ്ക്കെത്തിക്കും. ഇന്ത്യയ്ക്കു പുറമെ നിലവിൽ കമ്പനിക്കു സാന്നിധ്യമുള്ള 50 വിദേശ വിപണികളിലും ഇവ ലഭ്യമാവും.

ഇന്ത്യയിൽ ഇപ്പോൾ നാനൂറോളം വിപണന കേന്ദ്രങ്ങളാണു റോയൽ എൻഫീൽഡിനുള്ളത്; ഇതിൽ 250 സ്ഥലങ്ങളിലാണ് ഗീയറും അക്സസറികളും വിൽപ്പനയ്ക്കുള്ളത്. വർഷാവസാനത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം 500 ആയും അക്സസറി വിൽപ്പനകേന്ദ്രങ്ങളുടെ എണ്ണം 400 ആയും ഉയർത്താനാണു കമ്പനിയുടെ പദ്ധതി. വിദേശത്താവട്ടെ ലാറ്റിൻ അമേരിക്കയും ദക്ഷിണ പൂർവ ഏഷ്യയും പോലുള്ള മേഖലകളിലാണു കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.