Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ പേരിൽ റോയൽ എൻഫീൽഡ് ‘ഇലക്ട്ര’

electra

‘ബുള്ളറ്റ് ഇലക്ട്ര’യെ വിപണിയിൽ നിന്നു പിൻവലിക്കുകയാണെന്ന വാർത്തകൾ നിഷേധിച്ച് റോയൽ എൻഫീൽഡ്. ‘ഇലക്ട്ര’ ഇല്ലാതാവുന്നില്ലെന്നും പകരം ‘ഇലക്ട്രിക് സ്റ്റാർട്’ എന്നതിന്റെ ചുരുക്കെഴുത്തായി ‘ബുള്ളറ്റ് 350 ഇ എസ്’ എന്ന പുതിയ പേരിൽ വിൽപ്പനയ്ക്കെത്തിക്കാനാണു പദ്ധതിയെന്നും ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് വിശദീകരിച്ചു. മുമ്പത്തെ ‘ബുള്ളറ്റ് ഇലക്ട്ര’ മേലിൽ ‘ബുള്ളറ്റ് 350 ഇ എസ്’ എന്ന പുതിയ പേരുമായി ഉൽപന്ന ശ്രേണിയിൽ തുടരും. ബ്ലാക്ക്, സിൽവർ, ഗ്രേ, ബ്ലൂ നിറങ്ങളിൽ ഈ ‘ബുള്ളറ്റ്’ രാജ്യമെങ്ങുമുള്ള ഡീലർഷിപ്പുകളിൽ വിൽപ്പനയ്ക്കുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ബൈക്കുകളുടെ വിപണനം ലളിതമാക്കാനുള്ള നടപടിയെന്ന നിലയിലാണ് ‘ഇലക്ട്ര’യുടെ പേരുമാറ്റമെന്നും അതിനപ്പുറമുള്ള കാരണങ്ങളൊന്നും ഇതിലില്ലെന്നുമാണു കമ്പനിയുടെ നിലപാട്. മാത്രമല്ല, മാസങ്ങൾക്കു മുമ്പു തന്നെ ബൈക്കിന്റെ പേരുമാറ്റം നിലവിൽവന്നതാണ്. എന്നാൽ വെബ്സൈറ്റിൽ നിന്ന് ‘ഇലക്ട്ര’യെ ഒഴിവാക്കിയത് ഇപ്പോൾ മാത്രമാണ്. അതിനാലാണ് ഈ പേരുമാറ്റം ഇപ്പോൾ ചർച്ചയായതെന്നും കമ്പനി കരുതുന്നു. ‘ബുള്ളറ്റ് 350’, ‘ഇലക്ട്ര’ എന്നിവ തമ്മിൽ സാങ്കേതികമായി മാറ്റമൊന്നുമില്ല; ‘ഇലക്ട്ര’യിൽ ഇലക്ട്രിക് സ്റ്റാർട്ട് സൗകര്യം ലഭ്യമാണെന്നതാണ് ഏക വ്യത്യാസം.

‘ബുള്ളറ്റ് 350 ഇ എസി’നു കരുത്തേകുന്നത് 346 സി സി, നാലു സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ഇരട്ട സ്പാർക്ക്, എയർ കൂൾഡ് എൻജിനാണ്; 5250 ആർ പി എമ്മിൽ 19.8 ബി എച്ച് പി കരുത്തും 4000 ആർ പി എമ്മിൽ 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. കഴിഞ്ഞ ദശാബ്ദം വരെ ഇലക്ട്രിക് സ്റ്റാർട്ടും ടി സി ഐ ഇഗ്നീഷനുമായാണ് ‘ഇലക്ട്ര’ ലഭ്യമായിരുന്നത്. എന്നാൽ 2010 മുതൽ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിനോടെ ‘ഇലക്ട്ര’ വിൽപ്പനയ്ക്കെത്തിത്തുടങ്ങി.

ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കനുസരിച്ച് കഴിഞ്ഞ മാസം 54,735 ഇരുചക്രവാഹനങ്ങളാണു റോയൽ എൻഫീൽഡ് വിറ്റത്. 2015 ഓഗസ്റ്റിൽ കമ്പനി കൈവരിച്ച വിൽപ്പനയെ അപേക്ഷിച്ച് 31.57% അധികമാണിത്. അതേസമയം, മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഒൻപതു ശതമാനത്തോളം ഇടിവോടെ 4,839 ‘ഇലക്ട്ര’യാണ് ഓഗസ്റ്റിൽ റോയൽ എൻഫീൽഡ് വിറ്റത്. കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്താവട്ടെ മൊത്തം 20,645 ‘ഇലക്ട്ര’യാണു കമ്പനി വിറ്റത്. 2015ൽ ഇതേ കാലത്്ത 26,294 ‘ഇലക്ട്ര’ വിറ്റുപോയിരുന്നു.