Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രാഷ് ടെസ്റ്റിൽ വിജയിക്കാത്ത ചെറുകാറുകൾക്ക് ആസാമിൽ നിരോധനം

ncap

ഗ്ലോബൽ ന്യൂ കാർ അസസ്‌മെന്റ് സിസ്റ്റം (എസിഎപി)യുടെ ക്രാഷ് ടെസ്റ്റിൽ എട്ട് നിലയിൽ പൊട്ടിയ മാരുതി ആൾട്ടോ, സ്വിഫ്റ്റ്, ഹ്യുണ്ടായ് ഐ10, ഇയോൺ, ഹോണ്ട ജാസ് തുടങ്ങിയ വാഹനങ്ങൾ ആസാമിൽ വിൽക്കുന്നതിന് നിരോധനം. ഗുവഹാത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തവരിലാണ് നിരോധനം ഏർപ്പെടുത്തിയത്. മലകൾ നിറഞ്ഞ പ്രദേശമായ ആസാമിന് കൂടുതൽ സുരക്ഷയുള്ള വാഹനങ്ങൾ ആവശ്യമാണ് അതുകൊണ്ട് ഗ്ലോബൽ എൻസിഎപിയിൽ വിജയിച്ച വാഹനങ്ങളെ ആസാമിൽ വിൽക്കാവൂ എന്ന് കാണിച്ചുകൊണ്ട് കോടതിയിൽ സമർപ്പിച്ച ഒരു പരാതിയിൻമേലാണ് കോടതി ഇടക്കാല വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും അധികം വാഹനം വിൽക്കുന്ന ആസാമിലെ വിധി നിർമ്മാതാക്കൾക്ക് തിരിച്ചടിയാണ്. ജൂൺ 26 ന് സമർപ്പിച്ച പരാതിയിൽമേൽ ഏകദേശം 140 വാഹനങ്ങളെയാണ് കോടതി നിരോധിച്ചിരിക്കുന്നത്. ഫ്രണ്ട് ക്രാഷ് ടെസ്റ്റിൽ വിജയിക്കാത്ത കാറുകൾ വിൽക്കേണ്ടന്ന് പറഞ്ഞ കോടതി, ഇതിനായി ഒരു നിയമ നിർമ്മാണം നടത്താൻ കേന്ദ്രസർക്കാറിന് നിർദ്ദേശവും നൽകിയിട്ടുണ്ട്. 1500 കിലോഗ്രാം മുകളിൽ വരുന്ന വാഹനങ്ങൾക്കായി ക്രാഷ് ടെസ്റ്റ് കൊണ്ടുവരാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. 

എന്നാൽ കേന്ദ്രം 2017 ൽ ഇത്തരത്തിലൊരു നിയമ നിർമ്മാണം നടത്താനിരിക്കുകയാണെന്നും. രാജ്യത്ത് എവിടെയുമില്ലാത്ത നിയമം നടപ്പാക്കണം എന്ന് പറയുന്നത് അന്യായമാണെന്നുമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമബൈൽ മാനുഫാക്‌ച്ചേഴ്‌സ് പ്രതികരിച്ചിരിക്കുന്നത്. കോടതിയുടെ അടുത്ത വാദം ആഗസ്റ്റ് 27നാണെന്നും ഇതിന് ശേഷം ഭാവി പരിപാടികളെപ്പറ്റി തീരുമാനിക്കുമെന്നാണ് എസ് ഐഎഎം പ്രതികരിച്ചിരിക്കുന്നത്. 

ഈ ഉത്തരവ് കാർമേഖലയിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതാദ്യമായാണ് ഇന്ത്യയിൽ ക്രാഷ് ടെസ്റ്റിലെ വിജയം നിർബന്ധമാക്കിക്കൊണ്ട് ഏതെങ്കിലും ഒരു അധികാരസ്ഥാപനം ഉത്തരവ് പുറപ്പെടുവിക്കുന്നത്. അതേസമയം ഈ നിർബന്ധം വലിയ (എസ്‌യുവി, എംപിവി എന്നിവയടക്കമുള്ള) കാറുകൾക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വലിയ കാറുകൾക്ക് കൂട്ടിയിടിയുടെ ആഘാതത്തെ ചെറുക്കുവാനുള്ള ശേഷിയുണ്ടാകുമെന്നതാണ് ഇതിനു കാരണമായി പറഞ്ഞിരിക്കുന്നത്.

ഉത്തരവ് നിലവിൽ വന്നതോടെ ആസാമിലെ ഡീലർമാർക്ക് ചെറുകാറുകൾ വിൽക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ ആകെ കാർവിൽപനയുടെ 12 ശതമാനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. ആസാം ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒരു വിപണിയാണ്. ഇന്ത്യ വാഹന സുരക്ഷയുടെ കാര്യത്തിൽ ഇരുപത് വർഷം പുറകോട്ടാണെന്ന് കഴിഞ്ഞ വർഷം ആൾട്ടോ, ഡാറ്റസൺ ഗോ, സ്വിഫ്റ്റ്, ഫിഗോ തുടങ്ങിയ വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് നടത്തി ഗ്ലോബൽ എൻ സി എ പി പരാമർശിച്ചിരുന്നു.