Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂട്ടേഴ്സ് ഇന്ത്യ ഓഹരി വിൽക്കാൻ നടപടി തുടങ്ങി

scooters-india-ltd

നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡി(എസ് ഐ എൽ) ലെ സർക്കാർ ഓഹരി വിൽക്കാൻ കേന്ദ്ര ഘന വ്യവസായ മന്ത്രാലയം ശ്രമം തുടങ്ങി. ഓഹരി വിൽപ്പനയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചാലുടൻ വിശദ പദ്ധതി തയാറാക്കി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. സ്കൂട്ടേഴ്സ് ഇന്ത്യയുടെ ഓഹരി വിൽപ്പനയ്ക്കായി നോട്ട് തയാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്കുവിട്ടതായി കേന്ദ്ര ഘനവ്യവസായ മന്ത്രി ആനന്ദ് ഗീഥെ അറിയിച്ചു. നീതി ആയോഗും കമ്പനിയുടെ ഓഹരി വിൽക്കാൻ നിർദേശിച്ച സാഹചര്യത്തിൽ പദ്ധതി വൈകാതെ കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. അംഗീകാരം ലഭിച്ചാലുടൻ കമ്പനിയുടെ ഓഹരി വിൽപ്പനയ്ക്കുള്ള നടപടിക്രമം തയാറാക്കുമെന്നും ഗീഥെ വെളിപ്പെടുത്തി.

സ്കൂട്ടേഴ്സ് ഇന്ത്യയിലുള്ള 95.38% ഓഹരികളും വിൽക്കാൻ 2011ൽ തന്നെ കേന്ദ്ര സർക്കാർ തീരുമാനിച്ചതാണ്; ജീവനക്കാരടക്കമുള്ള വിവിധ പങ്കാളികൾക്കിടയിലെ ആശയഭിന്നത മൂലം കേന്ദ്ര സർക്കാരിന് ഈ വിഷയത്തിൽ പുരോഗതി കൈവരിക്കാനായില്ല. ഇതോടെ കേന്ദ്ര ഘനവ്യവസായ മന്ത്രാലയം തന്നെ ഓഹരി വിൽപ്പന തീരുമാനം നടപ്പാക്കുന്നതു നീട്ടിവയ്ക്കുകയായിരുന്നു. സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിൽപ്പനയ്ക്കുള്ള നിർദേശത്തിനു പഴക്കമേറെയാണ്; പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചതടക്കം കമ്പനിയെ പുനഃരുദ്ധരിക്കാനും സർക്കാരുകൾ പലതവണ ശ്രമിച്ചു. എന്നാൽ എസ് ഐ എല്ലിന്റെ പ്രവർത്തനം നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകൂത്തിയതോടെ കമ്പനിയെ പീഡിത വ്യവസായമായി പ്രഖ്യാപിക്കേണ്ടി വന്നു.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ ഓഹരി വിൽപ്പന വഴി അധിക വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണു നരേന്ദ്ര മോദി സർക്കാർ. സ്കൂട്ടേഴ്സ് ഇന്ത്യയുടെ ഓഹരി വിൽപ്പനയുടെ ഈ ദിശയിലുള്ള നീക്കമാണെന്നാണു സൂചന.
പുനഃരുദ്ധാരണം അസാധ്യമാണെന്ന വിലയിരുത്തലിൽ എട്ടു പൊതുമേഖല സ്ഥാപന(പി എസ് യു)ങ്ങൾ പൂട്ടാനാണു നീതി ആയോഗ് നിർദേശിച്ചിരിക്കുന്നത്. നഷ്ടത്തിൽ പ്രവർത്തിക്കുന്നതു മൂലം പൂട്ടുകയോ വിറ്റൊഴിയുകയോ ചെയ്യേണ്ട 74 സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുണ്ടെന്നാണു കണക്ക്. ഇതിൽ എട്ടെണ്ണമാണു നിർബന്ധമായും പൂട്ടേണ്ടവയാണെന്നു നീതി ആയോഗ് കണ്ടെത്തിയത്. നഷ്ടത്തിൽ പ്രവർത്തിക്കുന്നവയും പീഡിത വ്യവസായ വിഭാഗത്തിലുള്ളവയുമായ പൊതുമേഖല സ്ഥാപനങ്ങളെ നീതി ആയോഗ് രണ്ടായി തിരിച്ചിട്ടുണ്ട്: പൂട്ടേണ്ടവയും സർക്കാർ ഓഹരി വിറ്റൊഴിയേണ്ടവയും. 2016 — 17ലേക്കുള്ള ബജറ്റ് നിർദേശപ്രകാരം പി എസ് യു ഓഹരി വിൽപ്പനയിലൂടെ 56,500 കോടി രൂപയുടെ വരുമാനമാണു കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

ഇതിൽ 36,000 കോടി രൂപ പി എസ് യു വിലെ ന്യൂനപക്ഷ ഓഹരി വിൽപ്പനയിലൂടെയാണു സമാഹരിക്കുക. അവശേഷിക്കുന്ന 20,500 കോടി രൂപ ലാഭത്തിലുള്ളവയും നഷ്ടത്തിലുള്ളവയുമായ സ്ഥാപനങ്ങളുടെ ഓഹരികളുടെ തന്ത്രപരമായ വിൽപ്പനയിൽ നിന്നുള്ള വരുമാനമാണ്. നാലു പതിറ്റാണ്ടു മുമ്പ് 1972ൽ സ്ഥാപിതമായ സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡ് തുടക്കത്തിൽ ആഭ്യന്തര വിപണിക്കായി ‘വിജയ് സൂപ്പർ’, വിദേശ വിപണികൾക്കായി ‘ലാംബ്രട്ട’ സ്കൂട്ടറുകളാണു നിർമിച്ചിരുന്നത്. പിന്നീട് ‘വിക്രം’ എന്നു പേരുള്ള ത്രിചക്ര വാഹനങ്ങളും പുറത്തിറക്കി. 1997ൽ ഇരുചക്രവാഹന നിർമാണം അവസാനിപ്പിച്ച കമ്പനി ഇപ്പോൾ ‘വിക്രം’ ഓട്ടോറിക്ഷകൾ മാത്രമാണു പുറത്തിറക്കുന്നത്. 1,200 ജീവനക്കാരുള്ള കമ്പനി 2002 — 03 മുതൽ നഷ്ടത്തിലാണ്; 2009 മാർച്ചിൽ പീഡിത വ്യവസായ വിഭാഗത്തിലുമായി. 2011 — 12 സാമ്പത്തിക വർഷത്തെ അറ്റ നഷ്ടം 20 കോടിയോളം രൂപയാണ്.

Your Rating: