Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ വാഹന നിയന്ത്രണം രണ്ടാംഘട്ടം ഇന്നു മുതൽ

വായു മലിനീകരണം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ രൂപീകരിച്ച ഓഡ്-ഇവൻ (ഒറ്റ-ഇരട്ട) വാഹനനിയന്ത്രണത്തിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച ആരംഭിക്കും. പരിപാടിയുടെ വിജയത്തിനു ജനത്തിന്റെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണു മുഖ്യമന്ത്രി. ഏപ്രിൽ 15 മുതൽ 30 വരെയാണു രണ്ടാംഘട്ടം. പുതുവർഷദിനം മുതൽ ജനുവരി 15 വരെയാണ് ഓഡ് ഇവൻ സ്കീം ഡൽഹി സർക്കാർ ആദ്യമായി നടപ്പിലാക്കിയത്.

ഓഡ് നമ്പറിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ഓഡ് ദിവസങ്ങളിലും ഈവൻ നമ്പറിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങൾക്ക് ഈവൻ ദിവസങ്ങളിലും മാത്രമേ റോഡിലിറങ്ങാനാകു. ഞായറാഴ്ചകളിൽ ഈ നിയമം ബാധകമല്ല. വിഐപികൾ, ഇരുചക്രവാഹകർ, എമർജൻസി വാഹനങ്ങൾ, വനിതകൾ എന്നിവർക്കു മാത്രമായിരുന്നു ആദ്യഘട്ടത്തിൽ ആനുകൂല്യം അനുവദിച്ചിരുന്നത്. എന്നാൽ ഇവർക്കു പുറമെ കുട്ടികളുമായി സ്കൂളിലേയ്ക്കു പോകുന്ന മാതാപിതാക്കൾക്കും ഇത്തവണ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു ഊന്നൽ നൽകിയിരുന്നതെങ്കിൽ രണ്ടാം ഘട്ടത്തിൽ നിയമം കർശനമായി പാലിക്കുന്നതിനാണ് ഊന്നൽ നൽകുകയെന്നു ഡൽഹി ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കു 2500 രൂപയാണു പിഴ. നിയമലംഘകരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനും ബോധൽക്കരണം നടത്തുന്നതിനുമായി 7000 ലധികം സന്നദ്ധപ്രവർത്തകരെയും ജീവനക്കാരെയുമാണു നിയമിച്ചിരിക്കുന്നത്. പ്രധാനറോഡുകളിലും ചെറു റോഡുകളിലും നിയമലംഘകരെ കണ്ടെത്തുന്നതിനു 200ലധികം വിരമിച്ച സൈനികരെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്.

പത്തു സെക്ടർ ഉൾപ്പെടുന്ന 11 സോണുകളായി തിരിച്ചാണു പ്രവർത്തനം. ഓരോ സെക്ടറിലും മൂന്നു ടീമുകള്‍ വീതമുണ്ടാകും. ഇതിനു മാത്രമായി 400 പേരെ അധികം നിയമിച്ചിട്ടുണ്ട്. ഇതിനു പുറമെ 180 ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരും, 200 ലധികം ട്രാഫിക് പൊലീസുകാരും ഈ ഉദ്യമത്തിൽ പങ്കാളിയാകും. അവബോധ പ്രവർത്തനങ്ങൾക്കായി നിയമിതരായിരിക്കുന്ന 5000-ലധികം വരുന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകർക്കു കടുത്ത വേനലിൽ നിന്നു രക്ഷനേടാൻ കുട, തൊപ്പി, കുടിവെള്ളം എന്നിവയും അവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് പരിരക്ഷയും നൽകുമെന്നു ഗതാഗതമന്ത്രി ഗോപാൽ റായ് വെളിപ്പെടുത്തി. ബോധവൽക്കരണം നല്‍കുക മാത്രമാകും ഇവരുടെ ഉത്തരവാദിത്വം. ഇവർക്കു പിഴ ഈടാക്കാനുള്ള അനുമതിയില്ല.