Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവറില്ലാ ബസ് ദുബായിയിൽ പരീക്ഷണയോട്ടത്തിന്

test-ride ഡ്രൈവറില്ലാ സ്മാർട് വാഹനം ഡൗൺടൗണിൽ

ദുബായ് ∙ എമിറേറ്റിന്റെ ഗതാഗത ചരിത്രത്തിൽ പുതിയ നാഴികക്കല്ലായി ഇന്നു മുതൽ പത്തു സീറ്റുള്ള ഡ്രൈവറില്ലാ സ്മാർട് വാഹനം ഡൗൺടൗൺ മുഹമ്മദ് ബിൻ റാഷിദ് ബോലെവാഡിൽ പരീക്ഷണയോട്ടം നടത്തും. 700 മീറ്റർ ട്രാക്കിൽ പത്തുസീറ്റർ കാർ ഷട്ടിൽ സർവീസ് ആണ് നടത്തുന്നത്. ഇമാർ പ്രോപ്പർടീസും റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും (ആർടിഎ) ചേർന്നുള്ള സംരംഭമാണിത്.

പരീക്ഷണയോട്ടം പുതിയ സാങ്കേതിക വിദ്യയുടെ ആദ്യഘട്ടമാണെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യുട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ അറിയിച്ചു. ബുർജ് ഖലീഫ, ദുബായ് മാൾ, ദുബായ് ഓപറ, സൂക് അൽ ബഹർ, വിവിധ ഹോട്ടലുകൾ തുടങ്ങിയവ ഉൾപ്പെടെ ഡൗൺടൗണിലെ പ്രമുഖ കേന്ദ്രങ്ങളെല്ലാം ഡ്രൈവറില്ലാ വാഹനം വഴി ബന്ധിപ്പിക്കാനാണ് ഇമാർ ശ്രമിക്കുന്നതെന്ന് ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അലി അൽ അബ്ബാർ അറിയിച്ചു.

ദുബായിയുടെ കാലാവസ്ഥയിൽ ഡ്രൈവറില്ലാ വാഹനത്തിന്റെ പ്രത്യേക സാങ്കേതിക വിദ്യ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും വിലയിരുത്തും. ഓട്ടോണമസ് കാർ സാങ്കേതിക വിദ്യയെക്കുറിച്ചു ജനങ്ങളെ ബോധവൽക്കരിക്കാനും താമസക്കാരുടെയും സന്ദർശകരുടെയും പ്രതികരണങ്ങളും സംതൃപ്തിയും മനസ്സിലാക്കാനും ആർടിഎ അവസരം വിനിയോഗിക്കും.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്മാർട് ഡ്രൈവറില്ലാ വാഹന പദ്ധതിയെക്കുറിച്ച് പ്രായോഗിക തലത്തിൽ കൂടുതൽ അറിവുപകരുന്നതുമാണു പുതിയ സംരംഭമെന്ന് അധികൃതർ അറിയിച്ചു. 2030ഓടെ ദുബായിലെ ഗതാഗതത്തിന്റെ 25%വും ഡ്രൈവറില്ലാ വാഹനത്തിലാക്കുകയാണു പദ്ധതി. ഈസി മൈൽ–ഓമ്നിക്സ് കമ്പനിയാണ് ‘ഡ്രൈവർലെസ്’ വാഹനത്തിന്റെ നിർമാതാക്കൾ.

മുൻകൂട്ടി പ്രോഗ്രാം ചെയ്ത റൂട്ടുകളിലൂടെ ഹ്രസ്വദൂരം സഞ്ചരിക്കാനാവുന്ന വാഹനത്തിൽ മികച്ച സുരക്ഷാ സംവിധാനങ്ങളുമുണ്ട്. വഴിയിൽ തടസ്സവും മറ്റ് പ്രശ്നങ്ങളുമുണ്ടായാൽ വാഹനത്തിലെ സെൻസർ വഴി കൂട്ടിയിടി ഒഴിവാക്കാനുള്ള വിദ്യയും വാഹനത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു. സാങ്കേതികവിദ്യയിലൂന്നിയ ദുബായ് സ്മാർട് സിറ്റി നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ആർടിഎ ഡൗൺടൗണിൽ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണയോട്ടം നടത്തുന്നതു സുസ്ഥിര ഗതാഗത മാർഗമെന്ന ലക്ഷ്യത്തോട് ചേർന്നതാണെന്നു മുഹമ്മദ് അലി അൽ അബ്ബാർ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ സൗകര്യവും ആഡംബരവും ഒരുക്കാനാണു ശ്രമം. ശുദ്ധവും സ്മാർട് ആയതുമായ പദ്ധതികൾ ഭാവി പദ്ധതിയായ ദുബായ് ക്രീക്ക് ഹാർബറിലും നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആർടിഎ കഴിഞ്ഞ ഏപ്രിലിൽ ഡ്രൈവറില്ലാ വാഹനത്തിന്റെ ആദ്യ പരീക്ഷണ പ്രവർത്തനം മീന ട്രാൻസ്പോർട് കോൺഗ്രസ് ആൻഡ് എക്സിബിഷനിൽ നടത്തിയിരുന്നു.