Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന വിൽപ്പന: 12% വളർച്ചയുണ്ടാവുമെന്നു ‘സയാം’

Buying a new car

തുടർച്ചയായ 14—ാം മാസവും രാജ്യത്തെ കാർ വിൽപ്പനയിൽ വർധന രേഖപ്പെടുത്തിയോതടെ നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച പരിഷ്കരിക്കാൻ ‘സയാം’ തീരുമാനിച്ചു. ഓഗസ്റ്റിലെ കാർ വിൽപ്പനയിലും 16.68% വർധന കൈവരിച്ചതോടെയാണ് 2016 — 17ലെ മൊത്തം വിൽപ്പനയിൽ പ്രതീക്ഷിക്കുന്ന വളർച്ച 10 — 12% ആയി രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) പരിഷ്കരിച്ചത്. 2015 ഓഗസ്റ്റിൽ 2,21,743 യൂണിറ്റ് വിറ്റത് കഴിഞ്ഞ മാസം 2,58,722 ആയി ഉയർന്നെന്നാണു ‘സയാ’മിന്റെ കണക്ക്. കാർ വിൽപ്പനയിൽ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് 9.53% വളർച്ചയാണ്; 2015 ഓഗസ്റ്റിൽ 1,62,360 കാർ വിറ്റത് കഴിഞ്ഞ മാസം 1,77,829 എണ്ണമായി ഉയർന്നു.

വാഹന വ്യവസായം ശക്തമായ തിരിച്ചു വരവാണു നടത്തുന്നതെന്നും എല്ലാ വിഭാഗങ്ങളിലും വളർച്ച ദൃശ്യമാണെന്നും സയാം ഡയറക്ടർ ജനറൽ വിഷ്ണു മാത്തൂർ അറിയിച്ചു. മികച്ച മഴയും ഏഴാം ശമ്പള കമ്മിഷൻ പ്രഖ്യാപനവുമൊക്കെ വിപണിയെ മുന്നേറാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ഥിരമായ പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിലാണ് 2016 —17ലെ വിൽപ്പനയിൽ പ്രതീക്ഷിക്കുന്ന വളർച്ച പരിഷ്കരിക്കാൻ ‘സയാ’മിനെ പ്രേരിപ്പിച്ചത്. നേരത്തെ 2016 — 17ൽ ഇന്ത്യൻ യാത്രാവാഹന വിപണി 11 — 13% വളർച്ച നേടുമെന്നായിരുന്നു ‘സയാ’മിന്റെ പ്രവചനം; എന്നാൽ പിന്നീട് സൊസൈറ്റി വിൽപ്പന വളർച്ച ആറു മുതൽ എട്ടു ശതമാനം വരെയായി കുറയുമെന്നു തിരുത്തി. എന്നാൽ ഇപ്പോഴത്തെ നില തുടർന്നാൽ ഇക്കൊല്ലത്തെ വിൽപ്പനയിലെ വളർച്ച 10 —12% വരെ ഉയരുമെന്നാണു ‘സയാം’ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സുഗതൊ സെന്നിന്റെ നിലപാട്. കഴിഞ്ഞ ഏപ്രിൽ — ഓഗസ്റ്റ് കാലത്തെ യാത്രാവാഹന വിൽപ്പനയിൽ 10.74% വർധനയാണു രേഖപ്പെടുത്തിയത്. 2015ൽ ഇതേ കാലത്ത് 10,97,704 യൂണിറ്റ് വിറ്റത് ഇത്തവണ 12,15,569 ആയി ഉയർന്നു.

മാത്രമല്ല, ഇത്തവണത്തെ ഉത്സവകാല വിൽപ്പന വാഹന വ്യവസായത്തിനു തകർപ്പൻ നേട്ടം സമ്മാനിക്കുമെന്നും ‘സയാം’ കരുതുന്നു. കഴിഞ്ഞ മൂന്നു നാലു വർഷത്തിനിടയിലെ ഏറ്റവും മികച്ച വിൽപ്പനയാണ് ഇക്കുറി ലഭിക്കുകയെന്നാണു മാത്തൂറിന്റെ പ്രതീക്ഷ. പുതിയ മോഡൽ അവതരണങ്ങളാണു യാത്രാവാഹന വിഭാഗത്തിലെ വിൽപ്പനയെ തുണയ്ക്കുന്നതെന്ന് ‘സയാം’ കരുതുന്നു. സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ മാരുതി സുസുക്കി അവതരിപ്പിച്ച ‘വിറ്റാര ബ്രേസ’യ്ക്കും ഹ്യുണ്ടേയ് മോട്ടോറിന്റെ ‘ക്രേറ്റ’യ്ക്കുമൊക്കെ മികച്ച വരവേൽപ്പാണു വിപണി നൽകിയത്.

Your Rating: