Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിൻ നിർമാണത്തിനു സീമൻസ് വാലിയോ സഖ്യം

siemens

വൈദ്യുത, സങ്കര ഇന്ധന കാറുകൾക്കുള്ള എൻജിൻ നിർമാണത്തിൽ സഹകരിക്കാൻ ജർമൻ എൻജിനീയറിങ് കമ്പനിയായ സീമൻസും ഫ്രഞ്ച് വാഹനഘടക നിർമാതാക്കളായ വാലിയോയും ധാരണയിലെത്തി. ജർമനിയിലെ എർലാംഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത സംരംഭത്തിന്റെ നിർമാണശാലകൾ ഫ്രാൻസ്, നോർവേ, പോളണ്ട്, ഹംഗറി, ചൈന എന്നീ രാജ്യങ്ങളിലാവും. മിക്കവാറും ഈ വർഷാവസാനത്തോടെ തന്നെ പുതിയ സംയുക്ത സംരംഭം പ്രവർത്തനസജ്ജമാവുമെന്നാണു പ്രതീക്ഷ. എന്നാൽ സംരംഭത്തിന്റെ സാമ്പത്തികവശം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല.

വൈദ്യുത കാറുകളിലും ലഘു വാണിജ്യ വാഹനങ്ങളിലും ഉപയോഗിക്കാവുന്ന ഹൈ വോൾട്ടേജ് വൈദ്യുത മോട്ടോർ, സഞ്ചാരശേഷി ഉയർത്തുന്ന റേഞ്ച് എക്സ്റ്റൻഡർ, ചാർജർ തുടങ്ങിയവയാകും ഈ പുതിയ കമ്പനി വികസിപ്പിക്കുക. പവർ ഇലക്ട്രോണിക്സ്, വൈദ്യുത മോട്ടോർ ഉൽപന്ന മേഖലകളിൽ വൈദഗ്ധ്യമുള്ള സീമൻസിന്റെ പിന്തുണയുള്ളതിനാൽ മൈക്രോ ഹൈബ്രിഡ് മുതൽ പൂർണ ഇലക്ട്രിക് വരെയുള്ള സംവിധാനങ്ങൾക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കാൻ വാലിയോയോക്കു കഴിയുമെന്നു കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ജാക്വസ് ആഷെൻബ്രോയിച് അഭിപ്രായപ്പെട്ടു.

യഥാർഥ യൂറോപ്പ് ആസ്ഥാനമായ കമ്പനി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഉദാഹരണമാണു വാലിയോ സീമൻസ് സംയുക്ത സംരംഭമെന്ന് സീമൻസ് മാനേജിങ് ബോർഡ് അംഗം ക്ലോസ് ഹെൽമ്റിച് പ്രതികരിച്ചു. വാലിയോയുടെ ഹൈ വോൾട്ടേജ് പവർ ഇലക്ട്രോണിക്സ് ബിസിനസും സീമൻസിന്റെ ഇ കാർ പവർ ട്രെയ്ൻ സിസ്റ്റംസ് ബിസിനസ് യൂണിറ്റും സംയോജിപ്പിച്ചാണു പുതിയ കമ്പനി രൂപീകൃതമാവുക. വാലിയോയിൽ ഇരുനൂറോളം പേരാണു ജോലി ചെയ്യുന്നത്; സീമൻസിന്റെ യൂണിറ്റിലാവട്ടെ അഞ്ഞൂറോളം ജീവനക്കാരുണ്ട്. ജീവനക്കാരുടെ പ്രതിനിധികളുമായുള്ള ചർച്ചകളുടെയും ആന്റി ട്രസ്റ്റ് അധികൃതരുടെ അംഗീകാരത്തിനും വിധേയമായിട്ടാവും സംയ്കുത സംരംഭത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനം.

Your Rating: