Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ സംയുക്ത സംരംഭത്തിനൊരുങ്ങി സാ‌ങ്‌യോങ്

ssangyong-korando Ssangyong Korando

ചൈനയിലെ ഷാങ്സി ഓട്ടമൊബീൽ ഗ്രൂപ്പുമായി സംയുക്ത സംരംഭം സ്ഥാപിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യുടെ ഉടമസ്ഥതയിലുള്ള കൊറിയൻ വാഹന നിർമാതാക്കളായ സാ‌ങ്‌യോങ് മോട്ടോർ കമ്പനി താൽപര്യപത്രം ഒപ്പിട്ടു. ചൈനീസ് വിപണിയിലെ പ്രകടനം മെച്ചപ്പെടുത്താനായി ഷാങ്സി ഓട്ടമൊബീൽ ഗ്രൂപ്പുമായി സഹകരിച്ചു പ്രാദേശിക ഉൽപ്പാദന സൗകര്യം ഏർപ്പെടുത്താനാണു സാങ്യങ്ങിന്റെ പദ്ധതി.
പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയാവും ഷാങ്സി — സാ‌ങ്‌യോങ് സംയുക്ത സംരംഭം സ്ഥാപിക്കുക. സാങ്യങ്ങിനെ സംബന്ധിച്ചിടത്തോളം ദക്ഷിണ കൊറിയയ്ക്കു പുറത്ത് കമ്പനി സ്ഥാപിക്കുന്ന ആദ്യ നിർമാണശാലയുമാവുമിത്.

പ്രതിവർഷം ഒന്നര ലക്ഷം യൂണിറ്റ് നിർമാണശേഷിയുള്ള ആദ്യഘട്ടം 2019 അവസാനത്തോടെ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. രണ്ടാം ഘട്ട വികസനം പൂർത്തിയാവുന്നതോടെയാവും ചൈനയിലെ ശാലയുടെ ഉൽപ്പാദനശേഷി മൂന്നു ലക്ഷം യൂണിറ്റായി ഉയരുക.  കൂടാതെ കൊറിയയിൽ നിന്നുള്ള യന്ത്രഘടക നിർമാതാക്കളെ ഉൾപ്പെടുത്തി ചൈനയിലെ പ്ലാന്റിനൊപ്പം ഓട്ടമോട്ടീവ് ക്ലസ്റ്റർ സ്ഥാപിക്കാനും സാ‌ങ്‌യോങ്ങിനു പദ്ധതിയുണ്ട്. നിലവിലുള്ള മോഡലുകൾക്കൊപ്പം ഭാവിയിൽ അവതരിപ്പിക്കുന്ന പുതിയ മോഡലുകളും ചൈനയിൽ നിർമിക്കാനാണു സാ‌ങ്‌യോങ് ലക്ഷ്യമിടുന്നത്. മത്സരക്ഷമത വർധിപ്പിക്കാൻ ചൈനയിൽ നിർമാണശാല സ്ഥാപിക്കേണ്ടത് അനിവാര്യതയാണെന്ന് സാങ്യങ് മോട്ടോർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ചോയ് ജോങ് സിക് അഭിപ്രായപ്പെട്ടു. അതിവേഗം വളരുന്ന ചൈനീസ് വിപണിയിൽ വിൽപ്പന വർധിപ്പിക്കാനും ഈ നടപടി അനിവാര്യമാണ്.

സാ‌ങ്‌യോങ്ങിനെ സംബന്ധിച്ചിടത്തോളം വളർച്ചയ്ക്കുള്ള പുതുവഴിയെന്ന നിലയിലാണ് ഷാങ്സിയുമായി 50:50 ഓഹരി പങ്കാളിത്തത്തിൽ പുതിയ നിർമാണശാല സ്ഥാപിക്കുന്നതെന്ന് ഓഹരി വിപണികൾക്കുള്ള അറിയിപ്പിൽ എം ആൻഡ് എം വിശദീകരിച്ചു. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) നിർമാണത്തിൽ കരുത്തു തെളിയിക്കാൻ ശ്രമിക്കുന്ന സാങ്യങ്ങിനു ചൈനീസ് വിപണിയിൽ മികച്ച പ്രകടനം അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കി. താൽപര്യ പത്രം ഒപ്പിട്ട സാഹചര്യത്തിൽ സാ‌ങ്‌യോങ്ങിൽ നിന്നും ഷാങ്സിയിൽ നിന്നുമുള്ള പ്രത്യേക സംഘമാവും വാഹന നിർമാണശാല സംബന്ധിച്ച തുടർനടപടികൾ ചർച്ച ചെയ്യുക. പ്ലാന്റിനുള്ള നിയമപരമായ അനുമതികൾ നേടിയെടുക്കലാവും അടുത്ത കടമ്പ. 1968ൽ സ്ഥാപിതമായ ഷാങ്സി ഓട്ടമൊബീൽ ഗ്രൂപ് ട്രക്കുകളും ബസ്സുകളും ലഘുവാണിജ്യ വാഹനങ്ങളും പിക് അപ്പുകളുമൊക്കെ നിർമിക്കുന്നുണ്ട്.

Your Rating: