Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ ഉരുക്കിനും വിലയേറുന്നു


					Representative Image

പുതുവർഷത്തിൽ വില വർധിപ്പിക്കാൻ രാജ്യത്തെ ഉരുക്ക് ഉൽപ്പാദകരും ഒരുങ്ങുന്നു. കോക്കിങ് കോൾ വിലയേറിയതും പ്രവർത്തന ചെലവുകൾ ഉയർന്നതുമൊക്കെ കാരണം ഉരുക്ക് ടണ്ണിന് 6,000 രൂപയുടെ വിലവർധനയാണ് ജനുവരിയിൽ പ്രാബല്യത്തിലെത്തുക. ഇതോടെ രാജ്യത്തെ വാഹന നിർമാതാക്കളുടെ പ്രവർത്തന ചെലവിൽ വീണ്ടും അധിക ബാധ്യത സൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പായി. ലോക വിപണിയിലും ഉരുക്ക് വില ഉയരുന്നതിന്റെ സൂചനകളാണു ദൃശ്യമാവുന്നത്; അതുകൊണ്ടുതന്നെ ആവശ്യം ഇടിയുമ്പോഴും സ്റ്റീൽ വില വർധിപ്പിക്കാവുന്ന സ്ഥിതിയിലാണ് ആഭ്യന്തര നിർമാതാക്കൾ.

ഡിസംബറിലും ഉരുക്ക് നിർമാതാക്കളായ ജെ എസ് ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, എസ്സാർ സ്റ്റീൽ, പൊതുമേഖല സ്ഥാപനമായ സെയിൽ എന്നിവർ ടണ്ണിന് 3,000 രൂപ വില വർധിപ്പിച്ചത്. ഇതോടെ ഉരുക്ക് വില ടണ്ണിന് 36,000 — 38,000 രൂപ നിലവാരത്തിലെത്തി.രാജ്യത്തു മികച്ച മഴ ലഭിച്ചതോടെ ഗ്രാമീണ മേഖലയിലെ ആവശ്യം ഉയരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ജൂലൈ മുതൽ ഉരുക്ക് വില വർധിക്കുന്ന പ്രവണതയാണു പ്രകടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മിഷൻ ശുപാർശ ചെയ്ത ആനുകൂല്യങ്ങൾ ലഭിച്ചതും ഉരുക്ക് നിർമാതാക്കൾ അനുകൂല ഘടകമായി കരുതിയിരുന്നു. എന്നാൽ മൂല്യമേറിയ നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഫലമായി നിർമാണ, അടിസ്ഥാന സൗകര്യ മേഖലകൾക്കു നേരിട്ട തിരിച്ചടി ഉരുക്ക് നിർമാണത്തെയും വിൽപ്പനയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അതേസമയം വിദേശ നാണയ വിനിമയ വിപണിയിൽ രൂപയ്ക്കു മൂല്യമിടിഞ്ഞതോടെ ഇറക്കുമതി ചെയ്യുന്ന കോക്കിങ് കോളിനു വിലയേറി. ഈ കാരണത്താലാണ് ജെ എസ് ഡബ്ല്യു സ്റ്റീലും ടാറ്റ സ്റ്റീലും എസ്സാർ സ്റ്റീലുമൊക്കെ വീണ്ടുമൊരു വില വർധനയ്ക്കു തയാറെടുക്കുന്നത്. രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുടെ ഫലമായി ഇറക്കുമതി ചെയ്ത ഉരുക്കും ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ച ഉരുക്കുമായുള്ള വില വ്യത്യാസം ടണ്ണിന് ആറായിരത്തോളം രൂപയായി കുറഞ്ഞിട്ടുണ്ട്.  

Your Rating: