Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സങ്കര ഇന്ധന സാങ്കേതികവിദ്യ: ഇളവ് അപര്യാപ്തമെന്നു ഹോണ്ട

accord-hybrid

പരിസ്ഥിതി സൗഹൃദമായ സങ്കര ഇന്ധന വാഹനങ്ങൾക്ക് ഇന്ത്യയിൽ നിലവിലുള്ള ഇളവുകൾ അപര്യാപ്തമാണെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ്. ഒപ്പം ആനുകൂല്യ വിതരണം സന്തുലിതമാക്കാൻ പൂർണ തോതിലുള്ള സങ്കര ഇന്ധന മോഡലുകളും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി കൃത്യമായ വേർതിരിവ് വേണമെന്നും കമ്പനി നിർദേശിക്കുന്നു. ഈ ചൊവ്വാഴ്ച ‘അക്കോഡ് ഹൈബ്രിഡ്’ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണു ഹോണ്ട കാഴ്സ് ഇന്ത്യ. ഈ സാഹചര്യത്തിലാണു ബദൽ ഇന്ധന, സങ്കര ഇന്ധന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്ന ‘ഫെയിം’ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ അപര്യാപ്തമാണെന്നു കമ്പനി വിലയിരുത്തുന്നത്.

സങ്കര ഇന്ധന സാങ്കേതികവിദ്യയ്ക്കു വിവിധ തലങ്ങളുണ്ടെന്നു ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യൊചിരൊ ഊനോ ചൂണ്ടിക്കാട്ടി. ചില വാഹനങ്ങളിൽ പൂർണതോതിലുള്ള സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ളപ്പോൾ മറ്റു പലതിലുമുള്ളത് മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയാണ്. ഇവ തമ്മിൽ വേർതിരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നടപ്പാക്കാനുള്ള ചെലവ് താരതമ്യേന കുറവാണ്; ഈ സാഹചര്യത്തിൽ ഇവയ്ക്ക് അനുവദിക്കുന്ന ഇളവുകളും ആനുപാതികമായി കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് ഊനോ നിർദേശിച്ചു. സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള വേർതിരിവിലൂടെ ആനുകൂല്യ വിതരണം ഫലപ്രദമാക്കാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ നിർമാതാക്കളുടെ ചില മോഡലുകളാണു നിലവിൽ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ നിരത്തിലുള്ളത്.

പൂർണ തോതിലുള്ള സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ള വാഹനങ്ങളെ അപേക്ഷിച്ച് ഇവയ്ക്കു വില കുറവാണെന്നതാണ് പ്രധാന ആകർഷണം.അതേസമയം, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ(‘ഫെയിം’) പദ്ധതി പ്രകാരം മൈൽഡ് ഹൈബ്രിഡ്, പൂർണ സങ്കര ഇന്ധന വാഹനങ്ങൾക്ക് തുല്യമായ ഇളവുകളാണ് അനുവദിക്കുന്നത്. മാത്രമല്ല, വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് പദ്ധതി പ്രകാരമുള്ള ഇളവും ലഭിക്കില്ല. ബദൽ ഇന്ധനങ്ങളിൽ ഓടുന്ന ഇരുചക്രവാഹനങ്ങൾക്ക് 29,000 രൂപ വരെയും കാറുകൾക്ക് 1.38 ലക്ഷം രൂപ വരെയുമാണ് ‘ഫെയിം’ പ്രകാരമുള്ള പരമാവധി ഇളവ്.  

Your Rating: