Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹീറോ മോട്ടോ കോർപ് ജോയിന്റ് എം ഡി കമ്പനി വിടുന്നു

sunil-kant-munjal Sunil Kant Munjal

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്നു കമ്പനിയുടെ ജോയിന്റ് മാനേജിങ് ഡയറക്ടറായ സുനിൽകാന്ത് മുഞ്ജാൾ പിൻമാറുന്നു. സ്വന്തം ബിസിനസ് താൽപര്യങ്ങളും പുതിയ സംരംഭങ്ങളുമായി മുന്നോട്ടു പോകാൻ ലക്ഷ്യമിട്ടാണു ഹീറോ കോർപറേറ്റ് സർവീസസ് ചെയർമാൻ കൂടിയായ സുനിൽകാന്ത് മുഞ്ജാൾ സ്ഥാനമൊഴിയുന്നതെന്നു ഹീറോ ഗ്രൂപ് വെളിപ്പെടുത്തി.

പരേതനായ ഡോ ബ്രിജ്മോഹൻലാൽ മുഞ്ജാൾ സ്ഥാപിച്ച ഹീറോ ഗ്രൂപ് പിന്തുടരുന്ന മൂല്യങ്ങൾ പാലിച്ചാണു ബി എം എൽ മുഞ്ജാൾ കുടുംബത്തിലെ അംഗങ്ങൾ ഭാവി വളർച്ചയും വികസനവും മുൻനിർത്തി സ്വന്തം ബിസിനസ് സംരംഭങ്ങളുമായി മുന്നേറുന്തെന്നു ഹീറോ മോട്ടോ കോർപ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. ഇത്തരം പുനഃക്രമീകരണം പ്രായോജകരുടെ ഓഹരി ഘടനയെയോ കമ്പനിയുടെ ദിശാബോധത്തെയോ പ്രവർത്തനത്തെയോ ബാധിക്കില്ലെന്നും ഹീറോ മോട്ടോ കോർപ് വ്യക്തമാക്കി. ഈ ഓഗസ്റ്റ് 16നു തന്റെ കാലാവധി പൂർത്തിയാവുന്നതോടെ കമ്പനിയുടെ ജോയിന്റ് എം ഡി സ്ഥാനമൊഴിയാനാണു സുനിൽ മുഞ്ജാൾ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

പരേതനായ ബ്രിജ്മോഹൻലാൽ മുഞ്ജാളിന്റെ ഇളയ മകനാണു ഹീറോ മോട്ടോ കോർപ് ജോയിന്റ് എം ഡിയായ സുനിൽകാന്ത് മുഞ്ജാൾ. ബ്രിജ്മോഹൻലാൽ മുഞ്ജാളിന്റെ ജീവിതകാലത്തുതന്നെ ഹീറോ മോട്ടോ കോർപിന്റെ ഭരണത്തുടർച്ച സംബന്ധിച്ചു വ്യക്തമായ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനായ പവൻ മുഞ്ജാളാണു കമ്പനിയുടെ ചെയർമാൻ, മാനേജിങ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികകൾ വഹിക്കുന്നത്.  

Your Rating: