Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് യു വി എൻജിനുള്ള ഹെലികോപ്റ്റർ‘പവൻ പുത്ര’

pawan-putra Pawan Putra

ലോഹത്തകിടും കാറിന്റെ സീറ്റും എസ് യു വി എൻജിനുമൊക്കെ ഉപയോഗിച്ച് ഹെലികോപ്റ്റർ നിർമിച്ച് അസം സ്വദേശി. സാമ്പത്തികസ്ഥിതി മോശമായതിനാൽ മൂന്നാം ക്ലാസിൽ പഠനം അവസാനിപ്പിക്കാൻ നിർബന്ധിതനായ ചന്ദ്ര ശിവകോടി ശർമയാണു ‘പവൻ പുത്ര’ എന്നു പേരിട്ട ഹെലികോപ്റ്ററിന്റെ സൃഷ്ടാവ്. ഗുവാഹത്തിയിൽ നിന്ന് 450 കിലോമീറ്ററോളം അകലെ, ധേമാജി ജില്ലയിലുള്ള ശ്യാംജുലി ഗ്രാമത്തിലെത്തിച്ചേരുക ഏറെ ക്ലേശകരമാണ്. അസമിൽ ഏറ്റവും അവികസിതമായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം സദാ പ്രളയ ഭീഷണിയിലുമാണ്; ഈ പരിമിതികളെ മറികടക്കാനാണത്രെ ശർമ രണ്ടു പേർക്കു സഞ്ചരിക്കാവുന്ന ‘പവൻ പുത്ര’ വികസിപ്പിച്ചത്. വാഹന മെക്കാനിക്കായ ശർമ 15 ലക്ഷത്തോളം രൂപ ചെലവിട്ടാണു തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്; സമ്പാദ്യത്തിനൊപ്പം സ്വന്തമായുണ്ടായിരുന്ന ഭൂമി കൂടി വിറ്റാണ് അദ്ദേഹം ഈ തുക കണ്ടെത്തിയത്. ഇരട്ട എൻജിനുള്ള ‘പവൻ പുത്ര’യ്ക്കു കരുത്തേകുന്ന എൻജിനുകൾ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ നിന്നു കടമെടുത്തതാണ്.

നിലവിലുള്ള സിവിൽ, സൈനിക ഹെലികോപ്റ്ററുകളോട് കിടപിടിക്കില്ലെങ്കിലും തന്റെ ‘പവൻ പുത്ര’യും പറക്കുമെന്ന് ശർമ അവകാശപ്പെടുന്നു. 30 — 50 അടി ഉയരത്തിൽ പറക്കാൻ കഴിവുള്ള കോപ്റ്ററിന്റെ പരമാവധി വേഗം മണിക്കൂറിൽ 50 കിലോമീറ്ററാണത്രെ. അധികൃതരിൽ നിന്ന് ആവശ്യമായ അനുമതികൾ നേടിയ ശേഷം തന്റെ ഹെലികോപ്റ്റർ പറത്തി നോക്കാനുള്ള ശ്രമത്തിലാണു ശർമ ഇപ്പോൾ. ശർമയുടെ പരിശ്രമത്തോട് ജില്ലാ അധികൃതരും അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. സാങ്കേതിക വൈദഗ്ധ്യമോ ഉന്നത വിദ്യാഭ്യാസമോ ഇല്ലെങ്കിലും പ്രതികൂല സാഹചര്യങ്ങളെ മറികടന്നു സ്വന്തമായി ഹെലികോപ്റ്റർ വികസിപ്പിച്ച ശർമയെ സഹായിക്കണമെന്നുണ്ടെന്നു ജില്ലയുടെ ഡപ്യൂട്ടി കമ്മിഷണർ വിക്ടർ കാർപന്റർ വ്യക്തമാക്കുന്നു. എന്നാൽ ഇതിനായി നിയമങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

‘പവൻ പുത്ര’യ്ക്കു പറക്കാനുള്ള അനുമതി തേടി ഡി ജി സി എ അടക്കമുള്ള അധികാരികളെ സമീപിക്കാനാണു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ശർമ നിർമിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനുള്ള അനുമതിയെങ്കിലും നേടിക്കൊടുക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതിനിടെ ശർമയുടെ ഹെലികോപ്റ്ററിൽ അഭിമാനിതരായ ഗ്രാമവാസികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമീപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽപെടുത്താൻ അനുയോജ്യമായ സംരംഭമാണു ശർമയുടേതെന്നാണു ഗ്രാമവാസിയായ ഗണേഷ് കർകിയുടെ അഭിപ്രായം. ദാരിദ്യ്രം മൂലം മൂന്നാം ക്ലാസിനപ്പുറം പഠിക്കാൻ കഴിയാതെ പോയ ശർമ സമ്പാദ്യവും ഭൂമിയുമൊക്കെ പണയപ്പെടുത്തിയാണു തന്റെ സ്വപ്നം സാക്ഷാത്കരിച്ചതെന്നു കിർകി പ്രധാനമന്ത്രിക്കയച്ച കത്തിൽ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ശർമ പ്രോത്സാഹനം അർഹിക്കുന്നെന്നാണു കത്തിലെ വാദം.

അനുമതി നേടിയാൽ ‘പവൻ പുത്ര’യുടെ പരീക്ഷണ പറക്കലിനെത്താമെന്നു സമീപത്തെ കരസേന ക്യാംപിലെ ഓഫിസർമാരും ഉറപ്പു നൽകിയിട്ടുണ്ടെന്നു ശർമ പറയുന്നു. ഇതിനിടെ ഹെലികോപ്റ്ററിന്റെ എൻജിൻ പരീക്ഷിക്കാൻ ഒരു തവണ ശർമ ശ്രമിച്ചിരുന്നു. റോട്ടറിന്റെ കരുത്തിൽ ഹെലികോപ്റ്റർ ഉയരാൻ തുടങ്ങിയിരുന്നത്രെ. എന്നാൽ നിയമലംഘനം ഭയന്നു താൻ എൻജിനുകളുടെ പ്രവർത്തനം നിർത്തുകയായിരുന്നെന്നാണു ശർമയുടെ നിലപാട്.