Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ നിർമിച്ച ‘ബലേനൊ’ ജപ്പാനിൽ

Maruti Baleno Suzuki Baleno

ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന, ഇന്ത്യയിൽ നിർമിച്ച ആദ്യ കാർ എന്ന റെക്കോഡ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്ക്. ഏതെങ്കിലും കമ്പനി ഇന്ത്യയിൽ നിർമിച്ച കാർ ഇതാദ്യമായാണ് ജപ്പാൻ വിപണിയിൽ പ്രവേശിക്കുന്നത്. മാരുതിയെ സംബന്ധിച്ചിടത്തോളം മാതൃസ്ഥാപനമായ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലേക്കാണു കാർ കയറ്റുമതി എന്നത് ഇരട്ടനേട്ടവുമാകുന്നു. അടുത്ത മാസമാണു പുതിയ ‘ബലേനൊ’ ജപ്പാൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുക. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു കപ്പലിലെത്തിയ ‘ബലേനൊ’യുടെ ആദ്യ സംഘത്തിൽ 1,800 കാറുകളാണുള്ളത്. തൊയൊഹാഷി തുറമുഖം വഴിയാണ് ഈ കാറുകൾ ജപ്പാനിൽ പ്രവേശിച്ചത്.

Maruti Baleno Suzuki Baleno

ജപ്പാനിലേക്കുള്ള ‘ബലേനൊ’ കയറ്റുമതിയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ വിജയമായാണു വിലയിരുത്തപ്പെടുന്നത്. ഒപ്പം വാഹന നിർമാണ മേഖലയിൽ ഇന്ത്യയ്ക്കുള്ള കഴിവിനെയും ഗുണനിലവാരത്തെയുമൊക്കെ നിരന്തരം വിമർശിച്ചിരുന്ന, ജപ്പാനിൽ നിന്നുള്ളതടക്കമുള്ള രാജ്യാന്തര കമ്പനികൾക്കുള്ള ശക്തമായ മറുപടിയുമാണിത്. ആദ്യ മോഡലായ ‘മാരുതി 800’ കാറുമായി 1980കളുടെ തുടക്കത്തിൽ വിപണിയിലെത്തിയ മാരുതി ഉദ്യോഗ് ലിമിറ്റഡ് ചുരുങ്ങിയ കാലത്തിനിടെ ഇന്ത്യൻ നിരത്തുകളെ കീഴടക്കുകയായിരുന്നു. കടന്നു പോയ വർഷങ്ങൾക്കിടെ വാഹന നിർമാണ രംഗത്തു മികവു കൈവരിച്ച മാരുതി സുസുക്കിയുടെ കാറുകൾ ജപ്പാനിലേക്കു കയറ്റുമതി ചെയ്യുമെന്ന് ഏതാനും മാസങ്ങൾ മുമ്പു ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ — ജപ്പാൻ ബിസിനസ് ലീഡേഴ്സ് ഫോറത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസൊ ആബെയും ചേർന്നു പ്രഖ്യാപിച്ചത്.

Maruti Baleno Suzuki Baleno

വർഷം തോറും 20,000 — 30,000 ‘ബലേനൊ’ കയറ്റുമതി ചെയ്യാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നു മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാനിലേക്കുള്ള കാർ കയറ്റുമതി എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ ഇതു സാധ്യമായാൽ ദീർഘകാലാടിസ്ഥാനത്തിൽ മാരുതിക്കു മാത്രമല്ല ഇന്ത്യൻ കാർ വ്യവസായത്തിനു തന്നെ ഈ നീക്കം ഗുണകരമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഹ്യുണ്ടേയ് ‘ഐ 20’, ഹോണ്ട ‘ജാസ്’, ഫോക്സ്വാഗൻ ‘പോളോ’ തുടങ്ങിയവയെ നേരിടുന്ന ‘ബലേനൊ’ പുത്തൻ ഷോറൂം ശൃംഖലയായ ‘നെക്സ’ വഴിയാണു മാരുതി സുസുക്കി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകളോടെയാണു കാർ വിൽപ്പനയ്ക്കുള്ളത്.