Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേ ടി എം വഴി സുസുക്ക് ബൈക്ക് വിൽപ്പനയ്ക്ക്

suzuki-paytm

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കിയുടെ മോഡലുകൾ ഇനി ഇന്ത്യൻ ഇ കൊമേഴ്സ് വെബ്സൈറ്റായ പേ ടിഎം വഴി ബുക്ക് ചെയ്യാം. പേ ടിഎം പ്ലാറ്റ്ഫോം വഴിയുള്ള ബുക്കിങ് സൗകര്യം രാജ്യവ്യാപകമായി ലഭ്യമാവുമെന്ന് സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.  നാനൂറോളം ഡീലർമാർ വഴിയാണു സുസുക്കി മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും ലഭ്യമാക്കുകയെന്ന് പേ ടിഎം വെളിപ്പെടുത്തി. കൂടാതെ സുസുക്കി വാഹനങ്ങൾ വാങ്ങുന്നവർക്ക് അനുയോജ്യമായ ആകർഷക വായ്പാ പദ്ധതികളും പേ ടി എമ്മിൽ പ്രതീക്ഷിക്കാം. കരാറിന്റെ ഭാഗമായി പേ ടി എമ്മിൽ സുസുക്കിക്ക് ബ്രാൻഡ് സ്റ്റോറിനും ഇടം ലഭിക്കും. ഇതുവഴി കൂടുതൽ ഇടപാടുകാരെ കണ്ടെത്താനാവുമെന്നാണു സുസുക്കിയുടെ പ്രതീക്ഷ. ഈ ഡിസംബറിനകം സുസുക്കിയൂടെ 10,000 ഇരുചക്രവാഹനങ്ങൾ വിൽക്കാനാവുമെന്നാണു പേ ടിഎമ്മിന്റെ കണക്ക്.

വൺ97 കമ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിൽ നോയ്ഡ ആസ്ഥാനമായി 2010ലാണു പേ ടി എം പ്രവർത്തനം തുടങ്ങിയത്. ഇടപാടുകളിലെ സ്വീകാര്യതയും ഉപഭോക്തൃ സംതൃപ്തിയും വഴി ഉപയോക്താക്കൾക്കിടയിൽ മികച്ച വിശ്വാസ്യത കൈവരിച്ച പ്ലാറ്റ്ഫോമാണു പേ ടിഎമ്മെന്നു സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ സതോഷി ഉചിഡ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സുസുക്കിക്ക് ഏറ്റവും അനുയോജ്യരായ പങ്കാളികളാണു പേ ടിഎമ്മെന്നും അദ്ദേഹം വിലയിരുത്തി. പേ ടിഎമ്മിൽ പോയി ക്ലിക്ക് ചെയ്താൽ ഇഷ്ടമുള്ള സുസുക്കി മോട്ടോർ സൈക്കിൾ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവരുന്നത്. രാജ്യത്തെ സുസുക്കി ഡീലർഷിപ്പുകൾ പേ ടിഎം വഴിയുള്ള ഇടപാടുകാർക്കു പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

പേ ടി എമ്മിനെ സുസുക്കി പങ്കാളിയായി തിരഞ്ഞെടുത്തതിൽ ഏറെ ആഹ്ലാദമുണ്ടെന്നായിരുന്നു കമ്പനി വൈസ് പ്രസിഡന്റ് രേണു സാട്ടിയുടെ പ്രതികരണം. ഇരു കൂട്ടർക്കും പ്രയോജനപ്രദമായ ഈ സഖ്യത്തിലെ യഥാർഥ ജേതാക്കൾ വാഹന ഉപയോക്താക്കളാവുമെന്നും സാട്ടി അഭിപ്രായപ്പെട്ടു.

Your Rating: