Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ നിർമാണശാലയിൽ 6500 കോടി നിക്ഷേപവുമായി സുസുക്കി

suzuki-logo

ഗുജറാത്തിൽ സ്ഥാപിക്കുന്ന പുതിയ കാർ നിർമാണശാലയിൽ രണ്ടാമത്തെ അസംബ്ലി ലൈനിനായി 10,000 കോടി യെൻ(6477.57 കോടിയോളം രൂപ) നിക്ഷേപിക്കാൻ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷൻ ഒരുങ്ങുന്നു. മെഹ്സാനയ്ക്കടുത്ത് ഹൻസാൽപൂരിൽ സ്ഥാപിക്കുന്ന ശാലയുടെ നിർമാണം പൂർത്തിയാവും മുമ്പാണു സുസുക്കി പ്ലാന്റ് വികസനത്തിനുള്ള നിക്ഷേപത്തിനു തയാറെടുക്കുന്നത്. ശാലയിലെ രണ്ടാമത്തെ അസംബ്ലി ലൈൻ 2019ൽ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.

ഹൻസാൽപൂരിലെ അടുത്ത വർഷത്തോട പ്രവർത്തനം ആരംഭിക്കുമെന്നു കരുതുന്ന ആദ്യ അസംബ്ലി ലൈനിന്റെ വാർഷിക ഉൽപ്പാദന ശേഷി 1.50 ലക്ഷം യൂണിറ്റാണ്. രണ്ടാമത്തെ അസംബ്ലി ലൈനിലും ഇത്രയും തന്നെ വാർഷിക ഉൽപ്പാദനശേഷിയാണു പ്രതീക്ഷിക്കുന്നത്. പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ ഈ ശാലയുടെ മൊത്തം വാർഷിക ഉൽപ്പാദനശേഷി ഏഴര ലക്ഷം യൂണിറ്റായി ഉയരും.

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷ(എസ് എം സി)ന്റെ ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്താണു ഹൻസാൽപൂരിൽ പുതിയ വാഹന നിർമാണശാല സ്ഥാപിക്കുന്നത്. മാരുതി സുസുക്കിക്കു വേണ്ടി കാറുകൾ ഉൽപ്പാദിപ്പിച്ചു നൽകാൻ ലക്ഷ്യമിട്ടാണ് എസ് എം സി പുതിയ ഉപസ്ഥാപനം രൂപീകരിച്ചത്. ഗുജറാത്തിലെ നിർദിഷ്ട ശാല പ്രവർത്തനക്ഷമമാവുന്നതോടെ സുസുക്കിയുടെ ഇന്ത്യയിലെ വാർഷിക ഉൽപ്പാദനശേഷി 20 ലക്ഷം യൂണിറ്റായി ഉയരുമെന്നാണു കണക്കാക്കുന്നത്. നിലവിൽ ഹരിയാനയിലെ മനേസാറിലും ഗുഡ്ഗാവിലുമാണു മാരുതി സുസുക്കിയുടെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്.

ഗുജറാത്തിലെ പുതിയ ശാലയിൽ നിന്നു പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാവും സുസുക്കി ഉൽപ്പാദിപ്പിക്കുക. ഗുജറാത്തിലെ പ്രധാന തുറമുഖങ്ങളോടുള്ള സാമീപ്യം മുൻനിർത്തി കാർ കയറ്റുമതി കേന്ദ്രമായും ഹൻസാൽപൂർ ശാലയെ വികസിപ്പിക്കാൻ സുസുക്കിക്കു പദ്ധതിയുണ്ട്. സമീപ ഭാവിയിൽ ആഗോള കാൽ വിൽപ്പനയിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുമെന്നാണു പ്രതീക്ഷ; 2020ൽ ജപ്പാനെയും ജർമനിയെയും പിന്തള്ളി ആഗോള കാർ വിപണികളിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാവുമെന്നാണു വിലയിരുത്തൽ. ഇതോടെ കാർ വിൽപ്പനയിൽ ചൈനയും യു എസും മാത്രമാവും ഇന്ത്യയ്ക്കു മുന്നിൽ. ഈ സാഹചര്യത്തിൽ കാർ വിൽപ്പനയിലെ വളർച്ചയിലേറെയും ഇന്ത്യ കേന്ദ്രീകരിച്ചാവുമെന്നും സുസുക്കി കണക്കുകൂട്ടുന്നു. ഇതു മുൻനിർത്തിയാണ് കമ്പനി ഗുജറാത്തിൽ പുതിയ കാർ നിർമാണശാല സ്ഥാപിക്കുന്നത്. 2022 ആകുമ്പോൾ സുസുക്കിയുടെ ഇന്ത്യയിലെ കാർ നിർമാണശേഷി പ്രതിവർഷം 20 ലക്ഷം യൂണിറ്റാവുമെന്നാണു പ്രതീക്ഷ; നിലവിൽ 14 ലക്ഷം കാറുകളാണു കമ്പനി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നത്.

Your Rating: