Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ സുസുക്കി കാർ നിർമിക്കും, മാരുതി വാങ്ങും

Maruti Suzuki

സുസുക്കി മോട്ടോർ കോർപറേഷൻ ഗുജറാത്തിൽ സ്ഥാപിക്കുന്ന നിർമാണശാലയിൽ നിന്നു കാർ വാങ്ങാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഓഹരി ഉടമകളുടെ അനുമതി. നിർമാണ ചുമതല മാതൃസ്ഥാപനമായ സുസുക്കിക്കു കൈമാറിയതോടെ കമ്പനിയുടെ പക്കൽ നീക്കിയിരിപ്പുള്ള പണം മറ്റു മേഖലകളിൽ നിക്ഷേപിക്കാനും അവസരമൊരുങ്ങി. കരാർ വ്യവസ്ഥകൾ സുസുക്കിക്ക് അനുകൂലമാണെന്ന് ആരോപിച്ചായിരുന്നു എം എസ് ഐ എൽ ഓഹരി ഉടമകൾ ഗുജറാത്തിലെ നിർദിഷ്ട ശാലയ്ക്കെതിരെ രംഗത്തിറങ്ങിയത്. ഇന്ത്യയിൽ വാഹന വിൽപ്പന ഉയരുമ്പോൾ മാരുതിയെ തഴഞ്ഞു സ്വന്തമായി നേട്ടം കൊയ്യാനാണു സുസുക്കിയുടെ ശ്രമമെന്നായിരുന്നു ആക്ഷേപം.

Maruti Suzuki Ciaz Hybrid ciaz

എന്നാൽ ന്യൂനപക്ഷ ഓഹരി ഉടമകളിൽ 89.8% ആളുകളുടെ പിന്തുണയോടെയാണു ഗുജറാത്ത് പദ്ധതി യാഥാർഥ്യമാക്കാൻ മാരുതി സുസുക്കി അനുമതി നേടിയത്. ഇതോടെ 2017 ആദ്യം ഗുജറാത്തിലെ കാർ നിർമാണശാലയിൽ ഉൽപ്പാദനം ആരംഭിക്കാനാവുമെന്നും മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ അറിയിച്ചു. മുൻകരാറിൽ വ്യാപക മാറ്റം വരുത്താതെയാണ് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. എങ്കിലും സ്വീകാര്യതയ്ക്കായി പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി കൂടുതൽ ഓഹരി ഉടമകളിൽ എത്തിച്ചെന്നതാണു മാറ്റം. ഉൽപ്പാദന ചെലവ് മാത്രം ഈടാക്കായാവും സുസുക്കി മോട്ടോർ കോർപറേഷൻ ഉപസ്ഥാപനമായ എം എസ് ഐ എല്ലിനു കാറുകൾ വിൽക്കുകയെന്നും തീരുമാനമായിട്ടുണ്ട്.

S-Cross s cross

കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ചു മാരുതി സുസുക്കിയുടെ പക്കൽ 14,000 കോടി രൂപയാണു നീക്കിയിരിപ്പ്. ഈ പണം വിനിയോഗിച്ച് ഗവേഷണ, വികസന (ആർ ആൻഡ് ഡി) ശേഷി ശക്തമാക്കാനും ഡീലർഷിപ് ശൃംഖല വിപുലീകരിക്കാനുമാണു പദ്ധതിയെന്നു ഭാർഗവ അറിയിച്ചു. രാജ്യത്തെ മാരുതി ഷോറൂമുകളുടെ എണ്ണം ഇരട്ടിയാക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദബാദിൽ നിന്ന് 170 കിലോമീറ്ററകലെ ഹൻസാൽപൂരിൽ 640 ഏക്കർ വിസ്തൃതിയിലാവും സുസുക്കിയുടെ നിർദിഷ്ട കാർ നിർമാണശാല. മാരുതി സുസുക്കിയുടെ പ്രമുഖ യന്ത്രഘടക നിർമാതാക്കളെല്ലാം പദ്ധതി പ്രദേശത്തു സ്വന്തം ശാലകൾ സ്ഥാപിക്കുമെന്നാണു കരുതുന്നത്. ശാലയിലൂടെ 3,000 പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കുമെന്നാണു കണക്കാക്കുന്നത്.

suzuki-baleno baleno

ഗുജറാത്തിലെ നിർമാണശാലയ്ക്ക് 18,500 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. പ്രതിവർഷം 2.50 ലക്ഷം വീതം കാറുകളുടെ ഉൽപ്പാദനം സാധ്യമാവുന്ന ആറു പ്രൊഡക്ഷൻ ലൈനുകളാവും ശാലയിൽ സ്ഥാപിക്കുക. ആദ്യ ഘട്ടം പൂർത്തിയാക്കാൻ 3,000 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്; തുടർന്നു വിപണിയിലെ സാഹചര്യം വിലയിരുത്തിയാവും ശാലയിൽ പുതിയ പ്രൊഡക്ഷൻ ലൈനുകൾ സ്ഥാപിക്കുകയെന്നും ഭാർഗവ വിശദീകരിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.