Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർബാഗ്: തകാത്തയെ കൈവിട്ട് ഹോണ്ടയും ടൊയോട്ടയും

Takata

നിർമാണ പിഴവിനെ തുടർന്നു വാഹന നിർമാതാക്കളെ പ്രതിസന്ധിയിലാക്കിയ ജാപ്പനീസ് കമ്പനിയായ തകാത്ത കോർപറേഷനെ ടൊയോട്ടയും കൈവിടുന്നു. എയർബാഗ് വിന്യാസത്തിനുള്ള പ്രൊപ്പല്ലന്റായി അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്നവ പൂർണമായും ഉപേക്ഷിക്കാനും സുരക്ഷിതമെന്ന് ഉറപ്പാക്കിയാൽ മാത്രം തകാത്തയുടെ മറ്റു മോഡലുകൾ പരിഗണിക്കാനുമാണു കമ്പനിയുടെ തീരുമാനമെന്ന് ടൊയോട്ട മോട്ടോർ കോർപറേഷൻ പ്രസിഡന്റ് അകിയൊ ടൊയോഡ അറിയിച്ചു.

ഇതോടെ തകാത്ത എയർബാഗ് വിഷയത്തിൽ എതിരാളികളായ ഹോണ്ട മോട്ടോർ കോർപറേഷന്റെയും മസ്ദ മോട്ടോർ കോർപറേഷന്റെയും നിലപാടിലേക്കാണ് ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ടയുമെത്തിയിരിക്കുന്നത്. തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗ് സൃഷ്ടിച്ച അപകടങ്ങളിൽ എട്ടു പേർ മരിച്ചെന്നാണു കണക്ക്. നിർമാണ പിഴവുള്ള എയർബാഗിന്റെ പേരിൽ ലോകവ്യാപകമായി ദശലക്ഷക്കണക്കിനു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടതായും വന്നു.

എയർബാഗ് ഇൻഫ്ളേറ്ററിൽ തകാത്ത ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിർമിത ചെറു പേടകം പൊട്ടിത്തെറിച്ച് മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താനുള്ള സാധ്യതയാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്. ഈർപ്പമേറിയ സാഹചര്യങ്ങൾ ഇൻഫ്ളേറ്ററിലെ രാസവസ്തുവിനെ സ്വാധനീക്കാൻ സാധ്യതയുണ്ടെന്നു തകാത്ത കോർപറേഷൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു; ഇത്തരം സാഹചര്യങ്ങളിൽ പൊട്ടിത്തെറിയോടെ എയർബാഗ് വിന്യസിക്കപ്പെടുന്നതാണ് അപകടങ്ങളിലേക്കു നയിക്കുന്നത്. പൊട്ടിത്തെറിക്കിടെ മൂർച്ചയേറിയ വസ്തുക്കൾ യാത്രക്കാർക്കും ഡ്രൈവർക്കും നേരെ പാഞ്ഞെത്താൻ സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. ഇതിനു പുറമെ നിർമാണപ്രക്രിയയിലെ ഘടകങ്ങളും പൊട്ടിത്തെറിക്കു വഴിതെളിച്ചേക്കാമെന്നാണു തകാത്ത കോർപറേഷന്റെ നിഗമനം.

എയർബാഗുകൾ തന്നെ ഭീഷണിയായി മാറിയതോടെ തകാത്തയുമായുള്ള ഇടപാട് അവസാനിപ്പിക്കാൻ ഏറ്റവും വലിയ ഉപയോക്താക്കളായ ഹോണ്ട മോട്ടോർ കമ്പനിയാണ് ആദ്യം തീരുമാനിച്ചത്. പോരെങ്കിൽ ഹോണ്ട കാറുകളിലെ എയർബാഗുകൾ പൊട്ടിത്തെറിച്ചാണ് എട്ടു പേർക്കു ജീവഹാനി സംഭവിച്ചത്. ഇതോടെ പുതിയ കാറുകളിൽ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യത്തോടെ തകാത്ത നിർമിക്കുന്ന എയർബാഗുകൾ ഉപയോഗിക്കില്ലെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. പിന്നാലെ സമാന നിലപാടുമായി ‘സുബാരു’വിന്റെ നിർമാതാക്കളായ ഫ്യുജി ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡും മിറ്റ്സുബിഷി മോട്ടോർ കോർപറേഷനും രംഗത്തെത്തി.