Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ 25 സങ്കര ഇന്ധന ബസ് വാങ്ങാൻ എം എം ആർ ഡി എ

tata-hybrid-bus Tata Starbus Hybrid

മുംബൈ മെട്രൊപൊലിറ്റൻ റീജിയൻ ഡവലപ്മെന്റ് അതോറിട്ടി(എം എം ആർ ഡി എ)ക്ക് സങ്കര ഇന്ധന ബസ്സുകൾ ലഭ്യമാക്കാനുള്ള കരാർ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് സ്വന്തമാക്കി. പൂർണമായും ലോ ഫ്ളോർ ഘടനയിലുള്ള 25 ‘ടാറ്റ സ്റ്റാർബസ്’ ഡീസൽ സീരീസ് ഹൈബ്രിഡ് ഇലക്ട്രിക് ബസ് ആണു കമ്പനി എം എം ആർ ഡി എയ്ക്കു വിൽക്കുക. സങ്കര ഇന്ധന സാങ്കേതികവിദ്യയുള്ള ബസ്സുകൾക്ക് രാജ്യത്ത് ഒറ്റത്തവണ ലഭിക്കുന്ന ഏറ്റവും വലിയ ഓർഡർ ആണിതെന്നു ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു. പോരെങ്കിൽ ഇതോടെ സങ്കര ഇന്ധന സാങ്കേതികവിദ്യയിൽ ഓടുന്ന ബസ്സുകൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന നിർമാതാക്കളുമായി ടാറ്റ മോട്ടോഴ്സ്.

tata-hybrid-bus-1 Tata Starbus Hybrid

മലിനീകരണസാധ്യത കുറഞ്ഞ ഈ ബസ്സുകൾ ഉപയോഗിച്ചു വാണിജ്യ കേന്ദ്രമായ ബാന്ദ്ര കുർള കോംപ്ലക്സി(ബി കെ സി)നെ മേഖലയിലെ പ്രധാന റയിൽവേ സ്റ്റേഷനുകളായ സിയോൺ, ബാന്ദ്ര, കുർല എന്നിവയോടു ബന്ധിപ്പിച്ചു സർവീസ് നടത്താനാണ് എം എം ആർ ഡി എയുടെ പദ്ധതി. അടുത്ത വർഷത്തിനുള്ളിൽ സ്റ്റേഷനുകളും ബി കെ സിയുമായുള്ള ഫീഡർ സർവീസ് ഗണ്യമായി മെച്ചപ്പെടുത്താനും അതോറിട്ടി ലക്ഷ്യമിടുന്നു.പൂർണമായും ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഈ ബസ് ഉപയോഗിച്ച് പ്രവർത്തന ചെലവു കുറഞ്ഞതും സുസ്ഥിരവുമായ ഗതാഗത സംവിധാനം ഒരുക്കാനുള്ള എം എം ആർ ഡി എയുടെ ഉദ്യമത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് കൊമേഴ്സ്യൽ വെഹിക്കിൾ ബിസിനസ് യൂണിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി അഭിപ്രായപ്പെട്ടു. ഭാവിയുടെ ഗതാഗത മാർഗമെന്ന നിലയിൽ ഇന്ത്യൻ വിപണിയിലും വൈദ്യുത ബസ്സുകൾക്ക് വിപുല സാധ്യതയാണു കമ്പനി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മലിനീകരണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള പവർ ട്രെയ്ൻ മുഖേന ഓൺ ബോർഡ് ചാർജിങ് സംവിധാനം, അത്യാധുനിക ലിതിയം അയോൺ ഫോസ്ഫേറ്റ് ബാറ്ററി, ഇലക്ട്രോണിക്കലി കൺട്രോൾഡ് എയർ സസ്പെൻഷൻ(ഇ സി എ എസ്), റീജനറേറ്റീവ് ബ്രേക്കിങ് സഹിതമുള്ള ഇലക്ട്രോണിക് ബ്രേക്കിങ് സംവിധാനം(ഇ ബി എസ്) തുടങ്ങിയവയൊക്കെ ആഭ്യന്തരമായി വികസിപ്പിച്ച ഈ സങ്കര ഇന്ധന ബസ്സിൽ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമ്പരാഗത ബസ്സുകളെ അപേക്ഷിച്ച് മലിനീകരണ വിമുക്തമായ ഈ ബസ്സുകളുടെ ഇന്ധന ചെലവില് 25 — 30% കുറവുണ്ടെന്നാണു നിർമാതാക്കളുടെ അവകാശവാദം.