Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിബഞ്ചർ വിറ്റ് 400 കോടി നേടാൻ ടാറ്റ മോട്ടോഴ്സ്

Tata Motors

നോൺ കൺവെർട്ട്ബ്ൾ ഡിബഞ്ചർ(എൻ സി ഡി) വഴി 400 കോടി രൂപ സമാഹരിക്കാൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. ഇതു സംബന്ധിച്ച തീരുമാനത്തിനായി വെള്ളിയാഴ്ച കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ പ്രത്യേക സമിതി യോഗം ചേരും.
എൻ സി ഡികളുടെ മൂന്നാം പരമ്പരയിൽ റേറ്റഡ്, ലിസ്റ്റഡ്, അൺസക്വേഡ്, റെഡീമബിൾ 400 കോടി രൂപയ്ക്കുള്ള ഡിബഞ്ചർ വിൽക്കാനാണു ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്സ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ് ഇ)നെ അറിയിച്ചു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇതിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ 15നു ചേരുന്ന യോഗമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും കമ്പനി വ്യക്തമാക്കി.

ഇത്തരത്തിൽ എൻ ഡി വി വഴി ധനസമാഹരണം നടത്താൻ 2015 ഓഗസ്റ്റ് 13നു ചേർന്ന കമ്പനിയുടെ 70—ാമതു വാർഷിക പൊതുയോഗം അനുമതി നൽകിയിരുന്നു. തുടർന്നു കഴിഞ്ഞ മാർച്ച് 30നു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗവും ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചിരുന്നു. വികസന പദ്ധതികൾക്കായി 5,000 കോടി സമാഹരിക്കാൻ ഓഹരി ഉടമകളുടെ അനുമതി തേടുമെന്നു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര, വിദേശ ധനകാര്യ വിപണികളിൽ സെക്യൂരിറ്റികൾ അവതരിപ്പിച്ചും പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിലുമാണു പണം സമാഹരിക്കാൻ ലക്ഷ്യമിടുന്നതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

നിലവിൽ നടപ്പാക്കി വരുന്ന മൂലധന ചെലവുകൾക്കൊപ്പം ദീർഘകാല/ഹ്രസ്വകാല പ്രവർത്തന മൂലധനത്തിനും കോർപറേറ്റ് ആവശ്യങ്ങൾക്കുമൊക്കെയുള്ള പണം കണ്ടെത്താനാണ് ഈ വിഭവസമാഹരണ നടപടിയെന്നും കമ്പനി വിശദീകരിച്ചു. ഓഗസ്റ്റ് 10നു നിശ്ചയിച്ച വാർഷിക പൊതുയോഗ(എ ജി എം)ത്തിൽ പ്രത്യേക പ്രമേയത്തിലൂടെയാണ് ധനസമാഹരണത്തിനായി കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടുക. കഴിഞ്ഞ വർഷവും ഇത്രയും തുക സമാഹരിക്കാൻ മഹീന്ദ്ര ഓഹരി ഉടമകളുടെ അനുവാദം നേടിയിരുന്നു. എന്നാൽ ഫണ്ട് സമാഹരണ നടപടികളുമായി കമ്പനി മുന്നോട്ടു പോയില്ല. 2015 ഓഗസ്റ്റ് ഏഴിനു ചേർന്ന എ ജി എമ്മാണ് 5,000 കോടി രൂപ സമാഹരിക്കാൻ കമ്പനിയെ അനുദിച്ചത്. ഈ തീരുമാനത്തിന് ഒരു വർഷത്തെ പ്രാബല്യമുണ്ടെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നു കമ്പനി ബി എസ് ഇയെ അറിയിച്ചിട്ടുണ്ട്.  

Your Rating: