Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സേനയ്ക്ക് മാസം തോറും 100 എ ടി വി കൈമാറാൻ ടാറ്റ

Tata Motors

മൂന്നു മാസത്തിനിടെ 300 ഓൾ ടെറെയ്ൻ വാഹനം(എ ടി വി) വീതം പ്രതിരോധ സേനകൾക്കു കൈമാറുമെന്നു വാണിജ്യവാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്. കഴിഞ്ഞ ഡിസംബറോടെ 39 എ ടി വികളും മാർച്ചിനകം 100 എ ടി വികളും സേനയ്ക്കു കൈമാറിയെന്നും കമ്പനിയുടെ വൈസ് പ്രസിഡന്റ് (ഡിഫൻസ് ആൻഡ് ഗവൺമെന്റ് ബിസിനസ്) വെറൊൺ എസ് നൊറോണ അറിയിച്ചു. എ ടി വി വിതരണത്തിനു സേന തയാറാക്കിയ സമയക്രമം പാലിക്കാൻ ടാറ്റ മോട്ടോഴ്സിനു കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം, സേനയ്ക്കായി എത്ര എ ടി വികളാണു മൊത്തം നിർമിച്ചു നൽകുകയെന്നു നൊറോണ വെളിപ്പെടുത്തിയില്ല. ലോജിസ്റ്റിക് വാഹനങ്ങൾ, ലൈറ്റ് ആംഡ് വെഹിക്കിൾ, എ ടി വി, സിക്സ് ബൈ സിക്സ് വിഭാഗങ്ങളിലായി മൊത്തം 1,400 കോടി രൂപ മൂല്യമുള്ള ഓർഡർ ടാറ്റ മോട്ടോഴ്സ് കരസേനയ്ക്കു കൈമാറാനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

യാത്രാവാഹനങ്ങൾ മുതൽ എ ടി വി വരെ നിർമിക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ ഉൽപന്നങ്ങൾ പനജിയിൽ നടന്ന ‘ഡിഫൻസ് എക്സ്പോ’യിൽ പ്രദർശിപ്പിച്ചിരുന്നു. വിദേശ നിർമാതാക്കളെ കാണാനും സാങ്കേതിക സഹകരണത്തിനുള്ള സാധ്യത ചർച്ച ചെയ്യാനും ‘ഡിഫൻസ് എക്സ്പോ 2016’ അവസരമൊരുക്കിയെന്നു നൊറോണ വെളിപ്പെടുത്തി. ഗവേഷണ, വികസന മേഖലകൾക്കുള്ള കേന്ദ്ര സർക്കാർ സഹായം സുതാര്യമായതോടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പോലുള്ള പുതിയ സംരംഭങ്ങളിൽ സഹകരിക്കാൻ ടാറ്റ മോട്ടോഴ്സിനെ പോലുള്ള കമ്പനികളെ സഹായിക്കുമെന്നു നൊറോണ അഭിപ്രായപ്പെട്ടു. വിദേശന നാണയ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിൽ പോലുള്ള ഘടങ്ങൾ പരിഗണിക്കാനുള്ള തീരുമാനവും ടാറ്റയെ പോലുള്ള നിർമാതാക്കൾക്കു ഗുണകരമാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ പ്രതിരോധ ഗവേഷണ, വികസന സ്ഥാപന(ഡി ആർ ഡി ഒ)യ്ക്ക് നിർമാണ പങ്കാളിയാവാനും അവസരമൊരുങ്ങിയിട്ടുണ്ട്. ഇതോടെ ഉൽപന്ന വികസനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പങ്കാളിത്തം വഹിക്കാൻ ഡി ആർ ഡി ഒയ്ക്കു കഴിയുമെന്നും നൊറോണ ചൂണ്ടിക്കാട്ടി.

Your Rating: