Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗത കുരുക്കുണ്ടാക്കുന്ന ടാറ്റ ‘നാനോ’

tata-nano Tata Nano

ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച ചെറുകാറായ ‘നാനോ’ നഗരങ്ങളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയ പാത, ഷിപ്പിങ് സഹമന്ത്രി മൻസുഖ് എൽ മണ്ഡവ്യ. ഒരു ലക്ഷം രൂപ വിലയ്ക്കു ചെറുകുടുംബങ്ങൾക്കു സുരക്ഷിത യാത്ര ഉറപ്പാക്കാൻ ടാറ്റ മോട്ടോഴ്സ് ചെയർമാനായിരിക്കെ രത്തൻ ടാറ്റ നടത്തിയ പരിശ്രമങ്ങളെയാണു ‘സുസ്ഥിര നഗര ഗതാഗതം’ എന്ന വിഷയത്തിൽ അസോചെം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യവെ മന്ത്രി വിമർശിച്ചത്.

പാശ്ചാത്യ രാജ്യങ്ങളിലെ സംവിധാനങ്ങൾ അനുകരിക്കുന്നതിനു പകരം ഇന്ത്യൻ നഗരങ്ങളിലെ നിരത്തുകൾക്കായി സുസ്ഥിര ഗതാഗത മാതൃകകളാണു വികസിപ്പിക്കേണ്ടതെന്നു മണ്ഡവ്യ അഭിപ്രായപ്പെട്ടു. ജൈവ ഇന്ധനം, പുനഃരുപയോഗിക്കാവുന്ന ഊർജസ്രോതസുകൾ, വൈദ്യുത — സങ്കര ഇന്ധന വാഹനങ്ങൾ, ഓട്ടമേഷൻ തുടങ്ങിയവയെക്കുറിച്ചൊക്കെ വിപുലമായ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായ വിധത്തിൽ പരമ്പരാഗതവും പുതിയതുമായ മാർഗങ്ങൾ സമന്വയിപ്പിച്ച് പുത്തൻ മാതൃകകൾ വികസിപ്പിക്കാനാവണം നമ്മുടെ ശ്രമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മറ്റേതെങ്കിലും വിദേശ രാജ്യത്ത് വിജയം വരിച്ചതുകൊണ്ടുമാത്രം ആ മാതൃക ഇന്ത്യയിലും ഫലം ചെയ്യണമെന്നില്ല. അതിനാൽ പ്രാദേശികമായ പ്രശ്നങ്ങളെ അതിജീവിക്കാൻ സ്വന്തമായ പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നു മന്ത്രി നിർദേശിച്ചു. നഗര പ്രദേശങ്ങൾക്ക് അനുയോജ്യവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗമെന്ന നിലയിൽ സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാൻ പ്രശസ്തരും വിശിഷ്ട വ്യക്തികളുമൊക്കെ രംഗത്തിറങ്ങണമെന്നും മണ്ഡവ്യ നിർദേശിച്ചു.  

Your Rating: