Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമ ട്രക്ക് റേസിങ് മൂന്നാം സീസൺ മാർച്ച് 20ന്

tata-prima-race-1 Tata Prima Truck Racing 2015

രാജ്യത്ത് ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിനു തുടക്കമിട്ട ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിന്റെ മൂന്നാം സീസണ് ഒരുക്കങ്ങളായി. ടാറ്റ മോട്ടോഴ്സിന്റെ നേതൃത്വത്തിൽ ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടിൽ മാർച്ച് 15നാണ് ടി വൺ പ്രീമ ട്രക്ക് റേസിങ് അരങ്ങേറുക. ഇന്ത്യൻ ഡ്രൈവർമാർക്കു മത്സരിക്കാൻ അവസരമൊരുക്കുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവേഴ്സ് റേസ് ആണ് മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ്വി(എം എം എസ് സി)ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിന്റെ 2016 സീസണിലെ പ്രധാന സവിശേഷത. വാഹനങ്ങളിൽ താൽപര്യം പുലർത്തുന്നവരെ ട്രക്ക് ഡ്രൈവിങ്ങിലേക്ക് ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ടാറ്റ മോട്ടോഴ്സ് ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിനു തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണു കമ്പനി ഇക്കുറി ഇന്ത്യൻ ട്രക്ക് ഡ്രൈവേഴ്സ് റേസ് ആവിഷ്കരിച്ചത്; ഈ വിഭാഗത്തിൽ മത്സരിക്കുന്നവർക്കായി ടാറ്റ മോട്ടോഴ്സ് പ്രത്യേക പരിശീലനവും സംഘടിപ്പിച്ചിരുന്നു. കമ്പനിയുടെ പ്രധാന ഉപയോക്താക്കൾക്കൊപ്പം ജോലി ചെയ്യുന്നവരിൽ നിന്നു തിരഞ്ഞെടുത്ത 12 ഡ്രൈവർമാർക്കു പ്രത്യേക പരിശീലനം നൽകിയാണ് ഇന്ത്യൻ ട്രക്ക് ഡ്രൈവേഴ്സ് റേസിൽ മത്സരിപ്പിക്കുന്നത്.

tata-prima-race-3 Tata Prima Truck Racing 2015

അതുകൊണ്ടുതന്നെ ഇത്തവണ ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിൽ രണ്ടു വിഭാഗങ്ങളിലായിട്ടാവും മത്സരം: സൂപ്പർ ക്ലാസും പ്രോ ക്ലാസും. ഇന്ത്യയിൽ നിന്നു കമ്പനി കണ്ടെത്തിയ ഡ്രൈവർമാർ സൂപ്പർ ക്ലാസിൽ പോരാടുമ്പോൾ പ്രോ ക്ലാസിലെ മത്സരം രാജ്യാന്തര തലത്തിൽ മികവു തെളിയിച്ച ഡ്രൈവർമാർ തമ്മിലാവും. റേസിങ്ങിനായി രൂപകൽപ്പന ചെയ്ത 12 ‘പ്രീമ 4038 എസ്’ ട്രക്കുകളാണു ടി വൺ പ്രീമ ട്രക്ക് റേസിങ്ങിൽ മത്സരിക്കുന്നത്; 8.9 ലീറ്റർ കമ്മൻസ് ഡീസൽ എൻജിനും എട്ടു സ്പീഡ് ഗീയർബോക്സുമാണു ട്രക്കുകളിലുള്ളത്. പരമാവധി 370 ബി എച്ച് പി കരുത്തും 1549.5 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനുള്ള ട്രക്കുകൾക്ക് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗം കൈവരിക്കാനാവും. പ്രധാന യന്ത്രഘടകങ്ങൾ നിലനിർത്തണമെന്നു വ്യവസ്ഥയുള്ളതിനാൽ കാഴ്ചയിൽ നിരത്തിലുള്ള പ്രീമകളോടു സാമ്യമുണ്ടെങ്കിലും റേസ് ട്രാക്കിലെത്തുന്ന ട്രക്കുകളിൽ 22 പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നാണു ടാറ്റ മോട്ടോഴ്സിന്റെ അവകാശവാദം. ഇന്ധന ടാങ്ക്, ബ്രേക്ക് കൂളിങ് സിസ്റ്റം, പ്രൊപ്പല്ലർ ഷാഫ്റ്റ് ഗാർഡ്, റേസിങ് സീറ്റ് തുടങ്ങിയവിലാണു പ്രധാന പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്. കൂടുതൽ ഏറോഡൈനാമിക്കായ രൂപകൽപ്പനയുടെ മികവോടെയെത്തുന്ന ഈ ട്രക്കുകൾക്ക് 10% ഭാരക്കുറവുള്ളതിനാൽ 10% അധിക വേഗവും മെച്ചപ്പെട്ട കുതിപ്പും ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

tata-prima-race-2 Tata Prima Truck Racing 2015

റേസിങ് സർക്യൂട്ടുകളിൽ നടക്കാറുള്ള ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിൽ ഹെവി ട്രാക്ടർ യൂണിറ്റുകളുടെ പരിഷ്കരിച്ച വകഭേദങ്ങളാണു മത്സരിക്കുക. യു എസിൽ പിറവിയെടുത്ത ട്രക്ക് റേസിങ് ലോകമെങ്ങും ജനപ്രീതിയാർജിച്ചതോടെ ഇപ്പോൾ യൂറോപ്പിലും ദക്ഷിണ അമേരിക്കയിലുമൊക്കെ മത്സരങ്ങളുണ്ട്. രാജ്യാന്തര ട്രക്ക് റേസിങ് ചാംപ്യൻഷിപ്പുകളിൽ മാൻ, മെഴ്സീഡിസ് ബെൻസ്, ഫോക്സ്വാഗൻ, വോൾവോ തുടങ്ങിയ പ്രമുഖ നിർമാതാക്കളെല്ലാം സജീവ സാന്നിധ്യമാണ്. രാജ്യാന്തര തലത്തിൽ വിൽക്കുന്ന പ്രീമ ട്രക്കുകളുടെ പരമാവധി വേഗം സുരക്ഷാ കാരണങ്ങളാൽ മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ഭാര പരിധി 5500 കിലോഗ്രാമാണ്.

tata-prima-race-3 Tata Prima Truck Racing 2015

യൂറോപ്പിൽ ഇപ്പോൾ രാജ്യാന്തര ഓട്ടമൊബൈൽ ഫെഡറേഷൻ(എഫ് ഐ എ) നിയന്ത്രിക്കുന്ന മത്സര ഇനമാണു ട്രക്ക് റേസിങ്; 1985 മുതൽ എഫ് ഐ എ യൂറോപ്യൻ ട്രക്ക് റേസിങ് ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ എഫ് ഐ എയുടെയും ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യ(എഫ് എം എസ് സി ഐ)യുടെയും മേൽനോട്ടത്തിലാണു ട്രക്ക് റേസിങ് അരങ്ങേറുന്നത്. ബ്രിട്ടീഷ് ട്രക്ക് റേസിങ് അസോസിയേഷ(ബി ടി ആർ എ)ന്റെ മാനദണ്ഡങ്ങൾ പാലിച്ച് എം എം എസ് സി ഐയാണ് ഇന്ത്യയിലെ ട്രക്ക് റേസിങ് കൈകാര്യം ചെയ്യുക. രണ്ടു ഘട്ടങ്ങളായാണു ട്രക്ക് റേസിങ് സംഘടിപ്പിക്കുക; ആദ്യം യോഗ്യതാ നിർണയ റൗണ്ടും തുടർന്ന് അന്തിമ പോരാട്ടവും. റേളിങ് സ്റ്റാർട്ട് വ്യവസ്ഥയിലാണ് ഇരു മത്സരങ്ങളും ആരംഭിക്കുക.