Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റയുടെ ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ് 19ന്

T1-Prima-Truck-Racing-2016-

ടാറ്റ മോട്ടോഴ്്സ് സംഘടിപ്പിക്കുന്ന ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിന്റെ നാലാം സീസണിലെ മത്സരം 19ന് അരങ്ങേറും. രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷനും(എഫ് ഐ എ) ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ(എഫ് എം എസ് സി ഐ)യും സഹകരിക്കുന്ന ചാംപ്യൻഷിപ്പിന്റെ വേദി ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ് ഇന്റർനാഷനൽ സർക്യൂട്ടാണ്. പരിഷ്കരിച്ച ‘പ്രീമ’ ട്രക്കുകളാണു ചാംപ്യൻഷിപ്പിൽ മത്സരിക്കുക.

ടാറ്റ മോട്ടോഴ്സ് ഈ മത്സരം നടക്കുംവരെ ട്രക്ക് റേസിങ്ങിന്റെ സാധ്യതകളെപ്പറ്റി ആർക്കും ധാരണയില്ലായിരുന്നെന്ന് ചാംപ്യൻഷിപ്പിന്റെ മാർഗനിർദേശകനായ വിക്കി ചന്ദോക്ക് അഭിപ്രായപ്പെട്ടു. ട്രക്ക് ഡ്രൈവർമാർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസരമൊരുക്കുന്നതും വാണിജ്യവാഹന വ്യവസായത്തെ റേസ് ട്രാക്കിലെത്തിക്കുന്നതുമൊക്കെയാണ് ടി വൺ പ്രീമ ട്രക്ക് റേസിങ്ങിന്റെ സവിശേഷതകളെന്നും അദ്ദേഹം വിലയിരുത്തി. ടി വൺ റേസർ പ്രോഗ്രാമിന്റെ (ടി ആർ പി 2.0) രണ്ടാം പതിപ്പോടെയാണ് ഇക്കൊല്ലത്തെ ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിനു ടാറ്റ മോട്ടോഴ്സ് ഔപചാരികമായി തുടക്കമിട്ടത്.

മോട്ടോർ സ്പോർട്സ് ഡ്രൈവർമാരുടെ തിരഞ്ഞെടുപ്പിനും പരിശീലനത്തിനുമുള്ള സമഗ്ര പദ്ധതിയാണ് ടി ആർ പി 2.0. രാജ്യമെങ്ങും നിന്ന് ആയിരത്തോളം അപേക്ഷകരാണ് ടി ആർ പിയിൽ പങ്കെടുക്കാനായി രംഗത്തെത്തിയത്. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 10 പേർക്കാണു ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിന്റെ നാലാം സീസണിൽ രാജ്യാന്തര തലത്തിൽ നിന്നെത്തുന്ന ട്രക്ക് ഡ്രൈവർമാരുമായി മത്സരിക്കാൻ അവസരം ലഭിക്കുക. പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം കഴിഞ്ഞ സീസണിൽ മത്സരിച്ചവരും ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുണ്ടാവും. രാജ്യാന്തര തലത്തിൽ നിന്നുള്ള ഡ്രൈവർമാർ അംഗങ്ങളാവുന്ന ആറു ടീമുകളും ടി വൺ പ്രീമ ട്രക്ക് റേസിങ് ചാംപ്യൻഷിപ്പിന്റെ ട്രാക്കിലുണ്ടാവും.