Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ മോട്ടോഴ്സ് ‘പ്രീമ’ ശ്രേണി ബംഗ്ലദേശിലും

tata-prima-trucks

ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള രാജ്യന്തര നിലവാരമുള്ള വാണിജ്യ വാഹന ശ്രേണിയായ ‘പ്രീമ’ ബംഗ്ലദേശിലും വിൽപ്പനയ്ക്കെത്തി. ഇടത്തരം, ഭാര വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന സാങ്കേതിക തികവേറിയ മോഡലുകളാണു ‘പ്രിമ’ ശ്രേണിയിലുള്ളത്. ഈ ശ്രേണിയിലെ നാലു മോഡലുകളാണ് ടാറ്റ മോട്ടോഴ്സിന്റെ പങ്കാളിയായ നിതൽ മോട്ടോഴ്സ് ലിമിറ്റഡാണു ബംഗ്ലദേശിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.

ടിപ്പർ വിഭാഗത്തിൽ ‘പ്രിമ എൽ എക്സ് 2523.കെ’, കാർഗോ വിഭാഗത്തിൽ ‘പ്രിമ എൽ എക്സ് 2523.ടി’, ‘പ്രിമ എൽ എക്സ് 4023. എസ്’, ‘പ്രിമ എൽ എക്സ് 4923’ എന്നിവയാണു തുടക്കത്തിൽ ബംഗ്ലദേശിൽ ലഭ്യമാവുക. വ്യത്യസ്ത ഉപയോഗങ്ങൾക്കായി വിഭിന്ന ഡ്രൈവ്ലൈൻ സങ്കലനങ്ങളിൽ ട്രക്കുകൾ വിൽപ്പനയ്ക്കുണ്ടാവും.

കമ്മിൻസിൽ നിന്നുള്ള പ്രകടനക്ഷമതയേറിയ സി ആർ ഡി ഐ എൻജിനാണ് ‘പ്രിമ 2523.കെ’ ട്രക്കിനു കരുത്തേകുന്നത്. ടാറ്റയുടെ ഹെവിഡ്യൂട്ടി ‘ജി 1150’ ഒൻപതു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ. ടിപ്പറിന് ശീതീകരിച്ച കാബിൻ തിരഞ്ഞെടുക്കാനും ടാറ്റ മോട്ടോഴ്സ് അവസരമൊരുക്കുന്നു.

മൊത്തം 25 മുതൽ 31 വരെ ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള മൾട്ടി ആക്സിൽ ട്രക്കുകളാണു ‘പ്രിമ 2523.ടി’, ‘3123.ടി’ എന്നിവ. ഇവയ്ക്കായി കമ്മിൻസ് ലഭ്യമാക്കുന്ന ഐസ്ബിഇ 5.9 കോമൺ റയിൽ ഡീസൽ എൻജിനു പരമാവധി 230 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും. ഇന്ത്യയിൽ ജനപ്രീതിയാർജിച്ച വാണിജ്യ വാഹന എൻജിനായ കമ്മിൻസ് ‘സിക്സ് ബി ടി’യിൽ നിന്നു വികസിപ്പിച്ചെടുത്ത ഈ എൻജിനൊപ്പമുള്ളത് ഈറ്റന്റെ ‘ഇ എസ് 9106 എ ഡി ഡി’ ഗീയർബോക്സാണ്. ഡ്രൈവ്ലൈൻ പരിഷ്കരിച്ചപ്പോൾ പിന്നിൽ ഹെവിഡ്യൂട്ടി ടാറ്റ ആർ എ 110 ആക്സിലും ഘടിപ്പിച്ചിട്ടുണ്ട്.

ഫോർ പോയിന്റ് സസ്പെൻഷൻ, മെക്കാനിക്കലി സസ്പെൻഡഡ് സീറ്റ്, വീതിയേറിയ ബർത്ത് എന്നിവയ്ക്കൊപ്പം ഓപ്ഷനൽ വ്യവസ്ഥയിൽ എയർ കണ്ടീഷനിങ്ങും ലഭ്യമാണ്. ഇന്ത്യയിലെന്ന പോലെ ബംഗ്ലദേശ് വിപണിയിലും ലഭ്യമായ മൾട്ടി ആക്സിൽ ട്രക്കുകളിലെ ഏറ്റവും വീതിയേറിയ കാബിൻ ‘പ്രിമ’യുടേതാണെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു.

ഇറ്റലിയിൽ നിന്നുള്ള കാബ് രൂപകൽപ്പനയും യു എസ് എയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള എൻജിൻ സാങ്കേതികവിദ്യയും ഇന്ത്യയുടെയും യു എസിന്റെയും ഗീയർ ബോക്സ് വൈദഗ്ധ്യവും മെക്സിക്കോയിൽന ന്നുള്ള ഷാസി ഫ്രെയിമും ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നുമുള്ള ഷീറ്റ മെറ്റൽ ഡൈയും സ്വീഡനിൽ നിന്നുള്ള കൃത്യതയേറിയ റോബോട്ടിക് വെൽഡ്ലൈനുമൊക്കെയാണ് ‘പ്രിമ 4923 എസി’ന്റെ കരുത്ത്. അതുകൊണ്ടുതന്നെ ‘വേൾഡ് സ്മാർട് ട്രക്ക്’ എന്ന വിശേഷണത്തോടെയാണു ടാറ്റ മോട്ടോഴ്സ് ഈ ട്രക്ക് വിൽപ്പനയ്ക്കെത്തിക്കുന്നത്.

ടാറ്റ മോട്ടോഴ്സിന്റെ ഉപസ്ഥാപനങ്ങളായ ദക്ഷിണ കൊറിയയിലെ ടാറ്റ ദെയ്വൂ കൊമേഴ്സ്യൽ വെഹിക്കിൾ(ടി ഡി സി വി) കമ്പനിയുടെയും യു കെയിലെ ടാറ്റ മോട്ടോഴ്സ് യൂറോപ്യൻ ടെക്നിക്കൽ സെന്റർ പി എൽ സിയുടെയും സഹകരണത്തോടെയാണു ടാറ്റ മോട്ടോഴ്സ് ‘പ്രിമ’ ശ്രേണി വികസിപ്പിച്ചത്. നൂതന സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രകടനത്തിലും രൂപകൽപ്പനയിലും മാത്രമല്ല ഇന്ധനക്ഷമതയിലും സുരക്ഷയിലുമൊക്കെ പുതിയ നിലവാരം കൈവരിക്കാൻ ഈ ശ്രേണിക്കു കഴിഞ്ഞിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് കരുതുന്നു.

സ്റ്റൈൽ സമ്പന്നവും ശീതീകരിച്ചതുമായ ക്യാബിനൊപ്പം കുമ്മിൻസ് ഇൻകോർപറേറ്റഡിൽ നിന്നുള്ള പുത്തൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഡ്രൈവ് ലൈനും ‘പ്രിമ’യുടെ സവിശേഷതയായി ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്നു. വ്യത്യസ്ത എൻജിൻ, ട്രാൻസ്മിഷൻ, ആക്സിൽ സങ്കലനങ്ങളോടെ 230 എച്ച് പി മുതൽ 380 എച്ച് പി വരെയുള്ള കരുത്തോടെ ‘പ്രിമ’ മോഡലുകൾ വിൽപ്പനയ്ക്കുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.