Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാനിൽ കാർ നിർമാണത്തിനൊരുങ്ങി ടാറ്റ

tata-tiago-test-drive-13

രാജ്യാന്തര ഉപരോധത്തിൽ നിന്നു പുറത്തുകടന്ന ഇറാനിൽ കാർ നിർമാണശാല സ്ഥാപിക്കാനുള്ള സാധ്യത തേടി ഇന്ത്യയിൽ നിന്നുള്ള ടാറ്റ മോട്ടോഴ്സും. പ്രാദേശിക പങ്കാളിയെ കണ്ടെത്തി പെട്രോൾ കാറുകൾ ഇറാനിൽ നിർമിക്കാനുള്ള സാധ്യതയാണു ടാറ്റ മോട്ടോഴ്സ് പരിശോധിക്കുന്നത്. സംയുക്ത സംരംഭത്തിനായി ഇറാൻ ഖൊദ്രോ കമ്പനിയുമായാണു ടാറ്റ മോട്ടോഴ്സ് ചർച്ച നടത്തുന്നത്. ‘ടിയാഗൊ’യും ‘ബോൾട്ടും’ ‘സെസ്റ്റു’മടക്കമുള്ള മോഡലുകളുടെ ‘റെവോട്രോൺ’ എൻജിനുള്ള പെട്രോൾ വകഭേദങ്ങൾ പ്രാദേശികമായി നിർമിക്കാനാണു പദ്ധതി; കാർ നിർമാണത്തിനുള്ള നോക്ക്ഡ് ഡൗൺ കിറ്റുകൾ ഇന്ത്യയിൽ നിന്ന് ഇറാനിലെത്തിക്കും. ഇറക്കുമതി വഴി എത്തുന്ന കിറ്റുകൾ ഇറാൻ ഖൊദ്രോ കമ്പനിയുടെ നിർമാണശാലയിലാവും സംയോജിപ്പിക്കുക. ടയറുകളും ബാറ്ററികളുമൊക്കെ പ്രാദേശികമായി സഹാഹരിക്കാനാണു പദ്ധതി. ഇറാൻ ഖൊദ്രോയുടെ വിപണന ശൃംഖല വഴിയാവും ടാറ്റ മോട്ടോഴ്സിന്റെ കാറുകൾ ഇറാനിൽ വിൽപ്പനയ്ക്കെത്തുക.

ടാറ്റ മോട്ടോഴ്സ് ബ്രാൻഡിൽ തന്നെ ഇറാനിൽ കാർ വിൽക്കാനാണു കമ്പനി തയാറെടുക്കുന്നത്. കരാർ വ്യവസ്ഥയിലുള്ള കാർ നിർമാണ ചുമതല മാത്രമാവും ഇറാൻ ഖൊദ്രോയ്ക്കു നൽകുക. കരാർ യാഥാർഥ്യമായാൽ രണ്ടു വർഷത്തിനകം ഇറാനിൽ കാർ നിർമാണം ആരംഭിക്കാനാ വുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ കണക്കുകൂട്ടൽ. തുടക്കത്തിൽ പ്രതിവർഷം ഒരു ലക്ഷം കാറുകൾ ഇറാനിൽ ഉൽപ്പാദിപ്പിക്കാനാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ടെഹ്റാൻ നഗരപ്രാന്തത്തിലെ മസാദിലെ നിർമാണശാല 2018ൽ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ.
അതിനിടെ ഫ്രഞ്ച് നിർമാതാക്കളായ പി എസ് പ്യുഷൊ സിട്രോണുമായുള്ള പങ്കാളിത്തം ഈ വർഷം ആദ്യം ഇറാൻ ഖൊദ്രോ പുതുക്കിയിരുന്നു. രാജ്യാന്തര തലത്തിലെ ഉപരോധത്തെ തുടർന്നു 2012ൽ പിൻവാങ്ങിയ പ്യുഷൊ നാലു വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് ഇറാനിൽ തിരിച്ചെത്തുന്നത്.

പബ്ലിക് ജോയിന്റ് സ്റ്റോക്ക് 1962ൽ വ്യവസ്ഥയിൽ സ്ഥാപിതമായ ഇറാൻ ഖൊദ്രോ കമ്പനി 1966 മുതൽ ബ്രിട്ടനിൽ നിന്നുള്ള റൂട്ട്സിനായി ‘പായ്കൻ’ സെഡാൻ കരാർ വ്യവസ്ഥയിൽ നിർമിച്ചിരുന്നു. റെനോ ‘ലോഗനു’ സമാനമായ ‘ടൊൺദാർ 90’ സെഡാനും കമ്പനി ഫ്രാൻസിലെ പ്യുഷൊയ്ക്കായി നിർമിച്ചു നൽകുന്നുണ്ട്. നിലവിൽ വിവിധ ചൈനീസ് കമ്പനികൾക്കു വേണ്ടിയും ഇറാൻ ഖൊദ്രോ വാഹനനിർമാണം നടത്തുന്നുണ്ട്. ഇറാൻ ഖൊദ്രൊയുടെ 14% ഓഹരികൾ ഇറാനിയൻ സർക്കാരിന്റെ പക്കലാണ്.  

Your Rating: