Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗൂർ: പൊളിക്കലിന്റെ ചെലവും ടാറ്റയോട് ഈടാക്കാൻ നീക്കം

tata-nano-singur-plant

സിംഗൂരിലെ വിവാദ ഭൂമിയിൽ സ്ഥാപിച്ച ഫാക്ടറി കെട്ടിടം പൊളിക്കാനുള്ള ചെലവ് വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിനോട് ഈടാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ആലോചിക്കുന്നു. ഒപ്പം സിംഗൂർ മേഖലയിലെ മൂന്നു യാർഡുകളിലായി കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ ഇരുമ്പ് — അലൂമിനിയം കൂമ്പാരങ്ങൾക്ക് മുഴുവൻ സമയ കാവൽ ഏർപ്പെടുത്തേണ്ടി വന്നതിന്റെ ചെലവും കമ്പനിയോട് ഈടാക്കാൻ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പദ്ധതിയുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളിൽ ഈ പാഴ്വസ്തുക്കൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാം ലേലം ചെയ്തു വിൽക്കുമെന്നും സർക്കാർ കമ്പനിയെ അറിയിക്കും. ഈ കാര്യങ്ങൾ വൈകാതെ സംസ്ഥാന ഭൂമി, ഭൂപരിഷ്കരണ വകുപ്പ് ടാറ്റ മോട്ടോഴ്സിനെ രേഖാമൂലം അറിയിക്കുമെന്നാണു സൂചന.

സിംഗൂരിൽ ടാറ്റ മോട്ടോഴ്സ് നിർമിച്ച 1.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഷെഡ്ഡാണു സംസ്ഥാന സർക്കാർ പൊളിച്ചു നീക്കേണ്ടി വന്നത്. കൂടാതെ 58 വമ്പൻ നിർമിതികളും 22 ചെറു നിർമിതികളും പൊളിക്കണ്ടി വന്നു. ഇത്തരത്തിൽ ലഭിച്ച ഇരുമ്പും അലൂമിനിയവുമൊക്കെയാണു മൂന്നു യാർഡുകളിലായി സംഭരിച്ചിരിക്കുന്നത്. ഇവയ്ക്കു മുഴുവൻ സമയ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമാണം നീക്കിയ സാഹചര്യത്തിൽ ഭൂമിയുടെ വളക്കൂറ് വീണ്ടെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോമഗിക്കുന്നത്. ഉപയോഗശൂന്യമായ ഇരുമ്പും അലൂമിനിയവുമൊക്കെ വിറ്റൊഴിവാക്കാൻ ടാറ്റ മോട്ടോഴ്സിനോട് ആവശ്യപ്പെടുമെന്നു സിംഗൂർ ഉൾപ്പെടുന്ന ഹൂഗ്ലി ജില്ല കലക്ടറും ജില്ലാ മജിസ്ട്രേട്ടുമായ സഞ്ജയ് ബൻസാൽ അറിയിച്ചു. കമ്പനി അതിനു തയാറായില്ലെങ്കിൽ സർക്കാർ സ്വന്തം നിലയിൽ ഇവ ലേലം ചെയ്തു വിൽക്കും. സുപ്രീം കോടതി വിധി പ്രകാരം ഭൂമി കർഷകർക്കു മടക്കി നൽകാനായി ഫാക്ടറി ഷെഡ് പൊളിക്കാനും മറ്റും നേരിട്ട ചെലവും കമ്പനിയോട് ഈടാക്കും.

അതേസമയം ഇത്തരം ചെലവുകൾക്കായി ടാറ്റ മോട്ടോഴ്സിനോട് ആവശ്യപ്പെടുന്ന തുക സംബന്ധിച്ചു സർക്കാർ സൂചനയൊന്നും നൽകിയിട്ടില്ല. സിംഗൂരിൽ മൊത്തം 1,400 കോടി രൂപ നിക്ഷേപിച്ചെന്നാണു ടാറ്റ മോട്ടോഴ്സ് സമർപ്പിച്ച കണക്കുകൾ. ഇതിൽ 11%(അഥവാ 150 കോടി രൂപ) പശ്ചിമ ബംഗാൾ വ്യവസായ വികസന കോർപറേഷനിൽ നിന്നു ഭൂമി വാങ്ങാനായിരുന്നു. എന്നാൽ കഴിഞ്ഞ ഓഗസ്റ്റ് 31ലെ സുപ്രീം കോടതി വിധിയിൽ ടാറ്റ മോട്ടോഴ്സിനു നഷ്ടപരിഹാരമൊന്നും നൽകാൻ നിർദേശമില്ല. പകരം കർഷകരിൽ നിന്നു ബലമായി ഏറ്റെടുത്തതും സ്വമേധയാ വിട്ടുനൽകിയതുമായ ഭൂമി ഉടമസ്ഥർക്കു തന്നെ മടക്കി നൽകണമെന്നായിരുന്നു കോടതി ഉത്തരവ്. നവംബർ അവസാനത്തോടെ ഭൂമി കൈമാറ്റം പൂർത്തിയാക്കണമെന്നും കോടതി നിർദേശമുണ്ട്. എന്നാൽ നവംബർ മധ്യത്തോടെ തന്നെ സിംഗൂരിലെ ഭൂമി കൈമാറ്റം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണു മമത ബാനർജിയുടെ നിലപാട്. ടാറ്റ മോട്ടോഴ്സാവട്ടെ സുപ്രീം കോടതി വിധിയെപ്പറ്റി വിശദ പ്രതികരണത്തിനു മുതിർന്നിട്ടുമില്ല. 

Your Rating: