Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടാറ്റ സിക്ക ജനുവരി 20ന് എത്തും

tata-zica-new Tata Zica

മാരുതി സുസുക്കിയുടെ ‘സെലേറിയൊ’, ഹ്യുണ്ടേയ് മോട്ടോറിന്റെ ‘ഐ 10’ തുടങ്ങിയവയെ നേരിടാൻ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന കോംപാക്ട് ഹാച്ച്ബാക്കായ ‘സിക്ക’യുടെ അരങ്ങേറ്റം 20ന്. എൻട്രി ലവൽ കാറായ ‘നാനോ’യ്ക്കും ഹാച്ച്ബാക്കായ ‘ബോൾട്ടി’നുമിടയിലാണു ടാറ്റ മോട്ടോഴ്സ് ‘സിക്ക’യുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ ഇടത്തരം ഹാച്ച്ബാക്കായ ‘ഇൻഡിക്ക’യ്ക്ക് അടിത്തറയാവുന്ന ‘എക്സ് സീറോ’ പ്ലാറ്റ്ഫോം ആധാരമാക്കിയാണു ‘സിക്ക’യുടെ വരവ്. പോരെങ്കിൽ ‘ഇൻഡിക്ക’യുടെ പെഡൽബോക്സും ഫയർവാളും പോലുള്ള ഘടകങ്ങൾ ‘സിക്ക’യിലും ടാറ്റ മോട്ടോഴ്സ് ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അനാവരണം ചെയ്ത ‘സിക്ക’യുടെ വിവിധ വകഭേദങ്ങൾക്ക് 3.59 ലക്ഷം രൂപ മുതൽ 5.59 ലക്ഷം രൂപ വരെയാണു വില നിശ്ചയിച്ചത്.

tata-zica-new1 Tata Zica

ഇരുനൂറോളം എൻജിനീയർമാരുടെ 36 മാസം നീണ്ട കഠിനാധ്വാനമാണു ‘സിക്ക’യായി ഫലപ്രാപ്തിയിലെത്തുന്നത്. ബ്രിട്ടീഷ് ആഡംബര ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന പുത്തൻ ശ്രേണിയിലേക്കാണ് ‘സിക്ക’ കടന്നു വരുന്നത്. ഈ കാറിനു കരുത്തേകാൻ പുത്തൻ എൻജിൻ ശ്രേണിയും കമ്പനി അവതരിപ്പിക്കുന്നുണ്ട്: 1.2 ലീറ്റർ, മൂന്നു സിലിണ്ടർ റെവോട്രോൺ പെട്രോളും 1.05 ലീറ്റർ, മൂന്നു സിലിണ്ടർ റെവോടോർക് ഡീസലും. ‘ബോൾട്ടി’നും കരുത്തേകുന്ന ഈ പെട്രോൾ എൻജിന് പരമാവധി 83.8 ബി എച്ച് പി വരെയും ഡീസൽ എൻജിന് പരമാവധി 69 ബി എച്ച് പി വരെയും കരുത്ത് സൃഷ്ടിക്കാനാവും. പോരെങ്കിൽ ഇതാദ്യമായാണു ടാറ്റ മോട്ടോഴ്സ് പൂർണമായും അലൂമിനിയത്തിൽ നിർമിച്ച എൻജിൻ അവതരിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്; ഇതുവഴി കാറിന്റെ മൊത്തം ഭാരം നിയന്ത്രിക്കാമെന്നതാണു പ്രധാന നേട്ടം.

Tata-Zica-Interior-L Tata Zica

അവതരണവേളയിൽ ‘സിക്ക’യുടെ ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാവും. എന്നാൽ വലിയ കാലതാമസമില്ലാതെ എ എം ടി ഗീയർബോക്സുള്ള ‘സീക്ക’യും വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. ‘നാനോ’യ്ക്കായി ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ‘സിക്ക’ പുറത്തെത്തുക.