Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ അശോക് ലേയ്‌ലൻഡ് ടെക്നോളജീസ് നിർത്താൻ നിസ്സാൻ

Ashok Leyland Stile Ashok Leyland Stile

സാങ്കേതികവിദ്യ വികസനത്തിനായി സ്ഥാപിച്ച സംയുക്ത സംരംഭം അവസാനിപ്പിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി, അശോക് ലെയ്‌ലൻഡിനു നോട്ടീസ് നൽകി. റോയൽറ്റിയിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണു നിസ്സാൻ അശോക് ലെയ്‌ലൻഡ് ടെക്നോളജീസിൽ നിന്ന് നിസ്സാൻ പിൻമാറാൻ ഒരുങ്ങുന്നത്. നിസ്സാനുമായുള്ള ബന്ധം വഷളായതോടെ അശോക് ലെയ്‌ലൻഡായിരുന്നു ആദ്യ വെടി പൊട്ടിച്ചത്. പങ്കാളികൾ ചേർന്നു ചെന്നൈയ്ക്കടുത്ത് ഒരഗടത്തു തുടങ്ങിയ നിർമാണശാലയിൽ കമ്പനി സ്ഥാപിച്ച ഉപകരണങ്ങൾ നിസ്സാൻ ഉപയോഗിക്കുന്നതു വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് അശോക് ലെയ്‌ലൻഡ് കാഞ്ചീപുരം ജില്ലാ കോടതിയിയെ സമീപിച്ചത്.ലഘു വാണിജ്യ വാഹന നിർമാണത്തിനായി അശോക് ലെയ്‌ലൻഡും നിസ്സാനും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭത്തിന്റെ പരാജയമാണ് ഇപ്പോൾ നിയമപോരാട്ടത്തിലെത്തുന്നത്. ഇരു കമ്പനികളും ചേർന്നു സ്ഥാപിച്ച അശോക് ലെയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസ് ചെറുട്രക്കായ ‘ദോസ്തി’നുള്ള എൻജിനുകൾ നിർമിച്ചിരുന്നത് ഒരഗടത്തെ റെനോ നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ്.

Dost Ashok Leyland Dost

ഇന്ത്യയിലും വിദേശ വിപണികളിലും വിൽക്കാനായി റെനോയും നിസ്സാനും വിവിധ മോഡലുകൾ നിർമിക്കുന്നതും ഒരഗടത്തെ ഇതേ ശാലയിൽ തന്നെ. അശോക് ലെയ്‌ലൻഡും നിസ്സാൻ മോട്ടോർ കമ്പനിയും ചേർന്നു മൊത്തം മൂന്നു സംയുക്ത സംരംഭങ്ങളാണു രൂപീകരിച്ചത്. ലഘുവാണിജ്യ വാഹന നിർമാണത്തിനുള്ള അശോക് ലെയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസിൽ അശോക് ലെയ്‌ലൻഡിന് 51% ഓഹരിയും നിസ്സാന് 49% ഓഹരിയുമാണ് ഉണ്ടായിരുന്നത്. അതേസമയം നിസ്സാൻ അശോക് ലെയ്‌ലൻഡ് പവർ ട്രെയ്നിൽ നിസ്സാനായിരുന്നു 51% ഓഹരി പങ്കാളിത്തം; ബാക്കി അശോക് ലെയ്‌ലൻഡിലും. നിസ്സാൻ അശോക് ലെയ്‌ലൻഡ് ടെക്നോളജീസിലാവട്ടെ ഇരു പങ്കാളികൾക്കും 50% വീതമായിരുന്നു ഓഹരി പങ്കാളിത്തം. ഇതിൽ നിസ്സാൻ അശോക് ലെയ്‌ലൻഡ് ടെക്നോളജീസിന്റെ പ്രവർത്തനം നിർത്തണമെന്നാണ് അശോക് ലെയ്‌ലൻഡിനുള്ള നോട്ടീസിൽ നിസ്സാൻ ആവശ്യപ്പെട്ടിരിക്കുന്നത്. റോയൽറ്റി ഇനത്തിൽ അശോക് ലെയ്‌ലൻഡ് 200 കോടിയോളം രൂപ നൽകാനുണ്ടെന്നാണ് നിസ്സാന്റെ അവകാശവാദം. ഇതോടെ സംയുക്ത സംരംഭത്തിനും അശോക് ലെയ്‌ലൻഡിനുമുള്ള സ്പെയർ പാർട്സ് വിതരണം നിർത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

നിസ്സാനുമായുള്ള പങ്കാളിത്തം വഴി നാലു വാഹനങ്ങളാണ് അശോക് ലെയ്‌ലൻഡ് അവതരിപ്പിച്ചത്: ‘ദോസ്ത്’, ‘മിത്ര, ‘പാർട്ണർ’, ‘സ്റ്റൈൽ’. നിസ്സാനാവട്ടെ ഈ സഖ്യത്തിൽ നിന്നു ‘ഇവാലിയ’ മാത്രമാണ് വിപണിലിറക്കിയത്. പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാതെ പോയതോടെ നിസ്സാൻ ‘ഇവാലിയ’ നിർമാണവും വിൽപ്പനയും നിർത്തി; പിന്നാലെ ഇതേ കാരണത്താൽ അശോക് ലെയ്‌ലൻഡും എം പി വിയായ ‘സ്റ്റൈൽ’ പിൻവലിച്ചു. വിപണിയിലുള്ള മോഡലുകളിൽ ‘ദോസ്ത്’ മാത്രമാണു മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്നത്. പങ്കാളികൾക്കിടയിലെ പ്രശ്നങ്ങൾ സൗഹാർദപൂർവം പരിഹരിക്കാനായിരുന്നു നിസ്സാനു താൽപര്യം. എന്നാൽ അശോക് ലെയ്‌ലൻഡ് നിസ്സാൻ വെഹിക്കിൾസിന്റെ പേരിൽ അശോക് ലെയ്‌ലൻഡ് കോടതിയെ സമീപിച്ചതാണു ജാപ്പനീസ് കമ്പനിയെ ചൊടിപ്പിച്ചത്. നഷ്ടത്തിലായതോടെ നിസ്സാൻ അശോക് ലെയ്‌ലൻഡ് ടെക്നോളജീസിന്റെ പ്രവർത്തനം വ്യവസായ, സാമ്പത്തിക പുനർനിർമാണ ബോർഡി(ബി ഐ എഫ് ആർ)ന്റെ പരിഗണയ്ക്കെത്തിയിരുന്നു. അറ്റ ആസ്തി ഇല്ലാതായ കമ്പനിയുടെ സഞ്ചിത നഷ്ടം 172.37 കോടി രൂപയാണ്.

Your Rating: