Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോഡൽ ത്രീ’ ബാറ്ററി പാനസോണിക്കിൽ നിന്നെന്ന് ടെസ്‌ല

tesla-model-3-1

വൻതോതിൽ വിൽക്കാൻ ലക്ഷ്യമിട്ടു വികസിപ്പിക്കുന്ന സെഡാനായ ‘മോഡൽ ത്രീ’ക്കുള്ള ബാറ്ററി ജപ്പാനിലെ പാനസോണിക് കോർപറേഷനാവും ലഭ്യമാക്കുകയെന്ന് യു എസിൽ നിന്നുള്ള ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്‌ല മോട്ടോഴ്സ്. ‘മോഡൽ ത്രീ’ക്കുള്ള ബാറ്ററി വിതരണ കരാർ കമ്പനിയുടെ കുത്തകയാവുമെന്ന് ടെസ്ല മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്ക് സൂചിപ്പിച്ചതോടെ പാനസോണിക് കോർപറേഷന്റെ ഓഹരി വിലയും ഉയർന്നു. ‘മോഡൽ ത്രീ’ക്കുള്ള ബാറ്ററിക്കായി കൊറിയയിലെ സാംസങ് എസ് ഡി ഐയുമായി ടെസ്‌ല മോട്ടോഴ്സ് ചർച്ച നടത്തുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കാറിനു പുറമെ ടെസ്‌ലയുടെ ഊർജ സംഭരണ സംവിധാനങ്ങൾക്കുള്ള ബാറ്ററികളും സാംസങ് ലഭ്യമാക്കുമെന്നായിരുന്നു വാർത്ത. ‘മോഡൽ ത്രീ’ക്ക് ആവശ്യമുള്ള ബാറ്ററികൾ ഉൽപ്പാദിപ്പിക്കാൻ പാനസോണിക്കിനും ടെസ്‌ലയ്ക്കും സാധിക്കാതെ വരുന്ന സാഹചര്യത്തിൽ സാംസങ്ങിനെ കൂടി പരിഗണിക്കുമെന്നായിരുന്നു റിപ്പോർട്ട്.

ഇതേത്തുടർന്നാണ് ‘മോഡൽ ത്രീ’ക്കുള്ള ബാറ്ററിക്കായി പാനസോണിക്കുമായി മാത്രമാണു സഹകരിക്കുന്നതെന്ന് എലോൺ മസ്ക് ട്വിറ്ററിൽ വ്യക്തമാക്കിയത്. അതേസമയം ലോകത്തിലെ എല്ലാ പ്രധാന ബാറ്ററി നിർമാതാക്കളുമായി കമ്പനി സഹകരിക്കുന്നുണ്ടെന്നും ഓരോ സപ്ലയറുമായുള്ള വികസന പദ്ധതികൾ വിശദീകരിക്കാനാവില്ലെന്നുമായിരുന്നു ടെസ്ല വക്താവിന്റെ പ്രതികരണം. ടെസ്‌ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിന്റെ ബാറ്ററി നിർമാണശാലയ്ക്കു വാഗ്ദാനം ചെയ്ത നിക്ഷേപം ആവശ്യമെങ്കിൽ നേരത്തെയാക്കാമെന്നു ജാപ്പനീസ് ഇലക്ട്രോണിക്സ് ഗ്രൂപ്പായ പാനസോണിക് കോർപറേഷൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘മോഡൽ ത്രീ’ക്കു പ്രതീക്ഷിക്കുന്ന വർധിച്ച ആവശ്യം നിറവേറ്റാനായാണു ടെസ്‌ല പുതിയ ബാറ്ററി നിർമാണശാല സ്ഥാപിക്കാൻ ഒരുങ്ങുന്നത്. മൊത്തം 500 കോടി ഡോളർ (ഏകദേശം 33295 കോടി രൂപ) ചെലവിൽ ടെസ്‌ല സ്ഥാപിക്കുന്ന ‘ഗീഗഫാക്ടറി’യിൽ ഘട്ടം ഘട്ടമായി 160 കോടി ഡോളർ (10654.39 കോടി രൂപ) നിക്ഷേപിക്കാനാണു പാനസോണിക് തീരുമാനിച്ചിരിക്കുന്നത്. അത്യാധുനിക കാർ ബാറ്ററികളുടെ നിർമാണം ഇക്കൊല്ലം തന്നെ ആരംഭിക്കാനാണു ടെസ്‌ല മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.

ടെസ്‌ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘മോഡൽ ത്രീ’ക്കുള്ള ബുക്കിങ്ങിന് ഉജ്വല വരവേൽപ്പാണു വിപണി നൽകിയത്. അതുകൊണ്ടുതന്നെ 2018നകം വാർഷിക ഉൽപ്പാദനശേഷി അഞ്ചു ലക്ഷം യൂണിറ്റോളമായി ഉയർത്താനും ടെസ്‌ല ലക്ഷ്യമിട്ടിട്ടുണ്ട്; മുമ്പ് നിശ്ചയിച്ചതിലും രണ്ടു വർഷം നേരത്തെയാണിത്.
ഉൽപ്പാദനശേഷി ഉയർത്താനായി 140 കോടി ഡോളറി(ഏകദേശം 9322.59 കോടി രൂപ)ന്റെ മൂലധനനിക്ഷേപം സമാഹരിക്കാനും ടെസ്‌ല മോട്ടോഴസ് തയാറെടുക്കുന്നുണ്ട്. വർധിപ്പിച്ച വാർഷിക ഉൽപ്പാദനലക്ഷ്യം കൈവരിക്കാനുള്ള മൂലധന സമാഹരണത്തിനായി 68 ലക്ഷം ഓഹരികൾ പൊതുജനങ്ങൾക്കു വിൽക്കുമെന്നാണു ടെസ്‌ല മോട്ടോഴ്സ് നൽകുന്ന സൂചന. അടുത്ത വർഷം ആദ്യം കാർ കൈമാറാമെന്ന പ്രതീക്ഷയിൽ 3.73 ലക്ഷത്തോളം ബുക്കിങ്ങുകളാണ് ‘മോഡൽ ത്രീ’ക്കായി ടെസ്‌ല സ്വീകരിച്ചത്. ‘മോഡൽ എസ്’, ‘മോഡൽ എക്സ്’ എന്നിവയ്ക്കൊപ്പം ‘മോഡൽ ത്രീ’ കൂടി ചേരുന്നതോടെയാവും വാർഷിക ഉൽപ്പാദനം അഞ്ചു ലക്ഷം യൂണിറ്റോളമെത്തുകയെന്നും ടെസ്‌ല മോട്ടോഴ്സ് വിശദീകരിച്ചിട്ടുണ്ട്.  

Your Rating: